ന്യൂദല്‍ഹി: നയതന്ത്ര മര്യാദകള്‍ മറന്ന് ലഡാക്കില്‍ ചൈന അതിര്‍ത്തി ലംഘനം തുടരുന്നു. കഴിഞ്ഞ കുറെ മാസങ്ങളായി ലഡാക്കിലെ ചുമ്മാര്‍, രാഖിനുള്ള, തക്ദിപ് സെക്റ്ററുകളില്‍ ചൈനീസ് സൈന്യം നിരന്തരം നിയന്ത്രണരേഖ മുറിച്ചുകടന്നതായി സുരക്ഷാ ഏജന്‍സികള്‍ വെളിപ്പെടുത്തുന്നു.
ജനുവരി ആദ്യവാരം തക്ദിപില് ചൈനീസ് സേന കടന്നുകയറി. ഡിസംബര്‍ 19, 20 തിയതികളില്‍ ചുമ്മാറിലെ ഡെസ്പാങ്ങ് സമതലത്തിലും പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ സാന്നിധ്യമുണ്ടായിരുന്നു. ഇതേ ഇടങ്ങളില്‍ ഡിസംബര്‍ 13നും ചൈന അതിക്രമിച്ചെത്തിയെന്നും വ്യക്തമായിട്ടുണ്ട്. അതേസമയം, ചൈനയുടെ നീക്കങ്ങളെ ഉദാസീന മനോഭാവത്തോടെയാണ് പ്രതിരോധ മന്ത്രാലയം കാണുന്നത്. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങള്‍ കുറയ്ക്കാന്‍ അടുത്തിടെ ഇന്ത്യയുമായി ഒപ്പിട്ട കരാറിനു പുല്ലുവില കല്‍പ്പിക്കാത്ത ചൈനീസ് നിലപാടിനെതിരെ പ്രതികരിക്കാനും കേന്ദ്ര സര്‍ക്കാരിനിതുവരെ സാധിച്ചിട്ടില്ല. ലഡാക്കിലെ ചൈനീസ് സേനയുടെ സാന്നിധ്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും സാധാരണ ചെയ്തി മാത്രമാണെന്നുമാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശദീകരണം.
ലഡാക്കില്‍ സ്വാധീനം ഉറപ്പിക്കാന്‍ ചൈന നടത്തുന്ന ശ്രമങ്ങള്‍ വളരെ തന്ത്രപരമെന്നു തറപ്പിച്ചുപറയാവുന്ന നിലയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഇന്ത്യന്‍ പ്രദേശങ്ങളില്‍ അനായാസം ചെന്നെത്താന്‍ പാകത്തിലുള്ള റോഡ് നിര്‍മാണം ചൈന പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഒരു തടസവുമില്ലാതെ നിയന്ത്രണരേഖ ലംഘിക്കാന്‍ അതവരെ സഹായിക്കുന്നു. ലഡാക്കിലെ അതിശൈത്യം മാത്രമേ ചൈനീസ് സൈനികര്‍ക്കു പ്രതിബന്ധ തീര്‍ക്കുന്നുള്ളു. തണുപ്പുതാങ്ങാന് കഴിയാത്തതിനാല്‍ അവര്‍ കൂടാരങ്ങള്‍ കെട്ടാന്‍ ശ്രമിക്കുന്നില്ല. കടന്നുകയറുന്ന സ്ഥലത്ത് ഒരു മണിക്കൂറിലേറെ തമ്പടിച്ചശേഷം മടങ്ങുകയാണ് പതിവ്.
ജനുവരി ആദ്യവാരം തക്ദിപില് ചൈനീസ് സൈന്യം അതിര്‍ത്തി ലംഘിച്ചു. പുലര്‍ച്ച നടന്ന ഈ കടന്നുകയറ്റം ഇന്ത്യന്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടെന്നു മനസിലാക്കിയ അവര്‍ പിന്‍വലിയുകയായിരുന്നു. ഡിസംബര്‍ 13നും 19നും ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസും ചൈനീസ് സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ഏപ്രില്‍-മെയ് മാസങ്ങളിലാണ് ലഡാക്കിലെ ഇന്ത്യ- ചൈന സംഘര്‍ഷം രൂക്ഷമായത്. 21 ദിവസം ഇന്ത്യന്‍ സൈന്യം ചൈനീസ് പട്ടാളത്തെ നേരിട്ടു.
നയതന്ത്രതലത്തിലെ സുദീര്‍ഘമായ ചര്‍ച്ചകള്‍ക്കൊടുവില്‍ അന്നു പ്രശ്നം പരിഹരിക്കപ്പെട്ടു. സമവായമെന്ന നിലയില്‍, തര്‍ക്ക മേഖലകളെന്ന് ചൈന പറയുന്ന ഇടങ്ങളിലെ ചില നിര്‍മ്മിതികള്‍ ഇന്ത്യയ്ക്ക് പൊളിച്ചുമാറ്റേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: