ചെന്നൈ: അഴഗിരിയുടെ അഞ്ച് അനുയായികളെ ഡിഎംകെയില്‍ നിന്നും പുറത്താക്കി. കരുണാനിധിയുടെ മകനായ എം.കെ.അഴഗിരിയുടെ അടുത്ത അഞ്ച് അനുയായികളെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്്. മധുരയിലെ ക്ഷേത്രനഗറില്‍ പ്രത്യക്ഷപ്പെട്ട പാര്‍ട്ടി വിരുദ്ധ പോസ്റ്ററുകളുടെ അടിസ്ഥാനത്തിലാണ് പുറത്താക്കല്‍ നടപടി. ഡിഎംകെയില്‍ ഗ്രൂപ്പ് യുദ്ധം മുറുകുന്നതിനിടെയുള്ള പുറത്താക്കല്‍ ഗൗരവത്തോടെയാണ് തമിഴ്നാട് രാഷ്ട്രീയം നോക്കിക്കാണുന്നത്.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കരുണാനിധി തന്റെ മകനായ അഴഗിരിക്ക്് പാര്‍ട്ടി വിരുദ്ധ നിലപാട് സ്വീകരിച്ചാല്‍ ഡിഎംകെയില്‍ നിന്നും പുറത്താക്കുമെന്ന് താക്കീത് നല്‍കിയിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് അഴഗിരിയുടെ അനുയായികളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത് എന്നത് ശ്രദ്ധേയമാണ്.
വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ തമിഴ് സിനിമാതാരം വിജയ്കാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയുമായുമായി സഹകരിച്ച് മത്സരിക്കാമെന്ന പാര്‍ട്ടി തീരുമാനത്തെ അഴഗിരി എതിര്‍ത്തിരുന്നു. കരുണാനിധിയുടെ മകനും മുന്‍ തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ സ്റ്റാലിനാണ് പാര്‍ട്ടിക്കകത്തെ അഴഗിരിയുടെ എതിര് ഗ്രൂപ്പ്. ഇവര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടിയപ്പോള്‍ ചെന്നൈ സ്്റ്റാലിനും മധുര അഴഗിരിക്കും പ്രവര്‍ത്തനമണ്ഡലമായി പകുത്ത് നല്‍കിയാണ് പ്രശ്നം താത്കാലികമായി കരുണാനിധി തീര്‍ത്തത്.
ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമായതിനെത്തുടര്‍ന്ന് അഴഗിരിയുടെ നേതൃത്വത്തിലുള്ള മധുരാ ജില്ലാഘടകം കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വം പിരിച്ചുവിട്ടിരുന്നു. ഡിസംബര്‍ 15ന് നടന്ന ഡിഎംകെയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലുണ്ടായ അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് അഴഗിരി മധുരയില്‍ നടത്തിയ പരാമര്‍ശവും അദ്ദേഹത്തിന്റെ അനുയായികള്‍ പതിച്ച പോസ്റ്ററുമാണ് പാര്‍ട്ടി ഘടകം പിരിച്ചുവിടുന്നതിലേക്ക് നയിച്ചത്. ഡിസംബര്‍ 15ന് നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ അഴഗിരി പങ്കെടുത്തിരുന്നില്ല.
ഡിഎംകെയുടെ ഉള്‍പ്പോര് രൂക്ഷമായതിനെ തുടര്‍ന്നാണ് തമിഴ്നാട്ടില്‍ അധികാരത്തിലിരുന്ന പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രതിപക്ഷസ്ഥാനം പോലും നഷ്ടമായതെന്നാണ് രാഷ്ട്രീയ നിരീക്ഷര്‍ വിലയിരുത്തുന്നത്. നിലവില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കില്‍ കനത്ത പരാജയം ഏറ്റുവാങ്ങുമെന്ന വിലയിരുത്തലായിരിക്കാം ഡിഎംഡികെയുമായി സഖ്യമുണ്ടാക്കാമെന്ന തീരുമാനം കൈക്കൊള്ളാന്‍ ഇടയാക്കിയത്. ഏതായാലും മധുരയില്‍ സ്വാധീനമുള്ള അഴഗിരിയെ പിന്തള്ളി ഡിഎംകെയ്ക്ക് മുന്നോട്ട് പോകുകയെന്നത് പ്രയാസമായിരിക്കും. ലോകസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഡിഎംകെ പാര്‍ട്ടിയെ സംബന്ധിച്ച് നിര്‍ണായകമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: