കോഴിക്കോട്: വാര്‍ഷിക പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിക്കേണ്ട അവസാനഘട്ടത്തിനിടെ തദ്ദേശസ്വയംഭരണ വകുപ്പില്‍ നിന്ന് ക്ലാര്‍ക്കുമാരെ കൂട്ടത്തോടെ മാറ്റുന്നു.
178 ക്ലാര്‍ക്കുമാരടക്കം 235 മിനിസ്റ്റീരിയില്‍ ജീവനക്കാരെയാണ് സര്‍ക്കാര്‍ അവരുടെ മാതൃവകുപ്പിലേക്ക് തിരിച്ചയക്കുന്നത്.പട്ടിക ഇപ്രകാരം:യുഡി ക്ലാര്‍ക്ക്-63,എല്‍ഡി-115,സീനിയര്‍ ഗ്രേഡ് ടൈപ്പിസ്റ്റ്-3,യുഡി ടൈപ്പിസ്റ്റ്-13,എല്‍ഡി ടൈപ്പിസ്റ്റ്-5,പ്യൂണ്‍-33,ഡ്രൈവര്‍-3.ഇത് സംബന്ധിച്ച് തദ്ദേശസ്വയംഭരണവകുപ്പ് (എല്‍എസ്ജിഡി) ചീഫ് എന്‍ജിനീയര്‍ ഈ മാസം ഏഴിനാണ് ഉത്തരവ് പുറത്തിറക്കിയത്. പൊതുമരാമത്ത്, ജലവിഭവം എന്നീ വകുപ്പുകളില്‍ നിന്ന് എല്എസ്ജിഡിയിലേക്ക് പുനര്‍ വിന്യസിച്ചവരെയാണ് തിരിച്ചയക്കുന്നത്. പിഎസ്സി വഴി നിയമനം നേടിയവരോ, പൊതുമരാമത്ത്/ജല വിഭവ വകുപ്പില്‍ നിന്നുള്ള പുതിയ പകരക്കാരോ എല്‍എസ്ജിഡിയില്‍ എത്തുന്ന മുറയ്ക്ക് തിരിച്ചയക്കല്‍ നടപടി ആകാമെന്ന് ഉത്തരവില്‍ പറയുന്നുണ്ടെങ്കിലും അടുത്ത മാസം മൂന്നോടെ ഈ നടപടി പീര്ത്തിയാക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി നാല് മുതല്‍ ഇവരുടെ ശമ്പളം പൊതുമരാമത്ത്/ജലവിഭവ വകുപ്പുകളില്‍ നിന്നായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ജീവനക്കാരെ വിടുതല്‍ ചെയത് അയക്കാന്‍ കണ്ട്രോളിംഗ് ഓഫീസര്‍മാരെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
2003 മുതല്‍ തദ്ദേശസ്വയംഭരണ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെയാണ് ഇപ്പോള്‍ ധൃതിപിടിച്ച് പറഞ്ഞ് വിടുന്നത്. എന്‍ജിനീയറിംഗ് വിംഗ് എന്ന സാങ്കേതിക വിഭാഗം കൂടി ഉള്‍പ്പെടുന്ന എല്‍എസ്ജിഡിയില്‍ വേണ്ടത്ര പ്രവൃത്തിപരിചയമുള്ളവരാണ് ഈ ജീവനക്കാര്‍. ഇവര്‍ വകുപ്പ് വിടുന്നതും പകരം പരിചയക്കുറവുള്ളവര്‍ ഇവിടേക്ക് വരുന്നതും പ്രവര്‍ത്തനത്തെ തളര്‍ത്തും. പ്രത്യേകിച്ചും 2013-14 സാമ്പത്തിക വര്‍ഷത്തെ വികസന പദ്ധതി നിര്‍വ്വഹണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കെ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വികസന പദ്ധതി സാക്ഷാത്ക്കാരത്തിന് മുഖ്യപങ്ക് വഹിക്കുന്നവരാണ് എന്‍ജിനീയര്‍മാര്‍. ഇവരെ സംബന്ധിച്ച് വൈദഗ്ധ്യമുള്ള ക്ലാര്‍ക്കുമാരുടെ സേവനം ഒഴിച്ച് കൂടാന്‍ പറ്റാത്തതാണ്. പഞ്ചായത്തുകളിലെ വികസന പ്രവൃത്തിക്കുള്ള കരാര്‍ വെയ്ക്കുന്നത് മുതല്‍ ബില്‍ ട്രഷറിയില്‍ സമര്‍പ്പിക്കും വരെയുള്ള സുപ്രധാന കാര്യങ്ങള്‍ ചെയ്യുന്നവരാണ് ക്ലാര്‍ക്കുമാര്‍.
പദ്ധതി നിര്‍വ്വഹണം പൂര്‍ത്തീകരിക്കേണ്ട മാര്‍ച്ച് 31ഓടെ എല്‍എസ്ജിഡിയില്‍ തിരക്കിട്ട ജോലികളായിരിക്കും. ഈ നിര്‍ണായക ഘട്ടത്തില്‍ തന്നെ ദീര്‍ഘകാലം പ്രവൃത്തി പരിചയമുള്ള ക്ലാര്‍ക്ക്മാരെ ഈ വകുപ്പില്‍ നിന്ന് മാറ്റുന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കും. ഇവര്‍ക്ക് പകരം വരുന്നവരുടെ പരിചയക്കുറവ് എന്‍ജിനീയര്‍മാരുടെ ജോലി ഭാരം കൂട്ടും. മാത്രവുമല്ല പകരക്കാര്‍ സമയബന്ധിതമായി എല്‍എസ്ജിഡിയില്‍ ജോലിയില്‍ പ്രവേശിക്കുമോയെന്നും സംശയമുണ്ട്. കാരണം മറ്റേത് വകുപ്പിനേക്കാളും ജോലി ഭാരവും സമ്മര്ദ്ദവുമുള്ളതാണ് ഈ വകുപ്പ്.
എല്‍എസ്ജിഡിയില്‍ പദ്ധതി നിര്‍വ്വഹണത്തിന്റെ ചുക്കാന്‍ പിടിക്കുന്ന എന്‍ജിനീയറിംഗ് വിംഗ് രൂപീകരിച്ചതോടെയാണ് പൊതുമരാമത്ത്/ ജലവിഭവം വകുപ്പുകളില്‍ നിന്ന് എന്ജിനീയര്മാരെയും മിനിസ്റ്റീരിയില്‍ ജീവനക്കാരെയും ഇവിടേക്ക് പുനര്‍വിന്യസിച്ചത്.
മാതൃവകുപ്പുകളിലേക്ക് തിരിച്ചു പോകണമെന്ന് ഇവര്‍ അതോടെ ആവശ്യപ്പെടാനും തുടങ്ങി. ഈ ആവശ്യം കൂടി പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് പറയുന്നു.
എന്നാല്‍ പദ്ധതി നിര്‍വ്വഹണം പൂര്‍ത്തിയാക്കേണ്ട സമയത്ത് തന്നെ പുറത്തിറക്കിയ ഈ ഉത്തരവില്‍ അസ്വാഭാവികതയുണ്ടെന്നും മാതൃവകുപ്പിലേക്കുള്ള ജീവനക്കാരുടെ തിരിച്ചയക്കല്‍ മാര്‍ച്ചിന് ശേഷം ആക്കേണ്ടിയിരുന്നുവെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
എം.കെ. രമേഷ്കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: