കല്‍പ്പറ്റ : മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് പന്ത്രണ്ട് വര്‍ഷം തടവും പിഴയും. മാനന്തവാടി സ്വദേശിനിയായ പെണ്‍കുട്ടിയെ അഞ്ചു വര്‍ഷം പീഡിപ്പിച്ചെന്ന പരാതിയിലാണ് പിതാവിന് 12 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വയനാട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.ഭാസ്ക്കരന്‍ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കേണ്ടിവരും. പ്രതി പിഴയടക്കുന്ന പക്ഷം പരാതിക്കാരിക്ക് തുക നല്‍കാനും കോടതി ഉത്തരവായി.
പരാതിക്കാരിയെ വീട്ടില്‍ അമ്മയില്ലാത്ത സമയത്ത് പ്രതി ഭീഷണിപെടുത്തി അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാലംമുതല്‍ മുന്‍പ് താമസിച്ചിരുന്ന കല്‍പ്പറ്റ ബൈപ്പാസ്, പനമരം, ഇപ്പോള്‍ താമസിക്കുന്ന മാനന്തവാടി തുടങ്ങിയ സ്ഥലങ്ങളില്‍വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ കുടുംബത്തെ മുഴുവന്‍ കൊന്നുകളയുമെന്ന പിതാവിന്റെ ഭീഷണിയാണ് കുട്ടിക്ക് വിനയായത്. പ്രതിയുടെ ശല്യം സഹിക്കവയ്യാതെയായപ്പോള്‍ പരാതിക്കാരി അമ്മയുടെ കൂടെ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് മാനന്തവാടി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എല്‍.ഷൈജു കേസന്വേഷിച്ചത്.
12 വയസ്സു മുതല്‍ തുടര്‍ച്ചയായി അഞ്ചു വര്‍ഷം പീഡിപ്പിച്ചുവെന്നാണ് പരാതി. 2013 ഫെബ്രുവരി മൂന്നിനാണ് കേസിനാസ്പദമായ സംഭവം. പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ടിലെ 2012 സെക്ഷന്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമം 376(2)(എഫ്) പ്രകാരവുമാണ് മാനന്തവാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിവിധ വകുപ്പുകളില്‍ ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനുവേണ്ടി വയനാട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.അനുപമന്‍ ഹാജരായി. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ പ്രതിരോധ നിയമം വന്നതിന് ശേഷമുള്ള വയനാട് സെഷന്‍സ് കോടതിയില്‍ നിന്നുള്ള ആദ്യത്തെ വിധിയാണിത്.
സ്ത്രീപീഡന കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന ഇക്കാലത്ത് ലൈംഗിക അതിക്രമങ്ങളെയും സ്ത്രീത്വത്തിനെതിരെയുള്ള മനുഷ്യത്വരഹിതമായ കടന്നുകയറ്റങ്ങളെയും ചെറുക്കേണ്ടത് അത്യാവശ്യമാണെന്നും സ്ത്രീപീഡനം ഒരു വ്യക്തിക്കെതിരെയുള്ള കുറ്റമല്ല സമൂഹത്തിന് നേരെ നടക്കുന്ന കുറ്റമാണെന്നും കോടതി വിലയിരുത്തി. കുറ്റക്കാരന്‍ സ്വന്തം പിതാവാകുമ്പോള് ഒരു സ്ത്രീയെ മാനസികമായി തകര്‍ക്കുന്നതോടൊപ്പം വൈകാരികമായി തളര്‍ത്തുകയും ചെയ്യുന്നു. ആയതിനാല്‍ ഇത്തരം കുറ്റങ്ങളെ വളരെ ഗൗരവത്തില്‍ വീക്ഷിക്കേണ്ടതുണ്ടെന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: