മാതൃത്വം
അയ്യനെക്കാണണം, കേണുപറയാതെ
വയ്യിനിത്തത്തള്ളുവാന് ജീവകാലം
നെയ്യഭിഷേകവും പുഷ്പാഞ്ജലികളും
പയ്യെ മലകേറിച്ചെയ്തിടേണം
എഴുപത്തിമൂന്നുകഴിഞ്ഞു വയസ്സെനി
യ്ക്കഴുകിയ ചകിരികള്‍ തല്ലിത്തല്ലി
കഴുകിയും പാത്രങ്ങള്‍ തറതുടച്ചുംകാല-
മെഴുതിയ ചുളിവാണ് ദേഹമാകേ
റാക്കുമണക്കുന്ന കൂരിരുട്ടേ നിന്നെ
യോര്‍ക്കുവാന്‍ വേദനയൊന്നുമാത്രം
വാക്കുകള്‍ക്കാകുമോ വ്യക്തമാക്കാനെനി
ക്കേല്ക്കേണ്ടിവന്നൊരാ പീഡനങ്ങള്‍
ലഹരിയൂക്കേറ്റിയ പീഡനമേറ്റേറ്റു
സഹിച്ചഹോ പേറ്റുനോവാറുവട്ടം
മഹിതമീ മാനുഷജന്മത്തിലേറ്റവും
മഹനീയമത്രേയീ മാതൃഭാവം
അന്യന്റെ തിണ്ണ നിരങ്ങുമെന്നില്
ദൈന്യത തോന്നിയ മാന്യദ്ദേഹം
ധന്യനായ് നല്കിയ തുണ്ടുഭൂവില്
മാന്യമായ് പാര്‍ക്കുവാന്‍ കൂരവെച്ചു
പെണ്മക്കളഞ്ചാളുമാണ്തരിയൊന്നതും
കണ്ചിമ്മും വേഗത്തില്‍ വാല്യക്കാരായ്
ആണ്തരിയെന്തേതോ നിസ്സാരകാര്യത്താല്
വെണ്തേക്കിനുത്രത്തില് തൂങ്ങിനിന്നു
പൊന്നും പണവും പൊടിക്കുനല്കി
പെണ്ണുങ്ങളെല്ലാം പടിയിറങ്ങി
പൊന്നോണവും കൊന്നപ്പൂക്കണിയും കാലേ
പൊയ്പ്പോയെന് വീട്ടില്‍ ഞാനേകയായി
തെല്ലില്ല സങ്കടമായതൊന്നും
ഇല്ലാ പ്രതീക്ഷിച്ചതില്ലയൊന്നും
എല്ലാം സഹിച്ചവളല്ലേപാരില്
മല്ലിട്ടുജീവിതപ്പോര്ക്കളത്തില്
എങ്കിലും തന്നിതോ അയ്യനേ നീ
പങ്കിലമാകും മനസ്സുകളേ !
ചങ്കുപറിച്ചേകാനാക്രോശിപ്പൂ
പങ്കവര് ചോദിപ്പൂ വീട്ടില്‍ നിന്നും
വേഗമീ വീടും പറമ്പും വിറ്റ്
ഭാഗമേകീടണമഞ്ചുപേര്ക്കും
രോഗാതുരമാമീ വാര്‍ദ്ധക്യത്തില്‍
ദുര്യോഗമൊന്നൊന്നായിക്കൂട്ടിനെത്തും
ആവില്ല വില്ക്കുവാനെന്നു ചൊല്കെ
ച്ചെവിചേര്ത്തു ചുമരില്‍ മുഖമുരച്ചും
അതിവേഗമെന്തെന്തു കാട്ടിപിന്നെ
അവിഹിതമപരാധ വര്‍ഷങ്ങളും
കറുപ്പുടുത്തയ്യനെക്കാണ്മതിനു
പുറപ്പെടാനായ് വ്രതശുദ്ധിയോടെ
പൊറുക്കുമീ മണ്ഡലകാലമെന്തേ
വെറുക്കുമാറാക്കി നീയെന്റെദേവാ
നിര്ഭയമെന്റെ കുടിലിനുള്ളില്‍
ഗര്‍ഭത്തിലേറ്റിയ മക്കളേകും
അബ്ഭേദ്യമേല്ക്കാതെ കണ്ണിണകള്‍
അഭിരാമം ചേര്ത്തടച്ചേകൂമോക്ഷം
മാതാവുമാത്രമേ നിത്യസത്യം
ഓതിപ്പഠിച്ചു ഞാന്‍ ബാല്യകാലേ
ഹേതുവതിന്നെന്റെ ജീവിതത്തില്‍
യാതന, കണ്ണുനീര് വാര്ക്കുവാനായ് !
ഒ.എം.ശാലീന
പ്രതികരിക്കാൻ ഇവിടെ എഴുതുക: