കൊച്ചി: സംസ്ഥാന ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന രബീന്ദ്രോത്സവം ഇന്നും നാളെയും (ജനുവരി 14, 15) കൊച്ചിയില്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തീയറ്ററില്‍ സാംസ്കാരികമന്ത്രി കെ.സി.ജോസഫ് രണ്ടു ദിവസത്തെ ഉത്സവം ഉദ്ഘാടനം ചെയ്യും. ഫിഷറീസ് മന്ത്രി കെ.ബാബു അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മേയര്‍ ടോണി ചമ്മിണി, ഹൈബി ഈഡന് എം.എല്‍.എ എന്നിവര്‍ മുഖ്യാതിഥികളാണ്. മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ.ജയകുമാര്‍ ടാഗോര്‍ പ്രഭാഷണം നടത്തും.
ടാഗോര്‍ ഡോക്യുമെന്ററിയുടെയും പുസ്തകത്തിന്റെയും പ്രകാശനവും സാംസ്കാരിക മന്ത്രി നിര്‍വഹിക്കും. ഡപ്യൂട്ടി മേയര്‍ ബി.ഭദ്ര, ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ.എം.ആര്.തമ്പാന്, പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഉപഡയറക്ടര്‍ കെ.എസ്.സുധ, നെഹ്റു യുവകേന്ദ്ര മേഖല കോ-ഓര്‍ഡിനേറ്റര്‍ ജയിന് ജോര്‍ജ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല എന്നിവര്‍ പ്രസംഗിക്കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ മിനി ആന്റണി സ്വാഗതവും കള്‍ച്ചറല്‍ ഡവലപ്മെന്റ് ഓഫീസര്‍ എസ്.ബാഹുലേയന് നായര്‍ നന്ദിയും പറയും.
ഉച്ചയ്ക്ക് 12-ന് ഗുരുദേവ് എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ആര്യനാട് സത്യന്റെ രചനയില്‍ വി.കെ.മോഹനാണ് സംവിധാനം ചെയ്തത്. രണ്ടു മുതല്‍ ടാഗോര്‍ ഫിലിം പ്രദര്‍ശനം. വൈകിട്ട് 6.30 ന് പാര്‍ക്ക് അങ്കണത്തില്‍ അബ്രിദിത ബാനന്ജിയും സംഘവും അവതരിപ്പിക്കുന്ന രബീന്ദ്ര സംഗീതാര്‍ച്ചനയുണ്ടാകും. 7.30-ന് ടാഗോര്‍ രചന കാബൂളിവാലയുടെ നാടകാവിഷ്കാരം. തിരുവനന്തപുരം രംഗപ്രഭാത് ചില്‍ഡ്രന്‍സ് തീയറ്റര്‍ അവതരിപ്പിക്കുന്ന നാടകം സംവിധാനം ചെയ്തത് അശോക് ശശിയാണ്.
നാളെ രാവിലെ 10 മുതല്‍ ടാഗോര്‍ ഫിലിം പ്രദര്‍ശനം തുടങ്ങും. വൈകിട്ട് നാലിന് സംസ്ഥാന സ്കൂള്‍തലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ടാഗോര്‍ നാടകങ്ങളുടെ അവതരണം പാര്‍ക്ക് അങ്കണത്തില്‍ നടക്കും. തൃശൂര്‍ പുല്ലൂറ്റ് പി.കെ.രാജന് സ്മാരക ഗവ:ഹയര്‍ സെക്കന്ററി സ്കൂള്‍ ചില്‍ഡ്രന്‍സ് തീയറ്ററിന്റെ ശുഭയാണ് ആദ്യ നാടകം. തുടര്‍ന്ന് തിരുവനന്തപുരം ഇളമ്പ ഹയര്‍ സെക്കന്ററി സ്കൂള്‍ അവതരിപ്പിക്കുന്ന വേനലില്‍ വിരിഞ്ഞപൂവ് അരങ്ങേറും.
മലപ്പുറം കൊളത്തൂര്‍ ലിറ്റില്‍ എര്‍ത്ത് തീയറ്റര്‍ നാഷണല്‍ ഹൈസ്കൂളിന്റെ കടലാസുതോണി, മലപ്പുറം നീലാഞ്ചേരി ഗവ:ഹൈസ്കൂളിന്റെ ശുഭ എന്നിവയാണ് മറ്റ് രണ്ടു നാടകങ്ങള്‍. 6.30 ന് തിരുവനന്തപുരം കല ടാഗോര്‍ ചെറുകഥയുടെ നാടകാവിഷ്കാരമായ അപരിചിതോ നാടകം അവതരിപ്പിക്കും. ആര്.എസ്.മധുവാണ് സംവിധായകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: