കല്‍പ്പറ്റ: കോഴിക്കോട് ജില്ലയില്‍ നിന്ന് വയനാട്ടിലേക്കുള്ള താമരശ്ശേരി ചുരംപാതയുടെ മാര്‍ഗ്ഗദര്‍ശിയായ കരിന്തണ്ടന്റെ സ്മരണ നിലനിര്‍ത്തുന്നതിനായി നടത്തുന്ന കരിന്തണ്ടന് സ്മൃതിയാത്ര മാര്‍ച്ച് ഒന്‍പതിന് വയനാടന്‍ ചുരത്തിലൂടെ നീങ്ങും.
ബ്രിട്ടീഷ് പട്ടാളക്കാര്‍ക്ക് വയനാട്ടിലെത്തുന്നതിനുവേണ്ടിയാണ് കരിന്തണ്ടന്റെ സഹായം തേടിയത്. കാലിമേക്കല്‍ മുഖ്യതൊഴിലാക്കിയിരുന്ന കരിന്തണ്ടന് ചുരം കാടുകളിലെ ഓരോ ഊടുവഴിയും മനഃപാഠമായിരുന്നു. കരിന്തണ്ടന് ബ്രിട്ടീഷുകാര്‍ക്ക് കാണിച്ചുകൊടുത്ത ഊടുവഴിയാണ് പിന്നീട് താമരശ്ശേരി ചുരം റോഡായി മാറിയതെന്നാണ് വയനാട്ടിലെ ഗോത്രജനതക്ക് പാരമ്പര്യമായി ലഭിച്ച അറിവ്. കരിന്തണ്ടന് തെളിച്ച പാത ബ്രിട്ടീഷ് സൈന്യം കാനനപാതയാക്കി മാറ്റി. ഈ പാത പിന്നീട് സംസ്ഥാന ഹൈവേയായും രൂപപ്പെടുകയായിരുന്നു.
തുടര്‍ച്ചയായ നാലാം തവണയാണ് പണിയസമുദായംഗങ്ങളുടെ കൂട്ടായ്മയായ പീപ്പിന്റെ ആഭിമുഖ്യത്തില്‍ കരിന്തണ്ടന് സ്മൃതിയാത്ര നടത്തുന്നത്.
സ്മൃതിയാത്രയുടെ ഭാഗമായി ജനുവരി ഒന്‍പത് മുതല്‍ ഗൃഹസമ്പര്‍ക്കം, പണിയവിഭാഗക്കാരുടെ ഫുട്ബോള്‍ മേള, ഗോത്ര വിഭാഗ കുട്ടികള്‍ക്കായുള്ള ചിത്രരചന, പ്രസംഗം. ഉപന്യാസ മത്സരങ്ങള്‍, വനിതാസമ്മേളനം തുടങ്ങിയവ നടക്കും.
യാത്രയുടെ മുഖ്യ ആകര്‍ഷണമായ മൂപ്പന് സമ്മേളനത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആദിവാസി മൂപ്പന്മാര് തങ്ങളുടെ പൂര്‍വ്വകാല അനുഭവങ്ങള്‍ പങ്കുവെക്കും. മാര്‍ച്ച് ഒന്‍പതിന് ലക്കിടി ചങ്ങലമരചുവട്ടില്‍ നടത്തുന്ന സ്മൃതിസമ്മേളനത്തില്‍ വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകളും വിതരണം ചെയ്യും. താമരശ്ശേരി ചുരത്തിന് കരിന്തണ്ടന് ചുരമെന്ന് നാമകരണം ചെയ്യണമെന്നാണ് വയനാട്ടിലെ ഗോത്രജനതയുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: