കോട്ടയം: ശബരിമല സന്നിധാനത്തെ സംഘര്‍ഷഭൂമിയാക്കാനുള്ള പോലീസിന്റെ നീക്കം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്.ബിജു ആവശ്യപ്പെട്ടു. ശബരിമല സന്നിധാനത്ത് കേരള പോലീസിന്റെ നരനായാട്ടാണ് അരങ്ങേറുന്നത്. യാതൊരു പ്രകോപനവുമില്ലാതെയാണ് അയ്യപ്പഭക്തരെ ആക്രമിക്കുന്നത്.
പരിശീലനം സിദ്ധിച്ചവരും, പക്വതയും, പാകതയും സേവന സന്നദ്ധതയുമുള്ള ലോക്കല്‍ പോലീസിനെ ശബരിമല ഡ്യൂട്ടിക്ക് വിന്യസിക്കുന്നതിന് പകരം ട്രെയിനികളായ പോലീസുകാരെ നിയോഗിക്കുന്നതാണ് ശബരിമലയിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കഠിനമായ വ്രതം നോറ്റ് ശബരിമലയിലെത്തുന്ന അയ്യപ്പഭക്തരുടെ ക്ഷമയെയും, സഹനത്തെയും പരീക്ഷിക്കാന്‍ പോലീസ് ശ്രമിക്കരുത്. പോലീസിന്റെ ഇത്തരം ശ്രമങ്ങള്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ക്ഷണിച്ചുവരുത്തും. അയ്യപ്പഭക്തരോട് കാട്ടുന്ന ക്രൂരതയ്ക്ക് എതിരെ ഭക്തജനങ്ങളെ തെരുവിലിറക്കാന്‍ സര്‍ക്കാര്‍ പ്രേരിപ്പിക്കരുതെന്ന് ബിജു പറഞ്ഞു.
യാതൊരു സൗകര്യവും ഒരുക്കാത്തതിന്റെ പേരില്‍ 12 മണിക്കൂര്‍ ക്യൂവില്‍ നില്ക്കേണ്ടിവന്ന തീര്‍ത്ഥാടകര്‍ ക്യൂവില്‍ നിന്ന് മോചിതരാകാന്‍ ശ്രമിക്കുമ്പോള്‍ അവരെ തല്ലിയൊതുക്കാനാണ് പോലീസ് ശ്രമിച്ചത്. ഇത് അയ്യപ്പഭക്തരോടുള്ള ക്രൂരതയാണ്. കേരളാപോലീസിന്റെ കെടുകാര്യസ്ഥതയുടെ ഉത്തമ ഉദാഹരണമാണ് ഈ തീര്‍ത്ഥാടനകാലം.
ശബരിമല സന്നിധാനത്ത് റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും, ദ്രുതകര്‍മ്മസേനയുടെയും സേനാവിഭാഗം ഉണ്ടായിരുന്നിട്ടും അവരെ സേവനത്തിന് നിയോഗിക്കാത്തതും പോലീസിന്റെ വീഴ്ചയാണ് സൂചിപ്പിക്കുന്നത്. അവിശ്വാസികളും അന്യമതസ്ഥരുമായ പോലീസുകാരെ ശബരിമല ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി ഭക്തിയും വിശ്വാസവും സേവനമനോഭാവവും ഉള്ള പോലീസുകാരെ നിയോഗിക്കണം. കോടിക്കണക്കിന് രൂപ സേവനത്തിന്റെ പേരുപറഞ്ഞ് ദേവസ്വത്തില്‍ നിന്ന് ഈടാക്കുന്ന ആഭ്യന്തരവകുപ്പ് ശബരിമലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിക്കണമെന്നും ബിജു ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: