കൊച്ചി : ചെറുത് വലുതിനു തുണയാകണം എന്ന സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടുകളാണ് ഈ കാലഘട്ടത്തിനാവശ്യമെന്ന് പ്രൊഫ. എം.കെ.സാനു പറഞ്ഞു.
സ്വാമി വിവേകാനന്ദന്റെ 150-ാം ജന്മദിനത്തോടനുബന്ധിച്ച് ബാലഗോകുലം കൊച്ചി മഹാനഗരം സംഘടിപ്പിച്ച വിശ്വം വിവേകാനന്ദം കലായാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മത്സരാധിഷ്ടിതമായ ഈ യുഗത്തില്‍ വലുതിന് ചെറുത് ഇരയാകുന്ന കാഴ്ചയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇക്കാലത്തു ധര്‍മ്മം നിലനിര്‍ത്താന്‍ സ്വാമി വിവേകാനന്ദന്റെ ഇത്തരം കാഴ്ചപ്പാടുകള്‍ക്ക് പ്രസക്തിയേറെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടിക്കാലത്ത് സ്വാമി വിവേകാനന്ദന്റെ പുസ്തകങ്ങള്‍ വായിച്ച് അതില്‍ നിന്നും ഉര്‍ജ്ജം ഉള്‍ക്കൊണ്ടിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു.
സ്വാമി വിവേകാനന്ദന് എല്ലാകാലത്തെയും പോലെ ഇന്നും പ്രാധാന്യമര്‍ഹിക്കുന്നു, ലോകത്തിന്റെ മുന്നില്‍ ഭാരതത്തിന്റെ അദ്ധ്യാത്മികചിന്ത എത്തിക്കുകയായിരുന്നു വിവേകാനന്ദന് ചെയ്തിരുന്നത് എന്ന് ജന്മഭൂമി മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന് പറഞ്ഞു.
വിവേകാനന്ദ സന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. എറണാകുളം വിവേകാനന്ദ സ്ക്വയറില്‍ നടന്ന സമ്മേളനത്തില്‍ മേഖലാ അദ്ധ്യക്ഷന്‍ ജി.സതീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കലായാത്രയില്‍ പങ്കെടുത്ത ബാലഗോകുലം അംഗങ്ങളെ കര്‍ണാടക സംഗീതഞ്ജന്‍ എന്‍.പി.രാമസ്വാമി അനുമോദിച്ചു.
ബാലഗോകുലം മാര്‍ഗ്ഗദര്‍ശി എം.എ.കൃഷ്ണന്, ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. എം.വിപിന്‍ സ്വാഗതവും പി.എം.രഞ്ജിത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ബാലഗോകുലം അംഗങ്ങള്‍ വിശ്വം വിവേകാനന്ദം നൃത്തശില്പം അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: