ന്യൂദല്‍ഹി: ദല്‍ഹിയിലെ കോടതികളില്‍ പ്രവര്‍ത്തിക്കുന്ന ജഡ്ജിമാരുടെ യോഗം വിളിച്ചു ചേര്‍ക്കണമെന്ന നിര്‍ദ്ദേശം പാലിക്കാന്‍ തയ്യാറാകാതിരുന്ന നിയമസെക്രട്ടറിക്ക് ആംആദ്മി പാര്‍ട്ടി മന്ത്രിസഭയിലെ നിയമമന്ത്രി സോമനാഥ് ഭാരതിയുടെ വക ശകാരം. ജുഡീഷ്യറി സ്വതന്ത്ര സ്ഥാപനമാണെന്നും ദല്‍ഹി സര്‍ക്കാരിന് കീഴിലല്ലെന്നും ജില്ലാ ജഡ്ജ് കൂടിയായ നിയമസെക്രട്ടറി എ.എസ് യാദവ് മന്ത്രിയെ ധരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സെക്രട്ടറി കോണ്‍ഗ്രസിന്റെ ആളാണെന്നാക്ഷേപിച്ച് ഇറക്കിവിടുകയായിരുന്നു.
ദല്‍ഹിയിലെ സാധാരണക്കാരന് നീതി ലഭ്യമാക്കണമെന്ന സര്‍ക്കാര്‍ നിലപാട് ജഡ്ജിമാരെ വിളിച്ചുകൂട്ടി അറിയിക്കുന്നതിനായിരുന്നു യോഗം വിളിച്ചതെന്നാണ് മന്ത്രി പറയുന്നത്. കേട്ടുകേള്‍വി പോലുമില്ലാത്ത ഇത്തരം ഒരു നിര്‍ദ്ദേശം എങ്ങനെ നടപ്പാക്കുമെന്ന് നിയമസെക്രട്ടറി മന്ത്രിയോട് ആശങ്ക പ്രകടിപ്പിക്കുകയായിരുന്നു. ജഡ്ജിമാരുടെ യോഗം വിളിച്ചു ചേര്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതിക്കു മാത്രമേ അധികാരമുള്ളെന്ന് മന്ത്രിയെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചപ്പോള്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി ഉടന്‍ യോഗം വിളിക്കാനായി നിര്‍ദ്ദേശം.
ജഡ്ജിമാരെയും ചീഫ് ജസ്റ്റിസിനേയും സെക്രട്ടേറിയറ്റിലേക്ക് വിളിക്കണമെന്ന നിയമമന്ത്രിയുടെ നിര്‍ദ്ദേശം നടപ്പാക്കാനാവില്ലെന്ന് മന്ത്രിയെ ധരിപ്പിച്ച നിയമസെക്രട്ടറി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതിയും നല്കി.
നിലവിലെ സാഹചര്യത്തില്‍ നിയമനമന്ത്രാലയത്തില് പ്രവര്‍ത്തിക്കാനാവില്ലെന്നും ജുഡീഷ്യല്‍ സര്‍വ്വീസിലേക്ക് ഡപ്യൂട്ടേഷന് മതിയാക്കി മടങ്ങാന്‍ അനുവദിക്കണമെന്നും കാണിച്ച് നിയമസെക്രട്ടറി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയിട്ടുണ്ട്. എന്നാല്‍ ജുഡീഷ്യറിയുടെ എല്ലാ പിന്തുണയും നിയമ സെക്രട്ടറിക്ക് നല്‍കുന്നതായും തല്‍സ്ഥാനത്ത് തുടരാനും ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചു.
നിയമബിരുദം കരസ്ഥമാക്കിയിട്ടുള്ള മന്ത്രി സോമനാഥ് ഭാരതിയുടെ നിര്‍ദ്ദേശം അമ്പരപ്പുളവാക്കുന്നതാണ്. ജുഡീഷ്യല്‍ രംഗത്തെ പരിഷ്ക്കാരമാണ് തന്റെ ലക്ഷ്യമെന്നും സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നതിനു വേണ്ട നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിനു നല്‍കാനുണ്ടെന്നും സോമനാഥ് ഭാരതി ആവര്‍ത്തിച്ചു.
സര്‍ക്കാരും കോടതികളും വെവ്വേറെ പ്രവര്‍ത്തിക്കേണ്ട സംവിധാനങ്ങളാണെന്ന് ഭരണഘടനയിലെ വാക്യങ്ങള്‍ വ്യക്തമാക്കി 1973ലെ കേശവാനന്ദ ഭാരതി കേസില്‍ സുപ്രീംകോടതി വിധിച്ചിരുന്നു. വ്യത്യസ്തതയ്ക്കു വേണ്ടി ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കാട്ടിക്കൂട്ടുന്ന പല നടപടികളും പക്വതയില്ലാത്ത നിലയിലേക്ക് തരംതാഴുന്നതായ ആക്ഷേപങ്ങളുടെ ശക്തി കൂട്ടുന്നതാണ് നിയമന്ത്രാലയത്തിലെ സംഭവങ്ങള്‍.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: