തിരുവനന്തപുരം: 2014 ലെ കേരള മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ ഏപ്രില്‍ 21 മുതല്‍ 24വരെ വിവിധ കേന്ദ്രങ്ങളിലായി നടക്കും. ഏപ്രില്‍ 21, 22 തിയ്യതികളില്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയും 23, 24 തിയ്യതികളില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷയുമായിരിക്കും നടക്കുക. കേരളത്തിലെ മുന്നൂറോളം കേന്ദ്രങ്ങളിലും ദല്‍ഹി, ദുബൈ, മുംബൈ എന്നിവിടങ്ങളിലുമായിരിക്കും മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശന പരീക്ഷ നടക്കുക. മെഡിക്കല്‍ പരീക്ഷയുടെ ഫലം വരുന്ന മെയ് 20 നു മുമ്പായും എന്‍ജിനീയറിങ്ങിന്റെ സ്കോര്‍ ജൂണ്‍ 25 ന് മുമ്പും പ്രസിദ്ധീകരിക്കും. ഝാര്‍ഖണ്ഡിലെ റാഞ്ചി, മേഘാലയിലെ ഷില്ലോങ്ങ് എന്നീ കേന്ദ്രങ്ങളില്‍ എന്‍ജിനീയറിങ് പ്രവേശന പരീക്ഷയും നടക്കും. കൂടാതെ ഇടുക്കി ജില്ലയിലെ കട്ടപ്പനയില്‍ ഈവര്‍ഷം മുതല്‍ പ്രവേശന പരീക്ഷകള്‍ നടക്കുമെന്ന് മന്ത്രി അബ്ദുറബ് വാര്‍ത്താ സമ്മേളനമത്തില് അറിയിച്ചു. മെഡിക്കല്‍, എന്‍ജിനീയറിങ് പ്രവേശനത്തിനുള്ള അപേക്ഷയുടെ പ്രോസ്പെക്ടസിന്റെ പ്രകാശനം പ്രവേശന പരീക്ഷാ കമ്മീഷണര്‍ ബി.എസ്. മാവോജി മന്ത്രിക്ക് നല്കി നിര്‍വഹിച്ചു.
ഈമാസം 11 മുതല്‍ ഫെബ്രുവരി നാലുവരെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. പരീക്ഷയുടെ പ്രിന്റൗട്ടും അനുബന്ധരേഖകളും ഫെബ്രുവരി അഞ്ചിനു മുമ്പായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫിസില്‍ എത്തിക്കണം.
അപേക്ഷാസമര്പ്പണത്തിനാവശ്യമായ സെക്യൂരിറ്റി കാര്‍ഡുകള്‍ കേരളത്തിനകത്തും പുറത്തുമുള്ള 170 ഓളം തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് ഓഫിസുകള്‍വഴി ഈമാസം പത്തുമുതല്‍ വിതരണം ചെയ്യും. 40,000 രൂപയില്‍ കവിയാത്ത വരുമാനമുള്ള പട്ടികവര്‍ഗവിഭാഗം വിദ്യാര്‍ഥികള്‍ക്ക് ജില്ലാ പട്ടികവര്‍ഗവികസന ഓഫിസുകള്‍വഴി സൗജന്യമായി സെക്യൂരിറ്റി കാര്‍ഡും പ്രോസ്പെക്ടസും വിതരണം ചെയ്യും. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിന് ദേശീയാടിസ്ഥാനത്തില്‍ ഇത്തവണ പൊതുപ്രവേശന പരീക്ഷയില്ലാത്തതിനാല്‍ പ്രവേശന പരീക്ഷാ കമ്മീഷണര്‍ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം.
കൊച്ചി സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുത്ത സാഹചര്യത്തില്‍ ഈവര്‍ഷം മുതല്‍ അഖിലേന്ത്യാ ക്വാട്ടാ സീറ്റുകള്‍ ഒഴികെയുള്ള മുഴുവന്‍ സീറ്റുകളിലേക്കും പ്രവേശന പരീക്ഷാ കമ്മീഷണര്‍ അലോട്ട്മെന്റ് നടത്തും. എന്‍ജിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് മുന്‍വര്‍ഷത്തേതുപോലെ പ്രവേശന പരീക്ഷയുടെ സ്കോറും യോഗ്യതാപരീക്ഷയുടെ മാര്‍ക്കും തുല്യ അനുപാതത്തില്‍ പരിഗണിച്ച് സ്റ്റാന്‍ഡേര്‍ഡൈസേഷന്‍ പ്രക്രിയയ്ക്കു വിധേയമാക്കിയശേഷമായിരിക്കും റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. എസ്.ഇ.ബി.സി വിദ്യാര്‍ഥികളുടെ കുടുംബവാര്‍ഷിക വരുമാനപരിധി ഈ അധ്യയനവര്‍ഷം മുതല്‍ 4.5 ലക്ഷത്തില്‍നിന്ന് ആറുലക്ഷം രൂപയായി ഉയര്‍ത്തിയ സാഹചര്യത്തില്‍ പ്രോസ്പെക്ടസില്‍ ആവശ്യമായ മാറ്റംവരുത്തിയിട്ടുണ്ടെന്ന് കമ്മീഷണര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: