തിരുവനന്തപുരം:ശബരിമലയില്‍ തീര്‍ഥാടകനെ മര്‍ദ്ദിച്ച തമിഴ്നാട്ടില്‍ നിന്നുള്ള പോലീസുകാരനെ തിരിച്ചയക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. വന്‍ തിരക്കിനെത്തുടര്‍ന്നു ഭക്തര്‍ മണിക്കൂറുകളോളം ക്യൂ നില്ക്കുമ്പോള് ക്യൂ തെറ്റിച്ചു വരുന്നവരെ നിയന്ത്രിക്കുകയാണു പോലീസ് ചെയ്തത്. ക്യൂവില്‍ നില്‍ക്കുന്നവരെ മര്‍ദിച്ചിട്ടില്ല. ക്യൂ തെറ്റിച്ചവരെ നിയന്ത്രിച്ചില്ലെങ്കില്‍ ദുരന്ത സാധ്യതയുള്ളതിനാലാണു പോലീസ് നടപടി സ്വീകരിച്ചതെന്നും ചെന്നിത്തല. മകരവിളക്കിനോടനുബന്ധിച്ച സുരക്ഷ ക്രമീകരണങ്ങള്‍ വിലയിരുത്താനായി 12നു ആഭ്യന്തരമന്ത്രി ശബരിമല സന്ദര്‍ശിക്കും.
സുരക്ഷാചുമതലയുള്ള ഉന്നത ഉദ്യോഗസ്ഥന്മാരായ എഡിജിപി ഹേമചന്ദ്രന് സന്നിധാനത്തും ഐജി പത്മകുമാര്‍ പുല്ലുമേട്ടിലും ഐജി ദര്‍വേസ് സാഹിബ് പമ്പയിലും സുരക്ഷാക്രമീകരണങ്ങള്‍ക്കു നേതൃത്വം നല്‍കും. ശബരിമലയിലെ മാലിന്യസംസ്കരണത്തിന്റെ ഭാഗമായി പ്ലാസ്റ്റിക് കുപ്പികള്‍ നീക്കം ചെയ്യുന്നതിനായി 770000 രൂപ ചെലവില്‍ യന്ത്രം സ്ഥാപിക്കുമെന്ന് ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പറഞ്ഞു.
ശബരിമല മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാണോദ്ഘാടനം മകരവിളക്ക് ദിവസമായ ജനുവരി 14 ന് നടത്തുമെന്ന് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പ്രതിദിനം അഞ്ച് എംഎല്‍ഡി (മില്യണ്‍ ലിറ്റര്‍ ഡെന്‍സിറ്റി) സംസ്കരണ ശേഷിയുള്ള പ്ലാന്റാണ് ശബരിമലയില്‍ സ്ഥാപിക്കുന്നത്. രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ തികച്ചും പ്രകൃതിക്കിണങ്ങുമാറാണ് സംസ്കരണം. 22.87 കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. നിര്മ്മാണക്കാലയളവ് 18 മാസമാണ്. എങ്കിലും 12 മാസംകൊണ്ട് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
ബെയ്ലി പാലത്തിനുസമീപം, എക്കോസ്മാര്ട്ട് നിര്‍ദ്ദേശിച്ച മൂന്ന് ഏക്കറോളം സ്ഥലത്താണ് പ്ലാന്റ് സ്ഥാപിക്കുന്നത്. ശബരിമല ഉന്നതാധികാരസമിതിയുടെ കീഴിലുള്ള വാസ്തുസമിതി ഇതിനായുള്ള അനുമതി ഈ മാസം ആറിന് നല്‍കിയിട്ടുണ്ട്. പ്ലാന്റ് യാഥാര്‍ത്ഥ്യമാകുന്നതോടെ ശബരിമലയിലെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാകും. ഞുണങ്ങാര്‍ തെളിഞ്ഞൊഴുകും.
പെരിനാട്, ആറന്മുള, കുട്ടനാട് മുതലായ പ്രദേശങ്ങളിലെ നദീതീരവാസികള്‍ക്ക് ഇത് വലിയ ആശ്വാസമാകും. പമ്പയിലെ മാലിന്യസംസ്കരണ പ്ലാന്റിന്റെ ശേഷി മൂന്ന് എംഎല്‍ഡിയില്‍ നിന്നും അഞ്ച് എംഎല്‍ഡി ആക്കി വര്‍ധിപ്പിക്കും. എരുമേലിയും ചെങ്ങന്നൂരും പന്തളവും ടൗണ്‍ഷിപ്പാക്കി വികസിപ്പിക്കും. മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: