ന്യൂദല്‍ഹി: ബിജെപിക്കും നരേന്ദ്രമോദിക്കും പിന്തുണയേറുന്നു. തമിഴ്നാട്ടിലെ വൈക്കോ ബിജെപിയോട് ചേരാനുള്ള സന്നദ്ധത കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നതിനു പിറകേ ഹരിയാനയില്‍നിന്ന് ഇന്ത്യന്‍ നാഷണല്‍ ലോക്ദളും മോദിക്കും ബിജെപിക്കും നിരുപാധിക പിന്തുണ പ്രഖ്യാപിച്ചു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം മോദിപ്രധാനമന്ത്രിയാകാന് ബിജെപിക്ക് ലോക്ദള്‍ നിരുപാധിക പിന്തുണ നല്‍കുമെന്ന് ഐഎന്‍എല്‍ എംഎല്‍എ ആയ അഭയ് ചൗട്ടാല പറഞ്ഞു. “മുമ്പ് മറ്റൊരു രാഷ്ട്രീയ സാഹചര്യമായിരുന്നു. നാളെ മറ്റൊന്നാകുമെന്നാണു കാണുന്നത്. ഞങ്ങള്‍ അതു നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്…’, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് അഭയ് പ്രതികരിച്ചു.
ബിജെപിക്കാര്‍ ഇപ്പോഴും കൂട്ടുകാര്‍ തന്നെയാണ്. അവര്‍ കൂട്ടുകാരായി തുടരുകയും ചെയ്യും. ബിജെപിയും ഐഎന്‍എല്‍ഡിയും മുമ്പ് എന്‍ഡിഎയില്‍ ആയിരുന്നെങ്കിലും പിന്നീട് വേര്‍പിരിഞ്ഞു. ഇപ്പോള്‍ കോണ്‍ഗ്രസില്‍നിന്നു പിരിഞ്ഞു പോയ കുല്‍ദീപ് ബിഷ്ണോയ് രൂപീകരിച്ച ഹരിയാനാ ജന്‍ഹിത് കോണ്‍ഗ്രസാണ് സംസ്ഥാനത്തെ ബിജെപിയുടെ സഖ്യകക്ഷി.
നരേന്ദ്രമോദിയെ പിന്തുണക്കുന്നതിനുള്ള സാധ്യതയെക്കുറിച്ചു ചോദിച്ചപ്പോള്‍ “മോദി പ്രധാനമന്ത്രിയാകാന്‍ നിരുപാധിക പിന്തുണ നല്കു”മെന്ന് അഭയ് പറഞ്ഞു. കോണ്‍ഗ്രസിനെ തോല്പ്പിക്കുന്നവര്ക്കാണു ഞങ്ങളുടെ പിന്തുണയെന്നും ചൗട്ടാല തുടര്‍ന്നു. നരേന്ദ്രമോദിയെക്കുറിച്ച് പ്രധാനമന്ത്രി മന്മോഹന് സിംഗ് നടത്തിയ പ്രസ്താവനയെക്കുറിച്ചു പറയവേ കോണ്‍ഗ്രസ് പാര്‍ട്ടി സ്വയം പരാജയം സമ്മതിക്കുകയാണ് അതുവഴി ചെയ്തിരിക്കുന്നതെന്ന് ചൗട്ടാല പറഞ്ഞു.
ഹരിയാനയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പും നടത്തുമെന്നാണു കണക്കാക്കുന്നതെന്നു അഭയ് ചൗട്ടാല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: