തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതി പൂര്‍ണമായി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വ്യത്യസ്തമായ സമരരീതി. മുടിമുറിച്ചും മൊട്ടയടിച്ചും നടത്തിയ സമരപരിപാടി നടന് സുരേഷ്ഗോപി മുടിമുറിച്ചുകൊണ്ടാണ് ഉദ്ഘാടനം ചെയ്തത്. വിഴിഞ്ഞം മദര്‍പോര്‍ട്ട് ആക്ഷന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ വിഴിഞ്ഞം തുറമുഖ പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് സ്വകാര്യ സംരഭകരെ ഒഴിവാക്കണമെന്നും പദ്ധതി നിര്‍മ്മാണം പൂര്‍ണമായും പൊതുമേഖലയിലാക്കണമെന്നും ആവശ്യപ്പെട്ട് നടത്തിയ സമരപരിപാടിയിലാണ് മുടിമുറിക്കല്‍ നടന്നത്. കഴിഞ്ഞദിവസം ആന്ധ്ര സര്‍ക്കാര്‍ മുടികയറ്റുമതി ചെയ്തതിലൂടെ 1500 കോടി നേടിയിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് സര്‍ക്കാരിന് പണമില്ലെങ്കില്‍ കേരളത്തിലെ ജനങ്ങളുടെ മുടി മുറിച്ചുവിറ്റെങ്കിലും പണം കണ്ടെത്തണമെന്ന പ്രതീകാത്മക സന്ദേശമാണ് മുടിമുറിക്കലിലൂടെ സംഘടന മുന്നോട്ടുവച്ചത്. വിഴിഞ്ഞം ജനങ്ങള്‍ക്കുവേണ്ടിയുള്ള സ്വപ്നപദ്ധതിയാകണമെന്നും സര്‍ക്കാര്‍ ചെലവില്‍ തന്നെ പദ്ധതി കൊണ്ടുവരണമെന്നും സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് നടന് സുരേഷ്ഗോപി പറഞ്ഞു. സ്വകാര്യ സംരഭകര്‍ വരുമ്പോള്‍ പല ബുദ്ധിമുട്ടുകളും ഉണ്ടാകാനിടയുണ്ട്. ഇത് മറികടക്കാന്‍ സര്‍ക്കാര്‍ തന്നെ പൂര്‍ണ്ണമായി നിക്ഷേപം നടത്തണമെന്നും സുരേഷ്ഗോപി ആവശ്യപ്പെട്ടു. സമിതി പ്രസിഡന്റ് ഏലിയാസ് ജോണ്‍, സെക്രട്ടറി വില്‍ഫ്രഡ് കുലാസ്, ക്യാമ്പയില്‍ കമ്മിറ്റി കണ്‍വീനര്‍ പ്രൊഫ.സി.ജയചന്ദ്രന്, സമിതി കണ്‍വീനര്‍ ബെന്നി എന്നിവര്‍ സമരപരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: