ന്യൂദല്‍ഹി: ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി വീരഭദ്രസിംഗിനെതിരായി ഉയര്‍ന്നുവന്ന അഴിമതിയാരോപണങ്ങളെപ്പറ്റി പ്രതികരിക്കാന്‍ തയ്യാറാവാത്ത കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ബിജെപി. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുല്‍ഗാന്ധിയും മിണ്ടാതെ ഒളിച്ചിരിക്കുകയാണെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. വീരഭദ്രസിങ്ങിനെതിരായ അഴിമതിയാരോപണത്തെപ്പറ്റി ലവലേശം ലജ്ജയില്ലാതെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നതെന്നും ജെയ്റ്റ്ലി പറഞ്ഞു.
സ്റ്റീല്‍ നിര്‍മ്മാണ കമ്പനിയുടെ കൈക്കൂലിപ്പണം നല്‍കിയവരുടെ പട്ടികയില്‍ വീരഭദ്രസിങ്ങിന്റെ പേരു കണ്ടതും ഷിംല ബാങ്കിലെ ഒരു അക്കൗണ്ടില്‍ നിന്നും 5.5 കോടി രൂപ വീരഭദ്രസിങ്ങിന്റേയും കുടുംബാംഗങ്ങളുടേയും എല്‍ഐസി പോളിസികളില്‍ നിക്ഷേപിച്ചതുമാണ് വിവാദമായിരിക്കുന്നത്. സിബിഐ സംഭവത്തെപ്പറ്റി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി കമ്പനിക്കനുകൂലമായി സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഇതിനു പ്രത്യുപകാരമായി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് പലിശ രഹിത വായ്പ അനുവദിച്ചതുമാണ് അടുത്ത ആരോപണം. അഴിമതി നിരോധന നിയമത്തിന്റെ സെക്ഷന്‍ 11 പ്രകാരം കുറ്റം ചെയ്തെന്ന് തെളിഞ്ഞിട്ടും മുഖ്യമന്ത്രിയെ സംരക്ഷിക്കാനാണ് അഴിമതിക്കെതിരെ പ്രസംഗിക്കുന്ന രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസിന്റെ ശ്രമമെന്നും ജയ്റ്റ്ലി പറയുന്നു.
വീരഭദ്രസിങ്ങിന്റെ അഴിമതി ചൂണ്ടിക്കാട്ടി ഡിസംബര്‍ 29ന് സിബിഐ ഡയറക്ടര്‍ക്ക് അരുണ്‍ ജയ്റ്റ്ലി അയച്ച കത്തിന്റെ അടിസ്ഥാനത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ദല്‍ഹി സ്പെഷ്യല്‍ പോലീസ് എസ്റ്റാബ്ലിഷ്മെന്റ് ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള നിയമനടപടികളും ഹിമാചല്‍ മുഖ്യമന്ത്രിക്കെതിരെ ചുമത്തണമെന്ന് അരുണ്‍ ജെയ്റ്റ്ലി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: