ശബരിമല: ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് വാസ്തുവിദ്യാ വിദഗ്ധര്‍ അംഗീകാരം നല്കി. മാളികപ്പുറത്ത് ശ്രീ കോവിലിന്റെ ഒരേ നിരപ്പിലേക്ക് ഉപദേവതാ സ്ഥാനങ്ങള്‍ മാറ്റും. ശ്രീകോവിലിന് മാറ്റംവരുത്തില്ല. പഞ്ചപ്രകാരം നിര്‍മ്മാണം നടത്തണമെന്ന് നിര്‍ദ്ദേശിച്ചതായി പ്രശസ്ത വാസ്തുവിദ്യാ വിദഗ്ധന്‍ കാണിപ്പയൂര്‍ കൃഷ്ണന് നമ്പൂതിരി പറഞ്ഞു. മാളികപ്പുറത്ത് ശ്രീ കോവിലില്‍ നിന്നും നാലു വശത്തും 21 മീറ്റര്‍ അകലത്തില്‍ 45 മീറ്റര്‍ ചതുരത്തിനകത്ത് മതില് നിര്‍മ്മിക്കണം. ഉപദേവത പ്രതിഷ്ഠകള്‍ മാറ്റണം. നവഗ്രഹ സ്ഥാനം വടക്ക് കിഴക്ക് ആലിന്റെ ഭാഗത്തേക്ക് മാറ്റും.
മണിമണ്ഡപത്തിന്റെ വടക്കുള്ള നാഗപ്രതിഷ്ഠ മണിമണ്ഡപത്തിന്റെ തെക്ക് ഭാഗത്തേക്ക് മാറ്റും. ആലിന്റെ വടക്ക് കിഴക്ക് ജലാശയ സംവിധാനം ഒരുക്കും. മതില് നിര്‍മ്മിക്കുമ്പോള്‍ പ്രധാന ഗോപുരത്തിന്റെ ഇരുവശങ്ങളിലും രണ്ട് പുതിയ ഗോപുരങ്ങള്‍ പണിയും. തെക്കേ ഗോപുരം ക്ഷേത്രത്തിലേക്ക് കയറാനും വടക്കേ ഗോപുരം പുറത്തേക്കിറങ്ങാനും ഉപയോഗിക്കും. മതില് കഴിഞ്ഞ് പന്ത്രണ്ട് മീറ്റര്‍ വീതിയില്‍ റോഡുണ്ടാക്കും. ഏഴു ഡിഗ്രി ചരിവുള്ള മണിമണ്ഡപം പൊളിച്ച് അവിടെതന്നെ പണിയും. തിടപ്പള്ളിയും മേല്‍ശാന്തിയുടെ മഠവും പൊളിക്കും. നാലമ്പലമുണ്ടാക്കും. വലിയമ്പലത്തിന് മതിലുണ്ടാക്കും. ശീവേലിപ്പുര തൂണുകളില്‍ നിര്‍മ്മിക്കും. മതില് കഴിഞ്ഞ് നാലു മീറ്റര്‍ വീതിയില്‍ റോഡുണ്ടാക്കണം. പ്രദക്ഷിണ വഴി വിളക്കുമാടം ചുറ്റമ്പലം, ബലിക്കല്ല്, ദേവപ്രതിഷ്ഠ എന്നിങ്ങനെയാണ് പഞ്ചപ്രകാരത്തിലുള്ള നിര്‍മ്മാണം.
സന്നിധാനത്ത് അയ്യപ്പക്ഷേത്രത്തില്‍ ചുറ്റമ്പലം വേണം. അതിനകത്താണ് ഗണപതി വരേണ്ടത്. പുറത്ത് ശീവേലിപ്പുര ഉണ്ടാക്കണം. ശ്രീകോവിലില്‍ നിന്ന് തിരുമുറ്റം 23 മീറ്റര്‍ കൂടണം. അമ്പലത്തിന് മുന്‍ഭാഗത്ത് ആവശ്യത്തിനിടമുണ്ട്. എന്നാല്‍ മറ്റ് മൂന്ന് വശങ്ങളില് മുറ്റം വലുതാക്കണം. അഗ്രശാല നിര്‍മ്മിക്കുന്നതിന് മേല്‍ശാന്തിയുടേയും തന്ത്രിയുടേയും മഠങ്ങള്‍ മാറ്റണം അമ്പലത്തിന് പുറത്ത് മതില് കഴിഞ്ഞ് റോഡുണ്ടാക്കണമെന്ന് വാസ്തു വിദഗ്ധര്‍ നിര്‍ദേശിച്ചു. താമസം സൗകര്യം ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്താണ് ഒരുക്കേണ്ടത്. ഭസ്മക്കുളം സ്ഥാനത്തല്ല, ക്ഷേത്രത്തിന്റെ വടക്കു കിഴക്കന്‍ ഭാഗത്തേക്ക് മാറ്റണം. തെക്ക് കിഴക്ക് ഭാഗത്തുള്ള അരവണ പ്ലാന്റ് പുനര്‍നിര്‍മ്മിക്കും. പ്രസാദവിതരണം ക്ഷേത്രത്തിന്റെ വടക്ക് ഭാഗത്തേക്ക് മാറ്റണം. അരവണ ഉല്പാദനവും വിതരണവും ഒരേ കോംപ്ലക്സില്‍ പാടില്ല. നടപന്തല്‍ വീതികൂട്ടണം. ഒന്നോ രണ്ടോ നിലയാകാം. എന്നാല്‍ ശ്രീകോവിലിനെക്കാള്‍ ഉയരം പാടില്ല. ആഴി ചൂട് പുറത്തേക്ക് വരാത്തവിധം നിര്‍മ്മിക്കണം. നാളികേരം എറിയാന്‍ പതിനെട്ടാം പടികേറുന്നതിനു മുമ്പ് സംവിധാനം ഒരുക്കണം. സന്നിധാനത്ത് ശീവേലിപ്പുരയും മതിലിനകത്തായി അഗ്രശാലയും നിര്‍മ്മിക്കണം. ശീവേലിപ്പുര മേല്‍ക്കൂരയുള്ള പ്രദക്ഷിണവഴിയായിരിക്കും. ആറു നിലകളുള്ള കെട്ടിടമാണ് അരവണ പ്ലാന്റിന് അടുത്ത് വരുന്നത്. നിലവിലുള്ള കെട്ടിടങ്ങള്‍ മാറ്റേണ്ടിവരും നടപ്പന്തലും കഴിഞ്ഞ് ശ്രീകോവിലില്‍ നിന്ന് 31 മീറ്റര്‍ അകലെയായിരിക്കണം താമസസൗകര്യങ്ങളും ശൗചാലയങ്ങളും സജ്ജീകരിക്കേണ്ടത്.
വാസ്തു വിദ്യാ സദസ്സിന് തുടക്കം കുറച്ച് ശബരിമല മേല്‍ശാന്തി പി.എന്‍ നാരായണന് നമ്പൂതിരി ഭദ്രദീപം കൊളുത്തി. ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ ദേവസ്വം ബോര്‍ഡ് അംഗങ്ങളായ സുഭാഷ് വാസു പി.കെ കുമാരന്, ദേവസ്വം കമ്മീഷണര്‍ പി.വേണുഗോപാല്‍ വാസ്തു വിദ്യാ വിദഗ്ധരായ കാണിപ്പയൂര്‍ കൃഷ്ണന് നമ്പൂതിരി, കാണിപ്പയൂര്‍ മകന് കൃഷ്ണന് നമ്പൂതിരിപ്പാട് ,എന്‍.കെ രാജു, കെ മുരളീധരന് നായര്‍, ശ്രീകുമാര്‍ പെരിനാട്, ശബരിമല മാസ്റ്റര്‍ പ്ലാന്‍ കണ്‍സള്‍ട്ടന്റ് മഹേഷ്, ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസര്‍ ബി.മോഹന്‍ദാസ്, ചീഫ് എഞ്ചിനീയര്‍ (ജനറല്‍) ജോളി ഉല്ലാസ്, ചീഫ് എഞ്ചിനീയര്‍ മുരളീകൃഷ്ണന്, പിആര്‍ഒ മുരളീ കോട്ടയ്ക്കകം എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: