സെക്കന്ദരാബാദ്: സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷസമിതിയുടേയും ഭാഗ്യനഗര്‍ ബാലഗോകുലത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ‘വന്ദേ വിവേകാനന്ദം’ എന്ന പേരില്‍ സ്വാമി വിവേകാനന്ദന്റെ വിദ്യാഭ്യാസ വീക്ഷണങ്ങളെക്കുറിച്ചായിരുന്നു സെമിനാര്‍. സെക്കന്ദരാബാദിലെ മെഹബൂബ് കോളേജിലെ വിവേകാനന്ദ ഹാളില്‍ നടന്ന സെമിനാര്‍ നോവലിസ്റ്റ് സി.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു.
ഒരു വ്യക്തിയുടെ സ്വഭാവവും, കഴിവും, ബുദ്ധിസാമര്ത്ഥ്യവുമൊക്കെയാണ് ആ വ്യക്തിയില്‍ പ്രതിഫലിക്കുന്നത്. ഇന്ത്യയിലെ പ്രാചീന വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഭാഗമാണ് വ്യക്തികളിലെ സ്വഭാവ രൂപീകരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സി.രാധാകൃഷ്ണന് അഭിപ്രായപ്പെട്ടു. മൂല്യാധിഷ്ഠിത വിദ്യാഭ്യാസമാണ് ഇതിനാവശ്യം. സ്വാമി വിവേകാനന്ദന്റെ കാഴ്ച്ചപ്പാടും ലക്ഷ്യവും ഇതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്. പര്‍വ്വത റാവു കുടുംബവും, സമൂഹവും എന്ന വിഷയത്തില്‍ സംസാരിച്ചു. പാശ്ചാത്യ സംസ്ക്കാരത്തെ പാടെ അനുകരിച്ച് ഇന്ത്യന്‍ സംസ്ക്കാരത്തില്‍ പ്രയോഗിക്കുന്നതാണ് ഈ കാലഘട്ടത്തിന്റെ വലിയ ദുരന്തമെന്ന് അവര്‍ പറഞ്ഞു. ഗുരു ശിഷ്യ ബന്ധത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു ഗുരുകുല സമ്പ്രദായമെന്ന് അമൃതാനന്ദമയിമഠത്തിലെ ബ്രഹ്മചാരി രഘു അഭിപ്രായപ്പെട്ടു. ആത്മബോധവും കര്മ്മയോഗയും വിദ്യാഭ്യാസത്തിന്റെ രണ്ട് പ്രധാന സ്തംഭങ്ങളാണ്. സ്വാമി വിവേകാനന്ദന്റെ ധര്‍മ്മോപദേശങ്ങള്‍ എല്ലാവരും പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു.
ഭാതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന് രചിച്ച വേണം ചുണക്കുട്ടികളെ എന്ന പുസ്തകത്തിന്റെയും സ്വാമി വിവേകാനന്ദന് എഴുതി ബാലഗോകുലം പ്രസിദ്ധീകരിക്കുന്ന വിവേകാനന്ദവും ഗോകുലവും എന്ന കവിതാ സമാഹാരത്തിന്റെ സിഡിയുടേയും പ്രകാശനം ചടങ്ങില്‍ നടന്നു.
കണ്‍വീനര്‍ ഡോ.രഘുനാഥ് മേനോന് സ്വാഗതം ആശംസിച്ചു. ബാലഗോകുലം പ്രസിഡന്റ് പ്രദീപ് നമ്പ്യാര്‍ അതിഥികളെ പരിചയപ്പെടുത്തി. സെക്രട്ടറി കെ.രവീന്ദ്രന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: