തിരുവനന്തപുരം: എസ്എന്‍സി ലാവ്ലിന് ഉള്‍പ്പടെയുള്ള അഴിമതിക്കേസുകളില്‍ പുതിയ ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല മൗനം പാലിക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ഈ കേസുകളുടെ നടത്തിപ്പില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നയാളാണ് ആഭ്യന്തരമന്ത്രിയാകുന്നതിന് മുമ്പ് ചെന്നിത്തല. എന്നാല്‍ അദ്ദേഹം മന്ത്രിസ്ഥാനത്തേക്ക് വന്നപ്പോള്‍ അതെല്ലാം വിസ്മരിക്കുകയാണെന്ന് സുരേന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷമാണ് എസ്എന്‍സി ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയുണ്ടായത്. വിധിക്കെതിരെ റിവിഷന്‍ ഹര്‍ജി നല്‍കുമെന്ന പ്രഖ്യാപനം ഇനിയും നടപ്പിലായില്ല. പിണറായിയും യുഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായാണ് ഇത്. സംസ്ഥാന സര്‍ക്കാരിന് 374 കോടിയുടെ നഷ്ടമുണ്ടാക്കിയതായി സിഎജി കണ്ടെത്തിയ കേസാണിത്. സര്‍ക്കാരും സിപിഎമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായി കേസ് തന്നെ അട്ടിമറിക്കപ്പെടുകയാണിപ്പോള്. ഈ കേസില്‍ സര്‍ക്കാര്‍ നിലപാടെന്താണെന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും വ്യക്തമാക്കണം. സര്‍ക്കാര്‍ കീഴ്ക്കോടതി വിധി അംഗീകരിച്ച് മിണ്ടാതിരിക്കുകയാണ്. റിവിഷന്‍ ഹര്‍ജി നല്കാത്തിതിനുള്ള കാരണം എന്താണെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് താല്പര്യമുണ്ട്.
സര്‍ക്കാരും സിപിഎം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമായാണ് റിവിഷന്‍ ഹര്‍ജി നല്കാന് സിബിഐ കാലതാമസം വരുത്തുന്നതെന്ന് സുരേന്ദ്രന് പറഞ്ഞു. കെപിസിസി പ്രസിഡന്റായിരിക്കെയാണ് ചെന്നിത്തല കടലാടിപ്പാറ സന്ദര്‍ശിക്കുകയും അവിടെ മൈനിംഗ് അനുമതി ആശാപുര എന്ന കമ്പനിക്ക് നല്‍കിയത് റദ്ദാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തത്. കടലാടിപ്പാറയിലെ ഖാനനാനുമതി റദ്ദു ചെയ്യാന്‍ എന്താണ് തടസ്സെമന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ്ചെന്നിത്തല നിലപാട് വ്യക്തമാക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
ചക്കിട്ടപ്പാറ ഖാനനാനുമതിയില് വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അന്വേഷണം ആരംഭിച്ചതുപോലുമില്ല. ഉദ്യോഗസ്ഥരെ നിയോഗിച്ചെങ്കിലും അവര്‍ക്ക് മുന്നോട്ടു പോകാനായില്ല. സിപിഎം നേതാവ് എളമരം കരീമിനെതിരായ അഞ്ച് കോടിയുടെ കോഴ ഇടപാട് അന്വേഷിക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തയ്യാറാകുമോ?. സ്പിന്നിംഗ് മില്‍ ഇടപാടില്‍ എളമരത്തിനെതിരെ മറ്റൊരു വിജിലന്‍സ് അന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നുണ്ട്. അതു തുടരുമോ എന്നും വ്യക്തമാക്കേണ്ടതുണ്ട്. 62 കോടിയുടെ കണ്‍സ്യൂമര്‍ ഫെഡ് അഴിമതിക്കേസില്‍ കോടതി സ്റ്റേ മാറ്റാനുള്ള നടപടികളെ പുതിയ ആഭ്യന്തരമന്ത്രി അട്ടിമറിക്കുകയാണ്.
തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ പടയൊരുക്കം നടത്തി അധികാരത്തിലെത്തിയ ചെന്നിത്തല ഇപ്പോള്‍ മൗനത്തിലാണെന്ന് സുരേന്ദ്രന് പറഞ്ഞു. അഴിമതിക്കേസുകളില്‍ പ്രതിപക്ഷവുമായി ഒത്തുതീര്പ്പുണ്ടാക്കിയിരിക്കുന്നു. ഈ ഒത്തുകളി രാഷ്ട്രീയം സംസ്ഥാനത്തിന്റെ പൊതു താല്പര്യത്തിന് വലിയ തിരിച്ചടിയാണെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: