ന്യൂദല്‍ഹി: നഗരമധ്യത്തിലെ ഇരട്ട ബംഗ്ലാവിലേക്ക് താമസം മാറ്റാനുള്ള തീരുമാനം ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ഉപേക്ഷിച്ചു. ലാളിത്യത്തിന്റെ വക്താക്കളെന്ന് സ്വയം വിശേഷിപ്പിക്കുന്ന ആംആദ്മി പാര്‍ട്ടിയുടെ നേതാവ് ആഡംബര ബംഗ്ലാവില്‍ അധിവസിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്ത കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം പിന്‍വലിക്കാന്‍ കേജ്രിവാള് പ്രേരിതനായത്. ഇത്രയും വലുതല്ലാത്തൊരുവീട് അന്വേഷിക്കുമെന്ന് കെജ്രിവാള് വ്യക്തമാക്കി. മുഖ്യമന്ത്രിയായാലും നിലവില്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും മാറില്ലെന്നായിരുന്നു കേജ്രിവാള് ആദ്യം പറഞ്ഞിരുന്നത്.
ഭഗവാന്‍ദാസ് റോഡില്‍ 15000 സ്ക്വയര്‍ഫീറ്റില്‍ സ്ഥിതിചെയ്യുന്ന പത്ത് മുറികളുള്ള ഇരട്ട ബംഗ്ലാവ് കേജ്രിവാളിന്റെ മാതാപിതാക്കളും ഭാര്യയും മക്കളുമെല്ലാം വെള്ളിയാഴ്ച വന്നുകണ്ട് താമസത്തിനായി തെരഞ്ഞെടുത്തിരുന്നു. ഇവിടെ ലക്ഷങ്ങള്‍ മുടക്കി അറ്റകുറ്റപ്പണികളും ആരംഭിക്കുകയുണ്ടായി. എന്നാല്‍ മാധ്യമ വാര്‍ത്തകള്‍ വന്നതോടെ കേജ്രിവാള് നീക്കത്തില്‍ നിന്നു പിന്‍വലിഞ്ഞു. കേന്ദ്രമന്ത്രിമാര്‍ക്കും സുപ്രീംകോടതി ജസ്റ്റിസുമാര്‍ക്കും പോലും ലഭിക്കാത്ത വിധം വലുപ്പമുള്ള വീട് സ്വീകരിച്ച കേജ്രിവാളിന്റെ നടപടി വലിയ നാണക്കേടാണ് ആംആദ്മി പാര്‍ട്ടിക്കുണ്ടാക്കിയത്. ഇതും തീരുമാനം തിരുത്താന്‍ ദല്‍ഹി മുഖ്യനെ നിര്‍ബന്ധിതനാക്കി.
സുഹൃത്തുക്കളും അനുഭാവികളും ഫോണിലൂടെ നടത്തിയ അഭ്യര്‍ത്ഥന മാനിച്ചാണ് തീരുമാനം മാറ്റിയതെന്നും ചെറിയ വീട് കണ്ടുപിടിക്കാന്‍ നിര്‍ദേശിച്ചതായും കേജ്രിവാള് പറഞ്ഞു. എന്നാല്‍ തനിക്ക് രണ്ടു വീടുകളുടെ ആവശ്യമുണ്ടെന്ന് കേജ്രിവാള് ആവര്‍ത്തിച്ചിട്ടുണ്ട്.
അധികാരത്തിന്റെ സുഖലോലുപതയില്‍ മുഴുകില്ലെന്ന് ആണയിട്ടുകൊണ്ടിരുന്ന ആംആദ്മി പാര്‍ട്ടി നേതൃത്വം ഭരണത്തിലേറി ചുരുങ്ങിയ ദിവസങ്ങള്‍ക്കകം ജീവിതരീതി മാറ്റുന്ന കാഴ്ചയാണ് കാണുന്നത്. രാഖി സാവന്ത് അടക്കമുള്ള മന്ത്രിമാര്‍ നിയമസഭയില്‍ ഇരുന്നുറങ്ങുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നതും എഎപിക്ക് നാണക്കേടായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: