തിരുവനന്തപുരം: ഐടി മേഖലയെ ബാധിക്കുന്ന നികുതി സംബന്ധമായ പ്രശ്നങ്ങക്ക് രംഗാചാരി കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിഹാരം കാണുമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്. ഇന്ത്യയിലെ ഐടി മേഖല, പ്രത്യേകിച്ച് സോഫ്റ്റ്വെയര് വികസനത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അസാധാരണമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയ്ക്ക് കൂടുതല്‍ വളര്‍ച്ച പ്രാപ്തമാക്കുന്ന അന്തരീക്ഷം സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ടിസിഎസ് ഗ്ലോബല്‍ ലേണിംഗ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു പ്രധാനമന്ത്രി.
വിദേശ രാജ്യങ്ങളില്‍ തൊഴില്‍ തേടിപ്പോകുന്നവരുടെ ഇമിഗ്രേഷന്‍, വിസ പ്രശ്നങ്ങളും പരിഹരിക്കും. രാജ്യത്തെ ഹാര്ഡ്വെയര് ആവാസവ്യവസ്ഥയും മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. രാജ്യത്ത് രണ്ട് സെമി കണ്ടക്ടര്‍ വാട്ടര്‍ ഫാബ്രിക്കേഷന്‍ നിര്‍മ്മാണ സംവിധാനം സ്ഥാപിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുകയാണ്. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ വിപുലമായ രീതിയില്‍ വിദഗ്ധ പരിശീലനം നല്‍കണം. നമ്മുടെ വികസിക്കുന്ന സാമ്പത്തികാവസ്ഥയ്ക്ക് ആവശ്യമുള്ള വിദഗ്ധ തൊഴിലാളികളെ സൃഷ്ടിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദഗ്ധ പരിശീലനം ലഭ്യമാക്കാനുള്ള സഹായം നല്‍കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്‍ഗണന നല്‍കും. കഴിവുകള്‍ മെച്ചപ്പെടുത്താനുള്ള പരിശീലനം നല്‍കുന്നതിന് കേന്ദ്രം വളരെ ആകര്‍ഷകമായ പദ്ധതികള്‍ ലക്ഷ്യമിട്ടിട്ടുണ്ട്. ഈ മേഖലയില്‍ നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിച്ച് കഴിഞ്ഞു. ചില പദ്ധതികള്‍ സ്വകാര്യ മേഖലയുടെ സഹകരണത്തോടെയാണ് നടത്തുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ചടങ്ങില്‍ ഗവര്‍ണര്‍ നിഖില്‍കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്രസഹമന്ത്രി ശശിതരൂര്‍, മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ടി.കെ.എ. നായര്‍, എന്‍. ചന്ദ്രശേഖരന്, അജോയ് മുഖര്‍ജി എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: