കോട്ടയം: ശബരിമല തീര്‍ത്ഥാടനത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച ഭക്തന്റെ കുടുംബത്തോട് ദേവസ്വം ബോര്‍ഡിന്റെ അനീതി തുടരുന്നു. മരണമടഞ്ഞ് ഒരു വര്‍ഷം കഴിഞ്ഞിട്ടും കുടുംബത്തിന് നല്‍കേണ്ട ഇന്‍ഷുറന്‍സ് തുക തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഇടപെട്ട് അനുവദിച്ച് നല്‍കാത്തത് ഒരു കുടുംബത്തെ ഏറെ ദുരിതത്തിലാഴ്ത്തുന്നു.
മധുര മിനിലനഗര് ഇ.ബി കോളനിയില്‍ പ്ലോട്ട് നമ്പര്‍ 21 ല്‍ താമസിച്ചിരുന്ന കെ. നന്ദകുമാറാണ് (50) കഴിഞ്ഞ വര്‍ഷം ശബരിമല തീര്‍ത്ഥാടനത്തിനിടെ മരണപ്പെട്ടത്. 2013 ജനുവരി 10 ന് മലകയറുന്നതിനിടെ നീലിമലയില്‍ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് പമ്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
തുടര്‍ന്ന് പിതാവിന്റെ ഇന്‍ഷുറന്‍സ് തുകയ്ക്കായി പിന്നീട് പല തവണ ഏകമകന് ശ്രീരാം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നന്ദന്കോട്ടേ ഹെഡ്ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും പലതും പറഞ്ഞ് ഒഴിയുകയാണ് അധികൃതര്‍. എന്നാല്‍ ദേവസ്വംബോര്‍ഡ് ആവശ്യപ്പെട്ട എല്ലാ രേഖകളും ഇവര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. ഇത് പ്രകാരം 2013 ഏപ്രില്‍ 15 ന് ശബരിമല അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ നന്ദകുമാറിന്റെ ഭാര്യ അനുസൂതയ്ക്ക് എ.എസ് 1582/13 റഫറന്‍സ് നമ്പരില്‍ കത്തയച്ചു. വീണ്ടും ഭര്‍ത്താവിന്റെ മരണസര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയും മറ്റ് എല്ലാ രേഖകളും ഇവര്‍ ബോര്‍ഡിന് സമര്‍പ്പിച്ചു. ഇതു പ്രകാരം ഇ.ഒ.പി 134/13 നമ്പറില്‍ ദേവസ്വം ബോര്‍ഡ് 2013 ജൂണില്‍ ഇന്‍ഷുറന്‍സ് കമ്പനിയായ ഓറിയന്റലിന് തുക അനുവദിച്ച് നല്‍കണമെന്ന് അറിയിപ്പ് കത്ത് നല്കി ഒഴിഞ്ഞുമാറുകയാണ്.
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയുമായി ബന്ധപ്പെട്ട് പണം വാങ്ങിനല്‍കുന്നതിന് ദേവസ്വംബോര്‍ഡ് പിന്നീട് യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ല. തുടര്‍ന്ന് പലതവണകളിലായി നന്ദകുമാറിന്റെ മകന് ശ്രീരാം നന്ദന്‍കോടുള്ള തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഹെഡ്ഓഫീസില്‍ പോയെങ്കിലും അധികൃതര്‍ കൈമലര്‍ത്തുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ മാസപൂജയ്ക്കായി നടതുറന്നപ്പോള്‍ ശ്രീരാം ശബരിമലദര്‍ശനം നടത്തിയ ശേഷം തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഓഫീസിലും അന്വേഷിച്ചെങ്കിലും ഉടന്‍ ഇന്‍ഷുറന്‍സ് തുക നല്‍കുമെന്നാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ പറഞ്ഞത്. എന്നാല്‍ കഴിഞ്ഞ മാസം ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍ പറഞ്ഞത് ഇതുവരെ ശബരിമല തീര്‍ത്ഥാടനത്തില്‍ മരണപ്പെട്ട എല്ലാവര്ക്കും ഇന്‍ഷുറന്‍സ് തുക നല്‍കിയെന്നാണ്. ഈ വിവരം നന്ദകുമാറിന്റെ ബന്ധു ദേവസ്വംബോര്‍ഡ് അധികൃതരുടെ മുമ്പില്‍ ധരിപ്പിച്ചു. എന്നിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തന്നെയാണ് തുടരുന്നത്.
ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി പ്രവര്‍ത്തകരായ മൂന്ന് പേര് കഴിഞ്ഞ വര്‍ഷം ഹൃദയാഘാതം മൂലം മരിച്ചിരുന്നു. ഇവര്‍ക്കും ഇതുവരെ ഇന്‍ഷുറന്‍സ് തുക ലഭിച്ചിട്ടില്ല. സേലം സ്വദേശികളായ പുനല്വാസന് അങ്കമുത്തു (47), അങ്കമുത്തു (50), പാളയം അമ്മത്തില്‍ ജ്ഞാനപ്രകാശ് (45) എന്നിവര്‍ക്കാണ് തുക ലഭിക്കാത്തത്. ദേവസ്വം ബോര്‍ഡ് ഇന്‍ഷുറന്‍സ് കമ്പനിക്ക് ഭക്തരുടെ പൂര്‍ണ്ണവിവരങ്ങള്‍ നല്കികഴിഞ്ഞാല് പിന്നെ യാതൊരു അന്വേഷണവും നടത്താറില്ല. ശബരിമല സീസണില്‍ ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപ ദേവസ്വം ബോര്‍ഡിന് ലഭിക്കുമ്പോഴും ഭക്തരോടു കാണിക്കുന്ന അനാസ്ഥ തുടരുകയാണ്. ഇനിയും ഇന്‍ഷുറന്‍സ് തുക ലഭിക്കാത്തവരുടെ കുടുംബങ്ങള്‍ നിരവധി പേര് ഉണ്ടെന്നാണ് അറിയാന്‍ കഴിയുന്നത്. ഇവര്‍ ദേവസ്വം ബോര്‍ഡിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുന്നതായി അറിയുന്നു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: