ശബരിമല: മകരവിളക്കുകാലത്ത് ഭക്തജനങ്ങളുടെ തോള്‍സഞ്ചി കീറി പണവും മൊബെയില്‍ ഫോണും കവരുന്ന നാലംഗ മോഷണസംഘത്തെ സന്നിധാനം പോലീസ് അറസ്റ്റ്ചെയ്തു.
ഇന്നലെ വെളുപ്പിന് പാണ്ടിത്താവളത്തിനടുത്തുള്ള ഇന്‍സിനേറ്ററിന് സമീപത്ത് നിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. സന്നിധാനം പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം പോക്കറ്റടിക്ക് അറസ്റ്റിലായ തേനി സ്വദേശിയായ പാണ്ഡ്യന് എന്നയാളെ പിടികൂടിയതോടെയാണ് ഈ മോഷണണ സംഘത്തെപ്പറ്റി വിവരം ലഭിച്ചത്. തമിഴ്നാട് ആണ്ടിപ്പെട്ടി മാരിയപ്പന് മകന് മുരുകന് (43), മധുര മാരിയമ്മന്‍കോവില്‍ സ്വദേശി നാഗരാജ് (36), തേനി സ്വദേശി കമ്പം കൃഷ്ണ (54) എന്നിവരാണ് അറസ്റ്റിലായത്. പമ്പയില്‍ നിന്ന് ഗുരുസ്വാമിമാരെ നിരീക്ഷിച്ച് സംഘത്തിലെ ഒരാള്‍ അപ്പാച്ചിമേട്ടില്‍ എത്തുകയും അയാള്‍ നല്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവര്‍ സ്വാമിമാരോടൊപ്പം ഇരുമുടിയുമായി സന്നിധാനത്തേക്ക് നീങ്ങുകയും നടപ്പന്തല്‍, പതിനെട്ടാപടി, ഫ്ലൈഓവര്‍,സോപാനം, മാളികപ്പുറം എന്നിവിടങ്ങളിലെവിടെയെങ്കിലും വെച്ച് ബാഗ്കീറി പണം കവരുകയുമാണ് പതിവ്. അറസ്റ്റിലായതില്‍ കൃഷ്ണ കമ്പം കൃഷ്ണ എന്നയാള്‍ തമിഴ്നാട്ടില്‍ കമ്പം പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകളിലെ പ്രതിയും ഗുണ്ടാലിസ്റ്റില്‍ പേരുള്ള ആളുമാണ്. ഈ സംഘത്തില്‍ നിന്നും പത്ത് മൊബെയില്‍ ഫോണുകളും 15000 രൂപയും പത്തോളം പേഴ്സുകളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതികളെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും. സന്നിധാനം സബ് ഇന്‍സ്പെക്ടര്‍ ബി .വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: