തിരുവനന്തപുരം: സ്വാമി വിവേകാനന്ദനെ അവതാരപുരുഷനാക്കി ഉയരങ്ങളില്‍ പ്രതിഷ്ഠിക്കുകയല്ല നമ്മുടെ നിത്യജീവിതത്തിലേക്ക് ആവാഹിച്ച് സ്വാമിജിയുടെ വിശിഷ്ട ഗുണങ്ങളെ സ്വാംശീകരിക്കുകയാണ് ഭാരതത്തിന്റെ നവനിര്‍മ്മാണത്തിന് ആവശ്യം എന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. ശംഖുമുഖത്ത് വിവേകാനന്ദ സാര്‍ദ്ധശതി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ടുള്ള യുവശക്തി സംഗമത്തില്‍ ആയിരക്കണക്കിന് യുവതീയുവാക്കളോടായി മുഖ്യപ്രഭാഷണത്തില്‍ അദ്ദേഹം ആഹ്വാനം ചെയ്തു. വിവേകാനന്ദ ജയന്തി ആഘോഷങ്ങള്‍ ഇവിടെ അവസാനിക്കുന്നില്ല. ഉണരൂക, എഴുന്നേല്ക്കുക,ലക്ഷ്യപ്രാപ്തിവരെ മുന്നേറുക എന്ന സ്വാമിയുടെ ആഹ്വാനത്തെ മുദ്രാവാക്യമാക്കി ലക്ഷ്യപ്രാപ്തിവരെ മുന്നോട്ടുള്ള പ്രയാണം തുടന്നുകൊണ്ടേയിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
കഴിഞ്ഞകാല മഹിമകളെ അതിശയിപ്പിക്കുന്ന ഒരു ഭാവി ഭാരതത്തിന്റെ സൃഷ്ടിയാണ് സ്വാമിജി വിഭാവനം ചെയ്തത്. യുവാക്കളിലൂടെ മാത്രമേ ആ സ്വപ്നം സാക്ഷാത്കരിക്കുവാനാകൂ എന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചിരുന്നുവെന്നും അതുകൊണ്ടാണ് നിങ്ങളിലാണ് തന്റെ ആശ മുഴുവന്‍ സമര്‍പ്പിക്കുന്നതെന്ന് സ്വാമി തുറന്നടിച്ചത്. കരുത്തും സ്വഭാവശുദ്ധിയും ദേശഭക്തിയും അര്‍പ്പണബോധവും ധ്യേയനിഷ്ഠയുമുള്ള യുവ സഹസ്രങ്ങള്‍ ഭാരതത്തി ലുടനീളം സഞ്ചരിച്ച് പാവപ്പെട്ടവര്‍ക്കും നിരക്ഷര്‍ക്കും ഗ്രാമീണര്‍ക്കും വനവാസികള്‍ക്കും മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കണമെന്നും സ്വാമി വിവേകാനന്ദന് ആഹ്വാ നം ചെയ്തു.
താത്കാലികവും പ്രതിക്രിയാത്മകവുമായ പ്രക്ഷോഭങ്ങള്‍ കൊണ്ട് സ്ഥായിയായ പരിവര്ത്തനമുണ്ടാവുകയില്ല. പരിശുദ്ധി, സ്ഥിരോത്സാഹം, മാതൃഭൂമിയോടുള്ള അദമ്യമായ സ്നേഹം എന്നിവയുള്ള യുവാക്കളിലാണ് സ്വാമിജി തന്റെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നത്. ഇന്ന് ഭാരതം നേരിടുന്ന വെല്ലുവിള ലഭിച്ച സ്വാതന്ത്ര്യം കാത്തുസൂക്ഷിക്കാനാകുമോ എന്നതാണ് വെല്ലുവിളി. അതേറ്റെടുക്കേണ്ടത് സംഘടിതമായ യുവശക്തിയാണ്. ലക്ഷക്കണക്കിന് യുവതീയുവാക്കളുടെ സംഘടിതമായ മുന്നേറ്റവും ലക്ഷ്യപ്രാപ്തിവരെ വിശ്രമിക്കാത്ത ഭാഗീരഥ പ്രയത്നവും ഭീഷ്മപ്രതിജ്ഞയും ഭീമപരാക്രമവുമായിരിക്കട്ടെ യുവാക്കളുടെ പ്രേരണാശക്തിയെന്ന് പി. പരമേശ്വരന് ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: