തിരുവനന്തപുരം: കോളജുകള്‍ക്ക് സ്വയംഭരണം അനുവദിക്കുന്നത് ഉള്‍പ്പടെ ഉന്നതവിദ്യാഭ്യാസ രംഗത്ത് യുഡിഎഫ്. സര്‍ക്കാര്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ക്കെതിരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ നിയമസഭാ മാര്‍ച്ച് അക്രമാസക്തമായി. അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞു. സംഘര്‍ഷം നിയന്ത്രിക്കാന്‍ പോലിസ് ജലപീരങ്കിയും കണ്ണീര്‍വാതകവും ഗ്രനേഡും പ്രയോഗിച്ചു. തുടര്‍ന്ന് പോലിസും വിദ്യാര്‍ഥികളും ഏറ്റുമുട്ടിയതോടെ രണ്ടു മണിക്കൂറോളം നഗരം യുദ്ധക്കളമായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ആറു വിദ്യാര്‍ഥികളെയും ആറു പോലിസുകാരെയും മാധ്യമപ്രവര്‍ത്തകരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമരത്തിന്റെ പേരില്‍ എസ്ഫ്ഐ പ്രവര്‍ത്തകര്‍ നഗരത്തില്‍ അഴിഞ്ഞാടിയതോടെ റോഡിലിറങ്ങാനാവാതെ ജനം വലഞ്ഞു. ഗതാഗത നിയന്ത്രണത്തിന്റെ പേരില്‍ പോലീസും ജനങ്ങളെ വലച്ചു.
യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഇന്നലെ രാവിലെ 11. 30ന് ആരംഭിച്ച എസ്എഫ്ഐ നിയമസഭ മാര്‍ച്ച് യുദ്ധസ്മാരകത്തിനു സമീപം പോലിസ് തടഞ്ഞു. പോലിസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതിനിടെ പിന്‍നിരയില്‍ നിന്ന് രൂക്ഷമായ കല്ലേറുണ്ടായതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. ചിതറിയോടിയ വിദ്യാര്‍ഥികള്‍ വീണ്ടും എത്തിയതോടെ ഗ്രനേഡും കണ്ണീര്‍വാതകവും ഉപയോഗിച്ചു പിരിച്ചുവിടാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് പ്രതിപക്ഷ ഉപനേതാവ് നേതാവ് കോടിയേരി ബാലകൃഷ്ണന് സ്ഥലത്തെത്തി. സമരം ശക്തമായി തുടരണമെന്നും സമാധാനപരമായിരിക്കണമെന്നും കോടിയേരി പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ കോടിയേരിയുടെ നിര്‍ദ്ദേശം വകവെക്കാതെ പ്രവര്‍ത്തകര്‍ പോലീസിന് നേരെ വീണ്ടും അക്രമണം തുടങ്ങി. സംഘര്‍ഷം നിയമസഭയ്ക്ക് മുന്നില്‍ നിന്നും പാളയത്തേക്കും യൂണിവേഴ്സിറ്റി കോളജിലേക്കും വ്യാപിച്ചു.
യൂണിവേഴ്സിറ്റി കോളജ് ലക്ഷ്യമാക്കി നീങ്ങിയ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ക്കു നേരെയും തിരിഞ്ഞു. കോളേജിനകത്തു കയറി പോലിസിനു നേരെ കല്ലും കുപ്പികളും ട്യൂബ് ലൈറ്റുകളും പെട്രോള്‍ ബോംബും വലിച്ചെറിഞ്ഞു. ഗ്രനേഡും കണ്ണീര്‍വാതകവും പോലിസ് തിരികെ പ്രയോഗിച്ചു. ചില പോലിസുകാര്‍ തിരികെ കല്ലേറ് നടത്തി. ഇതിനിടെ സമരക്കാരെ തിരഞ്ഞ് പോലിസ് സംസ്കൃത കോളജില്‍ കയറിയെങ്കിലും മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തെ അവരെ തിരിച്ചു വിളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: