കൊച്ചി: ലിഖിത മൂല്യങ്ങളുടെ കലവറയാകണം സാഹിത്യമെന്നും ഇതില്‍നിന്ന് വ്യതിചലിക്കുമ്പോള്‍ സാഹിത്യം കെട്ടുപോകുമെന്നും നിരൂപകന് ഡോ. എം. തോമസ് മാത്യു അഭിപ്രായപ്പെട്ടു. 17-ാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാഹിത്യകാര സംഗമത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എഴുത്തിന്റെ മൂല്യവശത്തെ അവഗണിക്കരുതെന്നും പരമമായ സത്യം നിര്‍മ്മിതി മാത്രമാണെന്നും വാദിക്കുന്ന സിദ്ധാന്തങ്ങള്‍ ശിഥിലമാകുമെന്നും തോമസ് മാത്യു പറഞ്ഞു.
സാമൂഹ്യപുരോഗതിക്കായി സാഹിത്യസൃഷ്ടിയില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാഹിത്യകാരന്മാര് ശ്രദ്ധിക്കണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത കെ.എല്‍. മോഹനവര്‍മ്മ പറഞ്ഞു. ഗോത്രവിഭാഗങ്ങളെ മോശക്കാരായി ചിത്രീകരിക്കുന്ന പ്രവണത കണ്ടുമടുത്താണ് ‘കൊച്ചരേത്തി’ രചിച്ചതെന്ന് നാരായന് പറഞ്ഞു. സിപ്പി പള്ളിപ്പുറം, യു.കെ.കുമാരന്, ശ്രീകുമാരി രാമചന്ദ്രന്, അയ്മനം രവീന്ദ്രന്, പി. സോമനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. പുസ്തകോത്സവത്തിന്റെ 7-ാം ദിവസമായ വെള്ളിയാഴ്ച ഉച്ചക്ക് 2.20 ന് ഇരയിമ്മന്‍തമ്പി അനുസ്മരണവും താരാട്ടുപാട്ട് മത്സരവും അരങ്ങേറും. വൈകിട്ട് 6 ന് ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: