ന്യൂദല്‍ഹി: സ്വകാര്യ ടെലികോം കമ്പനികളില്‍ സിഎജിക്ക് ഓഡിറ്റിങ് നടത്താമെന്ന് ദല്‍ഹി ഹൈക്കോടതി. സ്വകാര്യ ടെലികോം കമ്പനികളുടെ വരവു ചെലവു കണക്കുകള്‍ പരിശോധിക്കാന്‍ സിഎജിക്ക് അധികാരമില്ലെന്നു കാട്ടി കമ്പനികള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. സ്വകാര്യ ടെലികോം കമ്പനികളുടെ പണമിടപാടുകളില്‍ സര്‍ക്കാരിനും പങ്കുള്ള സ്ഥിതിക്കാണ് സിഎജിക്ക് കണക്കുകള്‍ പരിശോധിക്കാമെന്ന് കോടതി വിലയിരുത്തിയത്.
2ജി സ്പെക്ട്രം അഴിമതിക്കേസുകളുമായി ബന്ധപ്പെട്ടാണ് കമ്പനികളോട് വരവു ചെലവു കണക്കുകള്‍ ഹാജരാക്കാന്‍ സിഎജി ഉത്തരവിട്ടത്. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് കമ്പനികള്‍ കോടതിയെ സമീപിച്ചത്. എന്നാല്‍ വരവു ചെലവു കണക്കുകള്‍ ഹാജരാക്കണമെന്നും ലൈസന്‍സ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കേണ്ടതില്ലെന്നും ദല്‍ഹി ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി.
ഇതിനെ ചോദ്യം ചെയ്ത് കമ്പനികള്‍ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരി വയ്ക്കുകയായിരുന്നു. ഹൈക്കോടതിയുടെ അന്തിമ വിധി വന്നതിനു ശേഷം കണക്കുകള്‍ സിഎജിക്ക് കൈമാറിയാല്‍ മതിയെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
ഇക്കാര്യത്തില്‍ അന്തിമ വിധിയാണ് കോടതി ഇന്ന് പുറപ്പെടുവിച്ചത്. ഇതോടെ സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് വരവു ചെലവു കണക്കുകള്‍ സിഎജി നല്‍കേണ്ടി വരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: