ന്യൂദല്‍ഹി: വോട്ടര്‍ പട്ടികയിലെ വിവരങ്ങള്‍ ഗുഗിളുമായി ചേര്‍ന്ന് നടപ്പിലാക്കാനുള്ള പദ്ധതി തെരഞ്ഞെടുപ്പ് കമ്മീഷന് ഉപേക്ഷിച്ചു. അമേരിക്കന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സെര്‍ച്ച് എന്‍ജിനായ ഗൂഗിളാണ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പദ്ധതി മുന്നോട്ട് വച്ചത്. ഗൂഗിളുമായി ബന്ധപ്പെട്ട് യാതൊരു പദ്ധതിക്കും തയ്യാറാകരുതെന്നും ദേശസുരക്ഷ അപകടത്തിലാകുമെന്നും ബിജെപി എംപി തരുണ്‍വിജയ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിരുന്നു. ഈ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പദ്ധതിയില്‍ നിന്നും പിന്മാറിയത്. കമ്മീഷണര്‍മാരായ എച്ച്.എസ്.ബ്രഹ്മ, എസ്.എന്‍.എ. സെയ്ദി എന്നിവരുടെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.
പൊതുതെരഞ്ഞെടുപ്പിന് ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിന്റെ മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍, പേര് പരിശോധിക്കല്‍, പോളിംഗ് സ്റ്റേഷന് ഗൂഗിളിന്റെ മാപ്പ് സംവിധാനത്തിലൂടെ കണ്ടെത്തല്‍ തുടങ്ങിയ സംവിധാനങ്ങളാണ് ഈ സംരംഭത്തിലൂടെ ഗൂഗിള്‍ മുന്നോട്ടു വച്ചിരുന്നത്. ഗൂഗിളുമായി കൈകോര്‍ക്കാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ ബിജെപിയും സൈബര്‍ വിദഗ്ധരും ദല്‍ഹി പോലീസും നേരത്തെ എതിര്‍ത്തിരുന്നു.
ഇന്ത്യയെക്കുറിച്ചും പൗരന്മാരെക്കുറിച്ചുമുള്ള നിര്‍ണായക വിവരങ്ങള്‍ ഒരു വിദേശ കമ്പനിക്ക് കൈമാറുന്നതില്‍ സാങ്കേതിക വിദഗ്ധരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. പ്രത്യേകിച്ച് ഇന്ത്യയുള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ പൗരന്മാരുടെ ഫോണ്‍, ഇ-മെയില്‍ വിവരങ്ങള്‍ അമേരിക്ക ചോര്‍ത്തുന്നു എന്ന സ്നോഡന്റെ വെളിപ്പെടുത്തല്‍ ഉണ്ടായ സ്ഥിതിക്ക് പദ്ധതിയുമായി സഹകരിക്കുന്നത് അപകടകരമായിരിക്കും. 30 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചിരുന്ന പദ്ധതി ഗൂഗിള്‍ സൗജന്യമായാണ് വാഗ്ദാനം ചെയ്തിരുന്നത്. നൂറോളം രാജ്യങ്ങളില്‍ ഗൂഗിള്‍ ഇത്തരം സേവനങ്ങള്‍ നടപ്പിലാക്കി വരുന്നതായി കമ്പനി അവകാശപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: