തിരുവനന്തപുരം: കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ പട്ടികജാതി ജനതയോട് വഞ്ചനകാണിച്ചതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്. പട്ടികജാതി-വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്ന പദ്ധതികള്‍ അവരിലെത്താതെയും അവരുടെ ആനുകൂല്യങ്ങള്‍ തട്ടിയെടുത്തും അവരെ ചൂഷണം ചെയ്യുന്ന സമീപനമാണ് പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതിമോര്‍ച്ച സംസ്ഥാന സമിതി സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജസ്റ്റിസ് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നും പട്ടികജാതി വിഭാഗങ്ങള്‍ക്ക് ഭൂമി, വീട്, വിദ്യാഭ്യാസം, തൊഴില്‍ എന്നീ അവകാശങ്ങള്‍ അംഗീകരിക്കണമെന്നുമാവശ്യപ്പെട്ട് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് പട്ടികജാതി മോര്‍ച്ച സെക്രട്ടറിയേറ്റ് സത്യഗ്രഹം സംഘടിപ്പിച്ചത്.
കേരളം മാറിമാറി ഭരിക്കുന്ന സര്‍ക്കാരുകളും കേന്ദ്ര ഭരണാധികാരികളും പട്ടികജാതി ജനതയെ രണ്ടാംകിട പൗരന്മാരായാണ് പരിഗണിക്കുന്നത്. അവരുടെ ജീവിതവും സംസ്കാരവും ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍ ജീവിതം നയിക്കുന്ന അവരുടെ കൃഷിയിടങ്ങളും അറിവുകളുമെല്ലാം ഇല്ലായ്മ ചെയ്യുന്നു. പട്ടികജാതിക്കാര്‍ക്ക് കൃഷി ചെയ്യാന്‍ ഒരേക്കര്‍ ഭൂമി നല്കാന് സര്‍ക്കാര്‍ തയ്യാറാകണമെന്ന് എ.എന്‍.രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
കോര്‍പ്പറേറ്റ് മുതലാളിമാരില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും നല്‍കണം. വിദ്യാഭ്യാസ മേഖലയെ സമ്പന്ന വര്‍ഗ്ഗക്കാര്‍ക്കായി സര്‍ക്കാര്‍ തീറെഴുതിക്കൊടുത്തിരിക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസ തലം മുതല്‍ ഉന്നത വിദ്യാഭ്യാസരംഗം വരെയുള്ള മേഖലകളില്‍ പട്ടികജാതിക്കാര്‍ കടന്നുവരാതിരിക്കാനുള്ള ആസൂത്രിത ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംവരണം പട്ടികജാതിക്കാരന്റെ ഭരണഘടനാപരമായ അവകാശമാണ്. രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിലൂടെ സംവരണം അട്ടിമറിക്കാനും കവര്‍ന്നെടുക്കാനുമുള്ള നീക്കമാണ് നടക്കുന്നതെന്ന് എ.എന്‍.രാധാകൃഷ്ണന് പറഞ്ഞു.
പട്ടികജാതിക്കാരെ വീണ്ടും കോളനികളില്‍ തളയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് രാധാകൃഷ്ണന് ആരോപിച്ചു. ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പട്ടികജാതി വഞ്ചനയാണ്. പട്ടികജാതിക്കാര്‍ക്ക് സ്വകാര്യമേഖലയില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നതിന് നിയമം നടപ്പിലാക്കണം. സര്‍ക്കാര്‍ ജോലികളില്‍ സംവരണ തത്വം പാലിക്കണം. പട്ടികജാതിക്കാര്‍ക്ക് സ്പെഷ്യല്‍ റിക്രൂട്ട്മെന്റ് നടപ്പിലാക്കണമെന്നും രാധാകൃഷ്ണന് ആവശ്യപ്പെട്ടു.
പട്ടികജാതിമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട് അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.സുരേന്ദ്രന്, കെ.പി.ശ്രീശന്, ഭാരവാഹികളായ പി.എം.വേലായുധന്, ഡോ.പി.പി.വാവ, അഡ്വ.ജെ.ആര്.പദ്മകുമാര്‍, വി.ശിവന്‍കുട്ടി, എം.ടി.രമേശ്, ജില്ലാ പ്രസിഡന്റ് അഡ്വ.എസ്.സുരേഷ്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.സുധീര്‍, ചെമ്പഴന്തി ഉദയന്‍ എന്നിവരും സംസാരിച്ചു. പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി സി.എ.പുരുഷോത്തമന്, എസ്.കെ.ചന്ദ്രന്, രമേശ്കാവിമറ്റം, കെ.അശോക് കുമാര്‍, രേണുസുരേഷ്, ബി.കെ.പ്രേമന്, എ.പി.ഉണ്ണി, കെ.മണികണ്ഠന്, പി.സിദ്ധാര്ത്ഥന്, കെ.കെ.തിലകന്, എം.കെ.ഭാസ്കരന്, മഠത്തില്‍ ശശി, കൈമനം ചന്ദ്രന്, പൊന്നറ അപ്പു എന്നിവര്‍ സത്യഗ്രഹസമരത്തിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: