ആലുവ: സ്ഥലംമാറ്റം ഉണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശത്തെ തുടര്‍ന്ന് മനോവിഷമത്തിലായ ആലുവ ഈസ്റ്റ് വില്ലേജ് ഓഫീസര്‍ കരുമാല്ലൂര്‍ തട്ടാന്‍പടി വളയോലിപ്പള്ളം കുറ്റിക്കാട്ട് വീട്ടില്‍ വി.എ. ദിനേശന് (48) കുഴഞ്ഞു വീണ് മരിച്ചു.
ഇന്നലെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ചൂണ്ടി വില്ലേജ് ഓഫീസിലാണ് സംഭവം. ഉച്ചയോടെ ദിനേശനെ തൃക്കാക്കര വില്ലേജ് ഓഫീസിലേക്ക് സ്ഥലം മാറ്റിയെന്ന സന്ദേശമെത്തിയെന്ന് പറയുന്നു. ഈ വിവരം ഓഫീസിലെ ഒരു ജീവനക്കാരനുമായി വില്ലേജ് ഓഫീസര്‍ പങ്കുവെച്ച ശേഷം ഓഫീസ് മുറിയ്ക്ക് പുറത്തിറങ്ങി ജനപ്രതിനിധികളെ അറിയിച്ചു. സ്ഥലം മാറ്റം റദ്ദാക്കാന്‍ ഇടപെടണമെന്നും അഭ്യര്‍ത്ഥിച്ചു. പിന്നീടാണ് ഇദ്ദേഹത്തെ നിലത്ത് വീണ നിലയില്‍ കണ്ടത്. ഉടന്‍ ജീവനക്കാര്‍ അശോകപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലീംരാജിന്റെ ഭൂമികയ്യേറ്റക്കേസില്‍ കുടുങ്ങി തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസറെ സസ്പെന്റ് ചെയ്തിരുന്നു. ഇവിടെ ജോലി ചെയ്യാനുള്ള താത്പര്യകുറവും, ഡെപ്യൂട്ടി തഹസില്‍ദാര്‍ ആയി സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യയുള്ളതിനാല് അതുവരെ ആലുവയില്‍ തന്നെ തുടരാനായിരുന്നു ദിനേശന് താല്പര്യം. എന്നാല്‍ ഫോണ്‍ സന്ദേശം തെറ്റായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. തൃക്കാക്കര വില്ലേജ് ഓഫീസറായി മറ്റൊരാളെ നിയമിച്ച് ഇന്നലെ ഉത്തരവിറക്കിയിരുന്നു.
വലത് കൈക്ക് സ്വാധീനക്കുറവുള്ള ദിനേശന്, ജോലിയിലെ വേഗത കൊണ്ടാണ് ജനകീയന്‍ എന്ന അംഗീകാരം നേടിയത്. ഓണ്‍ ലൈന്‍ അപേക്ഷകള്‍ വഴി കൂടുതല്‍ തീര്പ്പുണ്ടാക്കിയതിനുള്ള പുരസ്കാരം മാസങ്ങള്‍ക്ക് മുന്‍പാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ചുണ്ടിയിലെ സഹകരണ ബാങ്ക് ഗ്രൗണ്ടിലും ആലുവ മിനി സിവില്‍ സ്റ്റേഷനിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. ഇന്ന് രാവിലെ ഒന്‍പതിന് വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.
പരേതനായ അപ്പുവിന്റെയും കുറുമ്പയുടെയും മകനാണ്. ഭാര്യ: രമ. മക്കള്‍: വിഷ്ണു, വിനായക് (ഇരുവരും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: