കോഴിക്കോട്: പശ്ചിമഘട്ട സംരക്ഷണത്തിനായി പ്രൊഫ. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കണമെന്ന ജനകീയ ആവശ്യം ഉയര്‍ത്തിപ്പിടിക്കുന്നതിനായി പ്രകൃതി സംരക്ഷണവേദി ജനകീയ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ചില രാഷ്ട്രീയ പാര്‍ട്ടികളും മത സാമുദായിക സംഘടനകളം നിലയുറപ്പിച്ച സാഹചര്യത്തിലാണ് പ്രകൃതി സംരക്ഷണ വേദി ഇതിന് മുന്നിട്ടിറങ്ങുന്നത്. കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയും കര്‍ഷക ജനതക്ക് ഹാനികരമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടെന്ന ധാരണ പരത്തുകയും ചെയ്തിരിക്കുന്ന സാഹചര്യത്തിലാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വ്യാപകമായ ചര്‍ച്ചക്ക് വിധേയമാക്കുന്നതിന് ജനകീയ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നത്. ഇതിനായി ഒപ്പു ശേഖരണം നടത്തി നാഷണല്‍ ഗ്രീന്‍ ട്രൈബ്യൂണല്‍, കേന്ദ്ര പരിസ്ഥിതിവകുപ്പ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് സമര്‍പ്പിക്കും. പശ്ചിമഘട്ട സംരക്ഷണത്തിനായി നടന്ന പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട അനൂപിനായുള്ള ശ്രദ്ധാഞ്ജലിയായിട്ടാണ് പ്രകൃതി സംരക്ഷണ വേദി ഇതു നടത്തുന്നത്. കോഴിക്കോട് ജില്ലയിലെ നരിപ്പറ്റ പഞ്ചായത്തിലെ എടോനി മലയുള്ക്കൊള്ളുന്ന ആറാം വാര്‍ഡില്‍ നടന്ന ഗ്രാമസഭ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനനുകൂലമായി പ്രതികരിച്ചത് വേദി ചൂണ്ടിക്കാട്ടി.
ജനുവരി 26 മുതല്‍ ഫെബ്രുവരി 26 വരെയാണ് സംസ്ഥാന വ്യാപകമായി ഗ്രാമസഭകള്‍ വിളിച്ചുചേര്‍ക്കുന്നത്. ഇതിന്റെ സംസ്ഥാനതല പ്രഖ്യാപനം ജനുവരി 9ന് കോഴിക്കോട് അളകാപുരി ഓഡിറ്റോറിയത്തില്‍ നടക്കും. വൈകിട്ട് 5 ന് നടക്കുന്ന പരിപാടിയില്‍ കുമ്മനം രാജശേഖരന്, ഡോ.വി.എസ്.വിജയന്(ഗാഡ്ഗില്‍ കമ്മിറ്റി അംഗം), ഡോ.സജീവ്, ഡോ.എ.അച്യുതന്(കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്), പ്രൊഫ. ടി.ശോഭീന്ദ്രന്, എം.ടി.രമേശ്,(ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റ്), എം.എന്‍. ജയചന്ദ്രന്(പ്രകൃതി സംരക്ഷണവേദി) എന്നിവര്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പി. ജിജേന്ദ്രന്‍, ഇ.സി. അനന്തകൃഷ്ണന്, അനൂപ് കുന്നത്ത്, അഡ്വ. ശ്രീപത്മനാഭന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: