കക്കട്ട് (കോഴിക്കോട്): മകന് നഷ്ടപ്പെട്ട അച്ഛനമ്മമാര്‍ക്ക് സാന്ത്വനമേകിയും പശ്ഛിമഘട്ടനിരയിലെ അനധികൃത ക്വാറികള്‍ക്കെതിരെ സമരംചെയ്യുന്നവര്‍ക്ക് ആത്മവിശ്വാസമേകിയും കുമ്മനം രാജശേഖരന്, മാധവഗാഡ്ഗില്‍ കമ്മിറ്റി അംഗം ഡോ. വി.എസ് വിജയന്, സി.ആര് നീലകണ്ഠന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം നിട്ടൂര്‍, കൈവേലി പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഘം കൊല്ലപ്പെട്ട നിട്ടൂര്‍ വെള്ളൊലിപ്പില്‍ അനൂപിന്റെ വീട്ടിലെത്തിയത്. മകന് നഷ്ടപ്പെട്ട ദു:ഖം താങ്ങാനാവാതെ കരയുന്ന അമ്മ സുശീലയെ ഡോ.വി.എസ്.വിജയന്റെ ഭാര്യ ലളിതാവിജയന് സമാശ്വസിപ്പിച്ചു. “മകന് നഷ്ടപ്പെട്ട ദുഃഖം താങ്ങാന്‍ പറ്റില്ലെന്നറിയാം. എന്നാല്‍ കേരളത്തിലെ ആയിരക്കണക്കിനാളുകളുടെ പിന്‍ബലവും സഹായവും നിങ്ങള്ക്കുണ്ടാകുമെന്നറിയിക്കാനാണ് ഞങ്ങള്‍ വന്നത്”. കുമ്മനം രാജശേഖരന് അനൂപിന്റെ അച്ഛന് കണാരനെ സമാശ്വസിപ്പിച്ചുകൊണ്ടറിയിച്ചു.
അനൂപിന്റെ പണി തീരാത്ത വീടും അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലവും സന്ദര്‍ശിച്ചതിനുശേഷം കഴിഞ്ഞ ദിവസം തകര്‍ക്കപ്പെട്ട വാസുവിന്റെ വീടും സംഘം സന്ദര്‍ശിച്ചു.
കര്‍ഷകരെയോ ആദിവാസികളെയോ ദ്രോഹിക്കുന്ന തരത്തില്‍ ഒരു പരാമര്‍ശവും ഗാഡ്ഗില്‍ കമ്മീഷന് റിപ്പോര്‍ട്ടിലില്ലെന്നും കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും പരമാധികാരം നല്കുന്ന പുത്തന്‍ ജനാധിപത്യസംവിധാനമാണ് ഗാഡ്ഗില്‍ നിര്‍ദ്ദേശങ്ങളെന്നും കമ്മീഷന് അംഗം ഡോ. വി.എസ്. വിജയന് പറഞ്ഞു. യഥാര്‍ത്ഥ ജനാധിപത്യം പുലര്‍ന്നുകാണുന്നതില്‍ ഈര്ഷ്യയുള്ളവരാണ് ഇത്തരം കൊലപാതകങ്ങള്‍ നടത്തുന്നത്. കേരളത്തിന്റെ ഭരണചക്രം തിരിക്കുന്നത് കോര്‍പ്പറേറ്റുകളും മാഫിയകളുമാണെന്നും പല അന്വേഷണങ്ങളും പാതിവഴിയില്‍ നിന്നുപോവുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അനൂപിനെ ആശ്രയിച്ച് ജീവിച്ചിരുന്ന മാതാപിതാക്കള്‍ക്ക് ശേഷിക്കുന്ന കാലം മാന്യമായി ജീവിക്കാനുള്ള തുക സര്‍ക്കാര്‍ നഷ്ടപരിഹാരം പ്രഖ്യാപിക്കണം. സര്‍ക്കാര്‍ പ്രതിനിധികള്‍ അനൂപിന്റെ വീട് സന്ദര്‍ശിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പശ്ചിമഘട്ട സംരക്ഷണ ധര്‍ണക്കിടെ കൈവേലിയില്‍ ഖാനനമാഫിയയും സിപിഎമ്മുകാരും കൊലപ്പെടുത്തിയ നിട്ടൂരിലെ അനൂപിന്റെ കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചന, സാമ്പത്തിക സ്രോതസ്, ഉന്നതബന്ധങ്ങള്‍ എന്നിവ വെളിച്ചത്തുകൊണ്ടുവരാന്‍ ഉന്നതതലത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും കുടുംബത്തിന് മതിയായ നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കണമെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
ഇത് ഒരു മനഷ്യാവകാശലംഘനമാണ്. മാഫിയയുടെ കരങ്ങളിലാണ് അധികാരം നിലനില്‍ക്കുന്നത്. ജീവിക്കാനുള്ള സ്വാതന്ത്ര്യം, ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം, പ്രകൃതിസംരക്ഷണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടാനുള്ള സ്വാതന്ത്ര്യം എന്നിവ നിലനില്‍ക്കേണ്ടുന്ന സമൂഹത്തില്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പട്ടികജാതിയില്‍പെട്ട യുവാവിനെ പോലീസിനെയും ജനങ്ങളെയും സാക്ഷിനിര്‍ത്തി മാഫിയകള്‍ കൊലചെയ്തത് കേരളത്തില്‍ ഇദംപ്രഥമമായിരിക്കും, അദ്ദേഹം പറഞ്ഞു.
ഖാനന മാഫിയകളുടെ ബോംബേറിലും കല്ലേറിലും കൊലചെയ്യപ്പെട്ട നിട്ടൂരിലെ അനൂപ് ഒരു പ്രതീകമാണെന്നും അദ്ദേഹത്തിന്റെ രക്തസാക്ഷിത്വം കേരളത്തിലെ പരിസ്ഥിതി സംരക്ഷണ സമരങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നതാണെന്നു സി.ആര്.നീലകണ്ഠന് പറഞ്ഞു. സംഭവം സമാനതകളില്ലാത്തതാണെന്നും പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഫലമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അനൂപിന്റെ ഈ രക്തസാക്ഷിത്വം ഇത്തരം മാഫിയകളുടെ അവസാനത്തിന്റെ ആരംഭമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കേരളം ഒന്നടങ്കം അനൂപിന്റെ കുടുംബത്തോടൊപ്പം ഉണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകരുടെ മനസ്സില്‍ അനശ്വരമായി നിലനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നരിപ്പറ്റ പഞ്ചായത്തിലെ ആറാം വാര്‍ഡിലെ തരിപ്പ മലയാണ് പിന്നീട് സംഘം സന്ദര്‍ശിച്ചത്. സ്ഥലവാസികളോട് സംഘം വിവരങ്ങള്‍ ആരാഞ്ഞു. പിന്നീട് അനൂപ് കൊലചെയ്യപ്പെട്ട കൈവേലിയിലും സംഘം സന്ദര്‍ശനം നടത്തി.
പ്രകൃതിസംരക്ഷണ വേദി സംസ്ഥാന കണ്‍വീനര്‍ എന്‍.എം.ജയചന്ദ്രന്, ഹിന്ദുഐക്യവേദി ജില്ലാ ട്രഷറര്‍ ദാമോദരന്‍ കുന്നത്ത്, താലൂക്ക് പ്രസിഡന്റ് കെ.സദാനന്ദന്, സെക്രട്ടറി സി.പി.കൃഷ്ണന്, ബിജെപി ജില്ലാ ജനറല്‍സെക്രട്ടറി എം.പി.രാജന് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: