കൊച്ചി: സ്ത്രീകള്‍ക്കു നേര്‍ക്കുള്ള അതിക്രമങ്ങള്‍ക്കെതിരെ കര്‍ശനമായ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും അവ നടപ്പില്‍ വരുത്തുന്നതില്‍ നാം പൂര്‍ണമായും വിജയിച്ചിട്ടില്ലെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റീസ് കെ.ജി.ബാലകൃഷ്ണന് അഭിപ്രായപ്പെട്ടു. വര്‍ണ-വര്‍ഗ വിവേചനത്തിന്റെ കാര്യത്തിലെന്ന പോലെ ഇന്നും സമൂഹത്തില്‍ സ്ത്രീകള്‍ വിവേചനം അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയും ദേശീയ മനുഷ്യാവകാശ കമ്മീഷനും ചേര്‍ന്ന് സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണവും മനുഷ്യാവകാശവും സംബന്ധിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കില്‍ മാത്രമേ സ്ത്രീ സ്വാതന്ത്രത്തിനു പൂര്‍ണത ലഭിക്കുകയുള്ളൂ. സാമൂഹിക, സാമ്പത്തിക തുല്യതക്കു വേണ്ടിയുള്ള പോരാട്ടവുമായി സ്ത്രീ സംഘടനകള്‍ ശക്തമായി മുന്നോട്ടു പോകണമെന്നും ജസ്റ്റിസ് ബാലകൃഷ്ണന് നിര്‍ദ്ദേശിച്ചു.
ചടങ്ങില്‍ കൊച്ചി സര്‍വകലാശാല വൈസ് ചാന്‍സലര്‍ (ഇന്‍-ചാര്‍ജ്) ഡോ.കെ.പൗലോസ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. വാര്‍ത്തകളും അഭിപ്രായങ്ങളും സത്യസന്ധമായി ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്ന ദൗത്യം മാധ്യമങ്ങള്‍ പൂര്‍ണമായും നിറവേറ്റണമെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ സംരക്ഷണം ഭരണകൂടത്തിന്റെ മാത്രം ബാധ്യതയല്ലെന്നും രാജ്യത്തെ എല്ലാ പൗരന്മാരുടെയും കൂട്ടുത്തരവാദിത്തമാണെന്നും ചടങ്ങില്‍ ആമുഖ പ്രസംഗം നടത്തിയ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗം ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്ന കാര്യത്തില്‍ ഭരണകൂടങ്ങളെപ്പോലെ തന്നെ പൗരന്മാര്ക്കും ഉത്തരവാദിത്തമുണ്ട്. ഓരോ കാര്യത്തിലും പുരുഷന് തുല്യമാക്കുന്നതല്ല സ്ത്രീശാക്തീകരണം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവേചനരഹിതമായി വിദ്യാഭ്യാസം, സ്വാതന്ത്ര്യം, മാന്യത, ആരോഗ്യം തുടങ്ങിയ കാര്യങ്ങളിലെല്ലാം തുല്യമായി അംഗീകരിക്കപ്പെടുമ്പോഴാണ് വനിതാ ശാക്തീകരണം സാധ്യമാവുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദേശീയ മനുഷ്യാവകാശ കമ്മീഷന് ജനറല്‍ സെക്രട്ടറി ഡോ.പര്‍വിന്ദര്‍ സോഹി ബിഹുരിയ, ഹൈദരാബാദ് ഐഐഐടിയിലെ പ്രമുഖ സാഹിത്യ ചിന്തകന്‍ പ്രൊഫ.നന്ദകിശോര്‍ ആചാര്യ, ദേശീയ മനുഷ്യാവകാശ കമ്മീഷന് ജോയിന്റ് സെക്രട്ടറി ജെ.എസ്.കോച്ചര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന് അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. എസ്.കെ.ശുക്ല, പ്രൊഫ. കെ.വനജ എന്നിവര്‍ ചടങ്ങില്‍ പ്രസംഗിച്ചു. ഡോ. പി.വി.വിജയന്, ഡോ. ടി.എന്‍.വിശ്വംഭരന്, ഹൈമവതി തമ്പുരാന് എന്നിവരെ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: