കൊച്ചി: കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ടി.എല്‍. വിശ്വനാഥ അയ്യര്‍(81) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. ഉച്ച മുതല്‍ ചിറ്റൂര്‍ റോഡിലെ വസതിയായ ബാലാനന്ദഭവനില് പൊതുദര്‍ശനത്തിന് വെച്ച മൃതദേഹം വൈകീട്ട് രവിപുരം ശ്മശാനത്തില്‍ സംസ്കരിച്ചു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍ ഉള്‍പ്പെടെയുള്ള ഹൈക്കോടതി ജഡ്ജിമാര്‍, മന്ത്രി കെ. ബാബു, റിട്ട. ജസ്റ്റിസ് വി ആര് കൃഷ്ണയ്യര്‍, ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്, സി.ജി. രാജഗോപാല്‍, ജസ്റ്റിസ് കെ.എസ്. പരിപൂര്ണന്, ജസ്റ്റിസ് ആര്. ഭാസ്കരന്, ജസ്റ്റിസ് പി.ആര്. രാമന്, ജസ്റ്റിസ് സിരിജഗന്, ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്, ജസ്റ്റിസ് ജെ.ബി. കോശി, ജസ്റ്റിസ് നാരായണക്കുറുപ്പ്, മുന്‍ അഡ്വക്കേറ്റ് ജനറല്‍ സി.പി. സുധാകരപ്രസാദ്, സി. ശ്രീധരന്‍നായര്‍, അഡ്വ. എന്‍. നഗരേഷ്, അഡ്വ. ബി. രാജേഷ്, ഭാരതീയ വിദ്യാഭവന് ഡയറക്ടര്‍ ഇ. രാമന്‍കുട്ടി തുടങ്ങി നിരവധി പ്രമുഖര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചു.
കോഴിക്കോട്ടെ പ്രമുഖ അഭിഭാഷകനായിരുന്ന ടി.കെ. ലക്ഷ്മണ അയ്യരുടെ മകനായ വിശ്വനാഥ അയ്യര്‍ 1956ല്‍ മുന്‍ അഡ്വക്കറ്റ് ജനറല്‍ കെ.വി. സൂര്യനാരായണ അയ്യരുടെ കീഴിലാണു പ്രാക്ടീസ് തുടങ്ങിയത്. മികച്ച അഭിഭാഷകനെന്നു പേരെടുത്തു. നികുതിനിയമങ്ങളില്‍ അഗാധ പാണ്ഡിത്യമുള്ള ഇദ്ദേഹം ഒട്ടേറെ സ്ഥാപനങ്ങളുടെ നിയമോപദേഷ്ടാവായിരുന്നു.
1986 സെപ്തംബര്‍ 8 ന് കേരള ഹൈക്കോടതിയില്‍ ജഡ്ജിയായി സത്യപ്രതിജ്ഞയെടുത്തു. ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ തന്നെ പ്രഗല്ഭനായ ജഡ്ജിയെന്ന ഖ്യാതി നേടി. 1994 നവംബര്‍ 11ന് ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ശേഷവും നിയമവേദികളില്‍ വിശ്വനാഥയ്യര് നിറഞ്ഞുനിന്നു. തുടര്‍ന്ന് സുപ്രീം കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം 2010വരെ ഡല്‍ഹിയായിരുന്നു. 2010ല്‍ കൊച്ചിയില്‍ തിരിച്ചെത്തിയ വിശ്വനാഥയ്യര് സാമൂഹ്യ പ്രവര്‍ത്തനരംഗത്ത് സജീവമായി. ബാലഗോകുലത്തിന്റെയും മറ്റ് ഹൈന്ദവ പ്രസ്ഥാനങ്ങളുടെയും പരിപാടികളില്‍ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. മികച്ച അധ്യാപകന് കൂടിയായ അദ്ദേഹം ഭാരതീയ വിദ്യാഭവന്റെ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. രസികപ്രിയ എന്ന സംഘടനയുടെ ചുക്കാന്‍ പിടിച്ച ഇദ്ദേഹം രാമകൃഷ്ണസേവാശ്രം ഉള്‍പ്പെടെ സംഘടനകളുടെ നേതൃനിരയിലുണ്ടായിരുന്നു. ഗ്രാമജനസമൂഹം പ്രസിഡണ്ടായിരുന്നു. ഫുട്ബോള്‍, ടെന്നിസ്, സംഗീതം തുടങ്ങിയവ ഇഷ്ടവിഷയങ്ങളായ ഇദ്ദേഹം പ്രീമിയര്‍ സ്വാന്റോണ്സ് ക്രിക്കറ്റ് ക്ലബ് പ്രസിഡന്റായും പ്രവര്‍ത്തിച്ചു.
വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതിനെ തുടര്‍ന്ന് മൂന്നാഴ്്ച മുമ്പാണ് അദ്ദേഹത്തെ എറണാകുളം ലേക്ഷോര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭാര്യ: ആര്. വിജയലക്ഷ്മി വിശ്വനാഥന്. മക്കള്‍: ടി.വി. ലക്ഷ്മണന് (യു. എസ്), രാമനാരായണന്‍ (ബിസിനസ്), സുലോചന (യുഎസ്). മരുമകന്: വാസുദേവന്‍(യുഎസ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: