ശബരിമല : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അന്നദാനപ്രഭുവായ അയ്യപ്പസ്വാമിയുടെ സന്നിധിയിലെത്തുന്ന എല്ലാ ഭക്തര്‍ക്കും ഈ സീസണില്‍ നല്‍കിവരുന്ന അന്നദാനം ജനുവരി 19 വരെ നീണ്ടുനില്‍ക്കും. മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള അന്നദാന മണ്ഡപത്തിലാണ് ഇത് നല്‍കുന്നത്. പ്രഭാതഭക്ഷണം രാവിലെ മൂന്നിന് നടതുറക്കുന്നതുമുതല്‍ ആരംഭിക്കും. ഉപ്പുമാവും കടലക്കറിയുമാണ് നല്‍കുന്നത്. ഇത് 11 മണി വരെ നീണ്ടുനില്‍ക്കും തുടര്‍ന്ന് 11.30 മുതല്‍ ഉച്ചഭക്ഷണം ആരംഭിക്കും.ഉച്ചയൂണിന് ചോറ്, സാമ്പാര്‍, അവിയല്‍, തോരന്‍,രസം എന്നിവയാണ് വിഭവങ്ങള്‍. നാലു മണി വരെ ഇവ നല്‍കും.
അത്താഴഭക്ഷണം 6 മണിക്ക് തുടങ്ങും വൈകിട്ട് 12 മണിവരെ നീളും. കഞ്ഞി, പയര്‍, അച്ചാര്‍ എന്നിവയാണ് നല്‍കുന്നത്. രാവിലെയും ഉച്ചയ്ക്കും രാത്രിയിലുമായി ഒരു ദിവസം ഒരു നേരം ശരാശരി അയ്യായിരം പേര് ഭക്ഷണം കഴിക്കുന്നു.
ഏറ്റുമാനൂര്‍ അസിസ്റ്റന്റ് കമ്മീഷണറാണ് ജി. ഹരികേസരിയാണ് അന്നദാന സ്പെഷല്‍ ഓഫീസര്‍. അസിസ്റ്റന്റായി സബ് ഗ്രൂപ്പ് ഓഫീസര്‍ ഗോവിന്ദന് നമ്പൂതിരിയും ഉണ്ട്. പന്ത്രണ്ട് ക്ഷേത്ര ജീവനക്കാരും 40 പലവേലക്കാരും 79 ദിവസജോലിക്കാരും സേവനത്തിനുണ്ട്. ഹരിപ്പാട് സ്വദേശി പത്മനാഭപിള്ളയാണ് മുഖ്യപാചകക്കാരന്‍. 13 സഹപാചകക്കാരും ഉണ്ട്. അന്നദാനത്തിനുള്ള പണം സ്വരൂപിക്കാന്‍ ശ്രീ ധര്‍മ്മ ശാസ്താ അന്നദാന ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ട്.
അന്നദാനത്തിനുള്ള സംഭാവനകള്‍ സന്നിധാനത്തുള്ള അന്നദാന മണ്ഡപത്തിലും മഹാ കണിയ്ക്ക കൗണ്ടറിലും, എക്സിക്യൂട്ടീവ് ഓഫീസിന് മുന്നിലും കൂടാതെ പമ്പ, പന്തളം, എരുമേലി എന്നിവിടങ്ങളിലും സ്വീകരിക്കും. അന്നദാനത്തിനുള്ള സംഭാവനകള്‍ നല്‍കുന്നവര്‍ക്ക് ആദായനികുതി ഇളവ് ലഭിക്കും. വൃത്തിയും വെടിപ്പുമുള്ള അന്തരീക്ഷത്തില്‍ രുചികരമായ ഭക്ഷണമാണ് ഭക്തജനങ്ങള്‍ക്ക് നല്‍കുന്നത്.
പമ്പയില്‍ അന്നദാനത്തിന് രണ്ട് മണ്ഡപങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. അതില്‍ ഒരു മണ്ഡപത്തില്‍ 24 മണിക്കൂറും ഭക്ഷണം നല്കുന്നു. രാവിലെ ഇഡ്ലിയും തുടര്‍ന്ന് പൊങ്കലും നല്കിവരുന്നു. പൊങ്കല്‍ പ്രസാദം സേവിക്കാന്‍ മാത്രം പതിനായിരക്കണക്കിന് ഇതര സംസ്ഥാന അയ്യപ്പഭക്തരാണ് എത്തുന്നത്. പമ്പ തീരത്താണ് പുതിയ അന്നദാനമണ്ഡപം. ഗണപതി ക്ഷേത്രത്തിന്റെ പടിക്കു താഴെയുള്ള പഴയ അന്നദാന മണ്ഡപത്തില്‍ മൂന്ന് നേരം അന്നദാനം നല്കുന്നു. ഇവിടെ രാവിലെ കാപ്പി, ഉച്ചയ്ക്ക് ഊണ്, രാത്രി കഞ്ഞി എന്നിവയാണ് നല്‍കുന്നത്. പന്തളത്ത് രാവിലെയും രാത്രിയും ദേവസ്വം ബോര്‍ഡ് അന്നദാനം നല്‍കുന്നുണ്ട്. ഉച്ചയ്ക്ക് ക്ഷേത്രോപദേശക സമിതി ഭക്ഷണം നല്കുന്നു. എരുമേലിയില്‍ രാവിലെ മുതല്‍ രാത്രിവരെയും കഞ്ഞിയും പയറും നല്‍കും. ദേവസ്വം ബോര്‍ഡാണ് ഇതു നല്‍കുന്നത്. ശബരിമലയില്‍ തിരുവിതംകൂര്‍ ദേവസ്വം ബോര്‍ഡ് നടത്തുന്ന അന്നദാനത്തെ കൂടാതെ അയ്യപ്പസേവാ സംഘം, അയ്യപ്പസേവാ സമിതി, എസ് എം ഫൗണ്ടേഷന് തുടങ്ങിയ സംഘടനകളും അന്നദാനം നടത്തിവരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: