ന്യൂദല്‍ഹി: ഹരിയാനയില്‍ അറസ്റ്റിലായ ലഷ്കറെ തൊയ്ബ ഭീകരര്‍ ഉത്തര്‍പ്രദേശിലെ കലാപബാധിത മേഖലയായ മുസാഫര്‍നഗറിലെ യുവാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് പോലീസ്. ഡിസംബറില്‍ അറസ്റ്റിലായ മുഹമ്മദ് ഷാഹിദ്, റഷീദ് എന്നീ ഭീകരരാണ് ഇവിടുത്തെ യുവാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ലഷ്കര്‍ തലവനായ ജാവേദ് ബലൂചിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇവര്‍ മുസാഫര്നഗറിലെത്തിയത്. നിരവധി തവണ ഇവിടെയെത്തിയ ഇരുവരും യുവാക്കളുമായി സംസാരിച്ചു. കലാപ ദൃശ്യങ്ങളും പ്രാദേശിക നേതാക്കളുടെ പ്രസംഗവും ഇവര്‍ യുവാക്കളെ കാണിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തില്‍ 60-ലധികം പേരാണ് കൊല്ലപ്പെട്ടത്. ഹരിയാനയിലെ മേവതില്‍ വെച്ച് അറസ്റ്റിലായ ഭീകരര്‍ ചോദ്യം ചെയ്യലിനിടെയാണ് മുസാഫര്‍നഗറില്‍ സന്ദര്‍ശനം നടത്തിയെന്ന് വെളിപ്പെടുത്തിയത്.
ലിയാഖത്, സമീര്‍ എന്നീ രണ്ട് യുവാക്കളാണ് ലഷ്കര്‍ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയത്. ലിയാഖത്തിന്റെയും സമീറിന്റെയും മൊഴി മജിസ്ട്രേറ്റിനു മുമ്പില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ലഷ്കര്‍ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയ മറ്റ് യുവാക്കളെ കണ്ടെത്തുന്നതിനായി ഉത്തര്‍പ്രദേശിലും മേവതിലും പോലീസ് തമ്പടിച്ചിരിക്കുകയാണ്.
പണത്തിനായാണ് ലഷ്കര്‍ സംഘവുമായി കൂടിക്കാഴ്ച നടത്തിയതെന്ന് യുവാക്കളില്‍ ഒരാളായ സമീര്‍ മൊഴി നല്‍കിയിട്ടുണ്ട്. ദല്‍ഹിയില്‍ രണ്ട് തവണ കൂടക്കാഴ്ച നടത്തിയതിനു പുറമെ, ഫോണിലൂടെ നിരന്തരം സംസാരിച്ചിരുന്നതായും പോലീസ് വ്യക്തമാക്കി. നിരോധിത സംഘടനയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരില്‍ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ ഭീകരസംഘടനകള്‍ക്ക് അനുയോജ്യമായ സാഹചര്യം ഒരുക്കി നല്കുന്ന യുപി സര്‍ക്കാരിനെതിരെ കേസെടുക്കണമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ രാജ്നാഥ് സിംഗ് ആവശ്യപ്പെട്ടു. അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ലഷ്കര്‍ ഭീകരര്‍ വന്നിരുന്നു എന്ന വിവരം ശരിയാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ്സിംഗ് പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: