ശബരിമല: കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗ തറയില്‍ ചായം പൂശിയത് തന്ത്രിയുടെ എതിര്‍പ്പിനെ അവഗണിച്ച്. ദേവനോളം തന്നെ പ്രധാന്യമുള്ള കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗത്തറയില്‍ ചായം പൂശിയതുമൂലം കൊടിമരത്തിനുണ്ടായ ന്യൂനതകള്‍ പരിഹരിക്കണമെന്ന തന്ത്രിയുടെ നിര്‍ദേശം രണ്ടു വര്‍ഷം കഴിഞ്ഞിട്ടും പാലിക്കപ്പെട്ടിട്ടില്ല.
ശ്രീകോവിലിന് മുന്നില്‍ സ്ഥാപിച്ചിട്ടുള്ള സ്വര്‍ണ ക്കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗത്തറയും അഷ്ഠദ്വിഗ്പാലക പ്രതിഷ്ഠകളും രാസപദാര്‍ഥം ഉപയോഗിച്ച് ചായം പൂശുന്നത് തെറ്റാണെന്നും ഇത് ദേവഹിതത്തിന് എതിരാണന്നും തന്ത്രി അഭിപ്രായപ്പെട്ടിരുന്നു. തന്ത്രിയുടെ അഭിപ്രായത്തെ മറികടന്ന് എടുത്ത തീരുമാനത്തില്‍ തന്ത്രി കണ്ഠരര് മഹേശ്വരര് 2012ല്‍ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസറെ രേഖാമൂലം തന്റെ പ്രതിഷേധം അറിയിച്ചിരുന്നു. ഇങ്ങനെ ചായം പൂശിയതിനെ തുടര്‍ന്ന് ദേവന്റെ ചൈതന്യത്തിന് ക്ഷതം സംഭവിച്ചിട്ടുണ്ട്. 2011 ലാണ് ചെന്നൈയിലെ പ്രമുഖ വ്യാവസായിയെക്കൊണ്ട് ദേവസ്വം ബോര്‍ഡ് സ്വര്‍ണക്കൊടിമരത്തിന് ചായം പൂശിച്ചത്. എന്നാല്അന്നേ സംഭവം വിവാദമാകുകയും വ്യാപക പ്രതിഷേധമുയരുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ദേവസ്വം ഓംബുഡ്സ്മാന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ ഉയര്‍ന്ന കോടതി ദേവസ്വം വിജിലന്‍സ് എസ് പി യോട് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്കുവാന് ആവശ്യപ്പെട്ടു.
വളരെ വേഗത്തില്‍ അന്വേഷണം നടത്തി ഉദ്യോഗസ്ഥന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും കാരണക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് മാത്രമല്ല റിപ്പോര്‍ട്ട് പൂഴ്ത്തിവെയ്ക്കുകയും ചെയ്തു. ക്ഷേത്രമര്യാദകള്‍ പാലിക്കാതെ ദേവഹിതം നോക്കാതെ പേരിനും പ്രശസ്തിക്കും വേണ്ടി വ്യവസായികളും വ്യക്തികളും നല്കുന്ന ഇത്തരത്തിലുള്ള ഓഫറുകള്‍ നടപ്പിലാക്കുമ്പോള്‍ നഷ്ടമാകുന്നത് ആചാരത്തിന്റേയും അനുഷ്ഠാനത്തിന്റേയും പൂര്‍വ്വികര്‍ വ്യവസ്ഥ ചെയ്യതിരുന്ന മൂല്യങ്ങളും കണക്കുകളുമാണെന്ന് ക്ഷേത്ര ഭരണകര്‍ത്താക്കള്‍ അറിഞ്ഞിരിക്കണം. കൊടിമര പ്രതിഷ്ഠകള്‍ ഉള്ള നിരവധി ക്ഷേത്രങ്ങള്‍ സംസ്ഥാനത്ത് ഉണ്ട്.ഇവിടെയെല്ലാം കൊടിമരത്തിന്റെ സംരക്ഷണത്തിന് പഞ്ചലോഹമോ ചെമ്പ് തകിട് പാകുകയോ അല്ലാതെ ചായം പൂശാറില്ല.
പ്രധാന ദേവന്റെ കൊടിമരത്തിന്റെ പഞ്ചവര്‍ഗ്ഗത്തറയില്‍ ചായം പൂശിയതിനെ തുടര്‍ന്ന് ഉണ്ടായ ദോഷങ്ങള്‍ പരിഹരിക്കാതെയാണ് ഇപ്പോള്‍ വാസ്തു സദസ് നടത്തി സന്നിധാനത്തേയും മാളികപ്പുറം ക്ഷേത്രത്തിന്റേയും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചിരിക്കുകയാണ്.
സന്നിധാനത്തെയും മാളികപ്പുറത്തെയും മാറ്റങ്ങള്‍ സംബന്ധിച്ച് വാസ്തു സദസിന്റെ തീരുമാനങ്ങള്‍ ഇതുവരെ തന്ത്രിയെ അറിയിച്ചിട്ടില്ലന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. ഇതിന്റേകൂടെ അടിസ്ഥാനത്തിലാണ് ദേവഹിതം നോക്കാതെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന് തന്ത്രി കണ്ഠരര് മഹേശ്വരര് ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ക്ക് വിശദമായ കത്ത് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: