കൊല്‍ക്കത്ത: ലൈംഗിക അപവാദക്കേസില്‍ ആരോപണ വിധേയനായ മുന്‍ ജസ്റ്റീസ് എ കെ ഗാഗുലി പശ്ചിമബംഗാള്‍ മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷസ്ഥാനം രാജിവച്ചു. വൈകിട്ടു ബംഗാള്‍ ഗവര്‍ണര്‍ എം കെ നാരായണനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണു ഗാംഗുലി രാജിവച്ചത്.
ഗാംഗുലിയെ അധ്യക്ഷ സ്ഥാനത്തുനിന്നു നീക്കുന്നതു തടയണമെന്നുള്ള പൊതുതാല്പര്യ ഹര്‍ജി രാവിലെ സുപ്രീം കോടതി തള്ളിയിരുന്നു. ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും ആരോപണങ്ങളെ പറ്റി പ്രതികരിക്കാനില്ലെന്നും ചീഫ് ജസ്റ്റിസ് പി സദാശിവത്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ രാജിയുണ്ടാകുമെന്നു റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇന്നു രാവിലെ സോളിസിറ്റര്‍ ജനറല്‍ സോളി സൊറാബ്ജിയെ ഗാംഗുലി സന്ദര്‍ശിച്ചിരുന്നു. താന്‍ രാജിവയ്ക്കാന്‍ സന്നദ്ധനാണെന്നു ഗാംഗുലി സോളി സൊറാബ്ജിയെ അറിയിച്ചിരുന്നുവെന്നാണു റിപ്പോര്‍ട്ട്. ഗാംഗുലിയെ നീക്കാനുള്ള രാഷ്ട്രപതിയുടെ റഫറന്‍സ് കേന്ദ്രമന്ത്രിസഭ അംഗീകരിച്ചതോടെ ഗാംഗുലിയെ നീക്കണമെന്നാവശ്യപ്പെട്ട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഉള്‍പ്പെടെ ഒട്ടേറെ പേര് രംഗത്തെത്തിയിരുന്നു.
കൊല്‍ക്കത്ത നിയമസര്‍വകലാശാലയിലെ വിദ്യാര്‍ഥിനിയെ ഇന്റേന്‍ഷിപ്പ് കാലത്ത് അവിടെ ഗസ്റ്റ് ഫാക്കല്‍റ്റി കൂടിയായിരുന്ന ജസ്റ്റിസ് ഗാംഗുലി ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു ആരോപണം. തന്റെ ബ്ലോഗിലൂടെ തനിക്കു നേരിട്ട ദുരനുഭവം പെണ്‍കുട്ടി പുറത്തുവിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: