ചടുലവും തന്ത്രപരവും സാഹസികവുമായ നീക്കങ്ങളിലൂടെ ശത്രുവിന്റെ നില തെറ്റിക്കുന്നവന്. സ്റ്റെയിലന്‍ ലുക്കിലൂടെ സുന്ദരിമാരുടെ ഹൃദയം കവരുന്നവന്, ജയിംസ് ബോണ്ട് ഏജന്റ് 007. പതിറ്റാണ്ടുകളായി ആരാധകരെ ഹരംകൊള്ളിക്കുന്ന ആ രഹസ്യാന്വേഷണ ഏജന്റ് വെള്ളിത്തിരയില്‍ പുതിയ രൂപം സ്വീകരിക്കാന്‍ ഒരുങ്ങുന്നു!. 2006ല്‍ ബ്രിട്ടീഷുകാരനായ ഡാനിയേല്‍ ക്രെയ്ഗിലേക്ക് പ്രവേശിച്ച ബോണ്ട് തിരിച്ചിറങ്ങിയേക്കുമെന്ന് സൂചന. ആരാവും ബോണ്ടിന് പുതിയ രൂപവും ഭാവവും നല്‍കുക. ക്രിസ്റ്റ്യന്‍ ബെയ്ല് (വെയ്ല്‍സ്), ഗയ് പിയേഴ്സ് (ഓസ്ട്രേലിയ), ജോണ്‍ ഹാം (അമേരിക്ക), സാം വര്‍ത്തിങ്ങ്ടണ്‍ (ഓസ്ട്രേലിയ) അങ്ങനെ പോകുന്നു സാധ്യതക്കാരുടെ പട്ടിക. എന്നാല്‍ വില്‍ സ്മിത്തെന്ന ഹോളിവുഡ് കണ്ട ഏറ്റവും വിപണി മൂല്യമുള്ള നടന് ബോണ്ടിന്റെ വേഷമണിയാന്‍ ഒരുങ്ങുന്നുവെന്ന് ചില സിനിമാ ജ്യോതിഷികള്‍ പ്രവചിക്കുന്നു. അങ്ങനെ സംഭവിച്ചാല്‍ അതു ചരിത്രമാവും. ലോക സിനിമയിലെ ഏറ്റവും പോപ്പുലറായ റോള്‍ കൈകാര്യം ചെയ്യുന്ന ആദ്യ കറുത്തവര്‍ഗക്കാരനായ അമേരിക്കക്കാരനായിത്തീരും സ്മിത്ത്. കറുത്ത ബോണ്ടിനെ ഇദംപ്രഥമമായി സ്മിത്തിലൂടെ പ്രേക്ഷകലക്ഷം ദര്‍ശിക്കും. ബ്രിട്ടീഷ് പ്രതിനിധി ഇദ്രിസ് എല്‍ബ ബോണ്ടാകുമെന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്. എങ്കില്‍ അതും ബോണ്ട് ചിത്രങ്ങളുടെ ചരിത്രത്തിലെ ബ്ലാക്ക് റവല്യൂഷന് കന്നി ക്ലാപ്പടിക്കലാവും.
നീലക്കണ്ണുള്ള ക്രെയ്ഗിന്റെ പിന്‍ഗാമിയെത്തേടുമ്പോള്‍ പ്രേക്ഷക സങ്കല്‍പ്പങ്ങള്‍ മാറ്റിമറിക്കാന്‍ അണിയറക്കാര്‍ ഉദ്ദേശിക്കുന്നില്ല. അത് അതിസാഹസികതയാകുമെന്ന് അവര്‍ക്ക് നന്നായറിയാം. സൗമ്യനും പതിവുശീലങ്ങള്‍ കൈവിടാത്തവനുമായ ബോണ്ട് തന്നെയാവും ഇത്തവണയും സ്ക്രീനിലെത്തുക. എങ്കിലും ഒരു വിഭിന്ന മുഖം അവര്‍ കൊതിക്കുന്നു. അതാണ് വില്‍ സ്മിത്തിലും ഇദ്രിസ് എല്ബയിലുമൊക്കെ അന്വേഷണങ്ങളെ കൊണ്ടെത്തിക്കുന്നത്. വെളുത്തവനാണ് ഹീറോയെന്ന പാശ്ചാത്യ വീക്ഷണത്തിലെ വ്യതിയാനങ്ങളും ഈ നീക്കത്തിന് ചാലകശക്തിയായിട്ടുണ്ട്. ആണിന് പെണ്ണായി വേഷംകെട്ടാമെങ്കില് കറുത്തവനെന്താ ബോണ്ടായിക്കൂടെയെന്ന ചിന്ത മുളപൊട്ടിത്തുടങ്ങിയിരിക്കുന്നു ഹോളിവുഡിലെ ബ്രഹ്മന്മാരുടെ തലച്ചോറില്‍.
ബോക്സ് ഓഫീസിനെ ഇളക്കിമറിച്ച വിജയ ചിത്രങ്ങളിലെ നായകന്, ബോണ്ടിന്റെ വേഷത്തില്‍ സ്മിത്തിനെ നോക്കിക്കാണാന്‍ നിര്‍മ്മാണ കമ്പനിയെ പ്രേരിപ്പിക്കുന്ന കാര്യങ്ങളിലൊന്നതാണ്. സ്മിത്ത് ബോണ്ടിന്റെ ഉടയാടകള്‍ ചാര്ത്തിയാല് ചിത്രത്തിന് ലഭിക്കുന്ന പ്രീ പബ്ലിസിറ്റിയുടെ തോത് കൂടും. ഹോളിവുഡിലെ ഏറ്റവും വ്യാപാര സാധ്യതയുള്ള മുഖമാണ് സ്മിത്തിന്റേത്. ‘ഇന്‍ഡിപെന്റസ് ഡേ’, ‘മെന്‍ ഇന്‍ ബ്ലാക്’, ബാഡ് ബോയ്സ്, ഹാന്‍കോക്ക്, ഹിച്ച്, ‘പെര്‍സ്യൂട്ട് ഓഫ് ഹാപ്പിനസ്’തുടങ്ങിയ ചിത്രങ്ങളുടെ വിജയങ്ങളില്‍ സ്മിത്ത് വഹിച്ച പങ്ക് ചില്ലറയല്ല. ‘സെവന് പൗണ്ട്സും’ ‘ആഫ്റ്റര്‍ എര്‍ത്തു’മൊക്കെ അദ്ദേഹത്തിന്റെ നടന വൈഭവം അടിവരയിടുകയും ചെയ്തു. 45 കാരനായ സ്മിത്തിനെ ബോണ്ടാക്കാനുള്ള നീക്കത്തെ വിമര്‍ശിക്കുന്നവരും ഇല്ലാതില്ല.
എന്നാല്‍ ബോണ്ടിന്റെ വ്യക്തിത്വം പരിവര്‍ത്തന വിധേയമാണെന്ന് അടിവരയിടാന്‍ സ്മിത്തിനെ കാസ്റ്റ് ചെയ്യുന്നതിലൂടെ സാധിക്കും. സ്മിത്തിനോളം ശാന്തവും സൗമ്യവുമായ പ്രകടനം മറ്റാരില്‍ നിന്നും ലഭിക്കില്ലെന്ന വിലയിരുത്തലും സിനിമാ വിചക്ഷണന്മാര് നടത്തുന്നു. പ്രണയവും കലഹവുമെല്ലാം സ്മിത്തിന് നന്നായി വഴങ്ങും. വൈവിധ്യങ്ങളായ അഭിനയ നിപുണതകളുള്ള സ്മിത്ത് ബോണ്ടിനെ അവിസ്മരണീയമാക്കിയാല് അതില്‍ അതിശയിക്കാനില്ലെന്ന് തന്നെ പറയാം. ബോണ്ടാകാനുള്ള താത്പര്യം നേരത്തെ തന്നെ സ്മിത്ത് പ്രകടിപ്പിച്ചിരുന്നു. ആദ്യ ബ്ലാക് ബോണ്ടിനെ യാഥാര്‍ത്ഥ്യമാക്കാന്‍ തന്നോളം യോഗ്യന്‍ മറ്റാരുമില്ലെന്ന ആത്മവിശ്വാസവും വില്‍ സ്മിത്തിന്റ പ്ലസ് പോയിന്റാണ്.
ഇദ്രിസ് എല്‍ബയും ആര്‍ക്കും പിന്നിലല്ല. എച്ച്ബിഒയിലെ ‘ദ വയര്‍’ എന്ന പരമ്പരയില്‍ അവതരിപ്പിച്ച മാഫിയ തലവന്റെ വേഷം മാത്രം മതി ആ ബ്ലാക് സ്റ്റാറിന്റെ പ്രതിഭ തൊട്ടറിയാന്‍. ബിബിസിയിലെ ഡിറ്റക്ടീവ് ലൂതറും എല്ബയുടെ കൈയില്‍ ഭദ്രം. കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ പുറത്തിറങ്ങിയ മണ്ടേല: ദ ലോങ്ങ് വാക്ക് ടു ഫ്രീഡം എല്ബിസിന് അനുവാചക പ്രശംസ ഏറെ നേടിക്കൊടുത്തു. അതുവരെ എല്ബയുടെ കഴിവില്‍ സംശയം പ്രകടിപ്പിച്ചവര്‍പോലും സ്വരംമാറ്റി. ഡെന്‍സല്‍ വാഷിങ്ങ്ടണ്‍ പ്രായമേറുന്ന സാഹചര്യത്തിലും വില്‍ സ്മിത്ത് പിന്‍വലിഞ്ഞു നില്ക്കുന്ന പശ്ചാത്തലത്തിലും മെയ്ന്‍സ്ട്രീമില്‍ ഒരു കറുത്ത വര്‍ഗക്കാരനായ താരത്തിന്റെ അഭാവം നികത്താന്‍ എല്ബയുടെ സാന്നിധ്യം സഹായിക്കുമെന്നു കരുതുന്നവര്‍ ഏറെയുണ്ട്. ആകര്‍ഷകമായ മാനറിസങ്ങളിലൂടെ ഇതിനകം ആരാധക വൃന്ദത്തെ സൃഷ്ടിച്ചുകഴിഞ്ഞു എല്‍ബ. തോക്ക് ഉപയോഗിച്ചുള്ള സീനുകളില്‍ എല്‍ബ ഏറെ സ്റ്റെയിലിഷാണ്. നടത്തത്തിലും അങ്ങനെ തന്നെ. എല്ബയുടെ എരിയുന്ന കണ്ണുകളും ബോണ്ടിനു പുതിയ ഛായ നല്‍കിയേക്കും. പക്ഷേ, കറുത്ത ബോണ്ടെന്ന് അറിയപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്ന് എല്‍ബ പറയുന്നു. നിറത്തിലൂടെയല്ല അഭിനയ മികവിന് അടിസ്ഥാനമാക്കിയാണ് തന്നെ വിലയിരുത്തേണ്ടതെന്നും താരം വ്യക്തമാക്കിക്കഴിഞ്ഞു.
വിനോദ്.എസ്.പി
പ്രതികരിക്കാൻ ഇവിടെ എഴുതുക: