ഏതായാലും പുതുവര്‍ഷം പിറന്നു. പഴയ വര്‍ഷം പോവുമ്പോള്‍ ഏര്‍പ്പെടുത്തിയ വിടവാങ്ങല്‍ ചടങ്ങും ഒപ്പം പുതുവര്‍ഷത്തിന്റെ എതിരേല്‍പ്പ് ചടങ്ങും കേമമായെന്നാണ് മാധ്യമവിശകലനങ്ങള്‍. പതിവുപോലെ ബിവറേജസ് കോര്പ്പറേഷന് എം.ഡി ആഹ്ലാദപ്രഹര്ഷത്തിലത്രേ. മേപ്പടി കടയില്‍ നിന്ന് സാധനം വാങ്ങി തൊട്ടുനോക്കാത്ത വിദ്വാന്മാര് പോലും ഒരു ക്വാട്ടര്‍ വാങ്ങി മിനുങ്ങാന്‍ തയ്യാറാവുന്ന ദിനമല്ലോ പുതുവര്‍ഷത്തലേന്ന്. ആ സാധനത്തിന്റെ കെടുതികള്‍ അനുഭവിച്ചവരും, അനുഭവിക്കുന്നവരും വേണ്ടത്രയുണ്ട്. ചില ഘടാഘടിയന്മാര് മദ്യത്തിനെതിരെ ഘോരഘോര പ്രസംഗം ശബ്ദത്തിലും അക്ഷരത്തിലും നിര്‍വഹിച്ച് നിര്‍വൃതിയടഞ്ഞു. ഇതിനെതിരെ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് മൗനം പാലിച്ചു. മൗനം ആര്‍ക്കോ ചിലര്‍ക്ക് ഭൂഷണമെന്ന് പ്രമാണമുള്ളതിനാല്‍ അവര്‍ രക്ഷപ്പെടട്ടെ. ബിവറേജസ് കോര്പ്പറേഷന് വെല്വൂതാക.
പുതുവര്‍ഷത്തലേന്ന് പൊട്ടിയ അമിട്ടിന്റെ സുഖാലസ്യത്തില്‍ കിടന്നുറങ്ങിയവര്‍ പിറ്റേന്ന് പൊട്ടിയ ബോംബിന്റെ പ്രകമ്പനത്തില്‍ നിന്ന് ഇനിയും മുക്തരായിട്ടില്ല. ഇനി മുക്തരാകാനും പ്രയാസംതന്നെ. സാധാരണ ജനത്തെ കൊള്ളയടിച്ച് കോര്‍പ്പറേറ്റ് മൂലധനക്കാര്‍ക്ക് ചുളുവില്‍ കൊടുക്കുന്ന വിദ്യ സ്വായത്തമാക്കിയവര്‍ ഏത് ആം ആദ്മി പാര്‍ട്ടിയുടെ ശക്തി കണ്ടാലും പഠിക്കില്ല. ആധാര്‍ വഴി നിരാധാരമായവരുടെ മൂര്‍ധാവില്‍ കൂടംകൊണ്ടടിക്കുകയാണ്. ഗ്യാസ് എന്നു കേള്‍ക്കുമ്പോഴേക്ക് ബോധം കെടുന്ന അവസ്ഥ സൃഷ്ടിച്ചതില്‍ അവരോട് നമുക്കുള്ള നന്ദി രേഖപ്പെടുത്താന്‍ ഇനി കഷ്ടി 187 ദിനങ്ങളേയുള്ളൂ. അതുവരെ ഗ്യാസുണ്ടാകാന്‍ ദൈവംതമ്പുരാനോട് മുട്ടിപ്പാടി പ്രാര്‍ത്ഥിക്കുക. മനുഷ്യര്‍ക്ക് ഒരു ധാരണയും ഉണ്ടാവാതിരിക്കാനുള്ള അനിതര സാധാരണ പ്രവൃത്തിയുടെ പേര് ആധാര്‍ എന്നായത് എത്ര ഭാഗ്യം. ഒരു ഗ്യാസ് സിലിണ്ടറിന് മുമ്പ് ഇത്ര വിലയാണെന്ന് ഏത് വിദ്വാനും അറിയാമായിരുന്നു. ഇന്നങ്ങനെയല്ല. ഒരു വിവരവുമില്ല. അപ്പോള്‍ ഒരു പ്രശ്നവുമില്ല. ഒന്നിനെക്കുറിച്ച് ധാരണയുണ്ടാവുമ്പോഴാണല്ലോ പേടിയുണ്ടാകുക. സുനാമി, ഭൂമി കുലുക്കം, അഗ്നിപര്‍വത സ്ഫോടനം തുടങ്ങിയവയൊക്കെ പൊടുന്നനെയല്ലേ വരിക. ഗ്യാസിന്റെ വിലയും അങ്ങനെയെന്ന് കരുതി നോക്കൂ. നല്ല സമാധാനത്തോടെ, സ്വസ്ഥതയോടെ കിടന്നുറങ്ങാം. പിറ്റേന്ന് ജീവനുണ്ടെങ്കിലെന്ത്, ഇല്ലെങ്കിലെന്ത്?
ലോകത്തിന് മുഴുവന്‍ വെളിച്ചമായിത്തീര്‍ന്ന ശ്രീനാരായണ ദര്‍ശനങ്ങളെ നെഞ്ചേറ്റാന്‍ ചില രാഷ്ട്രീയകക്ഷികള്‍ അഹമഹമികയാ മുമ്പോട്ടു വരികയാണ്. ഗുരുദര്‍ശനം വഴി പോരുന്ന വോട്ടുകള്‍ തങ്ങള്‍ക്കു നേടിത്തരാവുന്ന സൗഭാഗ്യങ്ങളിലേക്ക് അവര്‍ വലവീശിക്കഴിഞ്ഞു. ഒരാള്‍ ശിവഗിരിയിലെത്തി പറഞ്ഞത് ഗുരുവിനെ ഒരു മതത്തിന്റെ വക്താവാക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്നാണ്. വാസ്തവത്തില്‍ ഗുരു ഏതെങ്കിലും മതത്തിന്റെ ചിട്ടവട്ടങ്ങളിലേക്കോ ആചാരക്രമങ്ങളിലേക്കോ വിരല്‍ചൂണ്ടിയിട്ടില്ല. ഗുരുവിന്റെ നോട്ടത്തില്‍ മതം എന്നത് ക്രിസ്ത്യനോ, മുസ്ലിമോ, പാര്‍സിയോ ഒന്നുമല്ല. ഒരാളുടെ അഭിപ്രായം എന്നു മാത്രമേയുള്ളൂ. ഏത് അഭിപ്രായമുള്ളയാളായാലും മനുഷ്യത്വത്തിന് വേണ്ടി നിലകൊള്ളുന്നയാള്‍ ആയിരിക്കണം. നിശ്ചയമായും അയാള്‍ നല്ലയാളായിരിക്കും.
എല്ലാ മതങ്ങളും ഒന്നിന്റെ വിവിധ ഭാവങ്ങളായതിനാല്‍ ഗുരുവിന് ഒരു പ്രത്യേക മതത്തെക്കുറിച്ച് പറയേണ്ട ആവശ്യവുമില്ല. ഗുരുവിനെ വിറ്റഴിച്ച് വോട്ടുനേടി തങ്ങളുടെ അജണ്ട നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മ്ലേച്ഛമനസ്കരാണ് ഗുരുദര്‍ശനം പിടികിട്ടാത്തവര്‍. മനസ്സിലും ശരീരത്തിലും പാകപ്പെടല്‍ വന്നുകഴിഞ്ഞാല്‍ ഗുരു ആഗ്രഹിച്ചതു നടക്കുമെന്നും വ്യക്തം. അതുകൊണ്ടാണ് ശിവഗിരിതീര്‍ത്ഥാടന സമയത്ത് മഞ്ഞവസ്ത്രം വേണമെന്ന നിഷ്കര്ഷപോലും വന്നത്.
മാങ്ങയുള്‍പ്പെടെയുള്ള ഫലങ്ങള്‍ പാകപ്പെട്ടു വരുമ്പോള്‍ മഞ്ഞനിറമാവുന്നത് ശ്രദ്ധിച്ചിട്ടില്ലേ? പൂര്‍ണമായും പാകപ്പെട്ടാല്‍ അത് അഗ്നിവര്ണമായി; അതായത് കാവി. ഈ കാവിനിറം ചിലരെ വെകിളിപിടിപ്പിക്കുന്നുവെങ്കില് നീ നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക എന്നേ പറയാനുള്ളൂ. പാര്‍ട്ടി ഗുണ്ടകളെക്കൊണ്ട് ശ്രീനാരായണീയരെ അടിച്ചോടിച്ച് വിപ്ലവം വിതയ്ക്കാന്‍ തറ്റുടുത്തവര് ശ്രീനാരായണ ദര്‍ശനങ്ങള്‍ മറ്റുള്ളവരെ പഠിപ്പിക്കാന്‍ തല്ക്കാലം മിനക്കെടണ്ട. കോര്‍പ്പറേറ്റ് കൊമ്പനാനകളെ പ്രോത്സാഹിപ്പിക്കാന്‍ ഗുരു ഒരിക്കലും ആഗ്രഹിക്കുകയോ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നുകൂടി പുത്തന്‍കൂറ്റുകാരായ വിപ്ലവക്കൂട്ടങ്ങള്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്. ശിവഗിരിയിലേക്ക് ആരെ ക്ഷണിക്കണം, ആരെ അകറ്റിനിര്‍ത്തണം എന്നൊക്കെ അവിടെയുള്ളവര്‍ക്ക് നല്ല നിശ്ചയമുണ്ട്. ഗുരുവിന്റെ കയ്യില്‍ ചെങ്കൊടി പിടിപ്പിക്കാന്‍ വെറുതെ ശ്രമിക്കല്ലേ.
കാവ്യസംസ്കൃതിയുടെ ഹിമാലയത്തെ ആരെങ്കിലും ദര്‍ശിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ അതിനെക്കുറിച്ച് ചുരുങ്ങിയപക്ഷം നാലഞ്ചു പേജെങ്കിലും വായിക്കുക. അതിനുള്ള അവസരം ഹിന്ദുവിശ്വ മാസിക (ഡിസം- ജനു) നല്കുന്നു. പുണ്യതീര്‍ത്ഥത്തില്‍ മുങ്ങിനിവര്‍ന്ന അനുഭൂതിയാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി സാറിന്റെ കവിതകള്‍ വായിക്കുമ്പോള്‍ ഉണ്ടാവുന്നത്. ആ കവിതകളിലൂടെയുള്ള അക്ഷരതീര്ത്ഥാടനമാണ് സി.എന്‍. ഗംഗാധരന് അഞ്ചുപേജിലൂടെ നടത്തുന്നത്. കവിത പോലെത്തന്നെയാണ് വിഷ്ണുസാറിന്റെ വാക്കും. നോക്കുക: നമ്മുടെ സംസ്കാരമെന്നത് ഹിമാലയമാണ്. ഇന്ത്യന്‍ വേദങ്ങളുടെ പൊരുള്‍ ഹിമാലയമാണ്.
“വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരുള്‍” എന്ന് നാരായണ ഗുരുപാദര്. നമ്മളെക്കാള്‍ സംസ്കാര സമ്പന്നരായിരുന്നു ഇവിടെയുള്ള കാട്ടാളര്‍. ഒരിക്കല്‍ ഞങ്ങള്‍ സ്വര്ണ്ണപ്രയാഗിലെത്തിയപ്പോള് താമസിക്കാനിടമില്ല. അവിടെ മന്ദിര്‍ സേവാസമിതി എന്നൊരു ബോര്‍ഡു കണ്ടു. കുറച്ച് നടന്നപ്പോള്‍ ഒരാളിനോട് മന്ദിര്‍ എവിടെയാണെന്ന് ചോദിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഗംഗ കണ്ടില്ലേ നിങ്ങള്‍? ഇനി വേറൊരു മന്ദിര്‍ (അമ്പലം) എന്തിനാണ്? നമ്മള് കാട്ടാളരെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നവരുടെ കരളില്‍ മുഴുവന്‍ ഗംഗയുടെ പരിശുദ്ധിയാണ്. ആ പരിശുദ്ധിയില്‍ കാളകൂടം കലക്കാന്‍ ശാസ്ത്രീയമായി പരിശീലിക്കുന്ന നമുക്ക് മനുഷ്യരെന്ന് പറയാന്‍ കഴിയുമോ? ഒരു പക്ഷേ, വിഷ്ണുസാറിനെപ്പോലുള്ളവരുടെ ഹൃദയവിശുദ്ധികൊണ്ടാവാം ഈ ലോകം ഇങ്ങനെ നിലനില്‍ക്കുന്നത്.
അരമണിക്കൂര്‍ ഭാരത രാഷ്ട്രപതിയാവാന്‍ അവസരം കിട്ടിയാല്‍ മൂന്ന് വിഷം ഞാന്‍ എന്നേക്കുമായി നശിപ്പിക്കുമെന്ന് ഗാന്ധിജി പറഞ്ഞു. ഒന്ന് മദ്യം, രണ്ട് വിദേശ മാധ്യമവിദ്യാഭ്യാസം, മൂന്ന് മതപരിവര്‍ത്തനം. അത് ധീരതയുടെ സ്വരമാണെന്ന് വിഷ്ണുസാര്‍ വ്യക്തമാക്കുന്നു. രാജ്യം രക്ഷപ്പെടണമെങ്കില്‍ ധീരത ഭരിക്കണം. നപുംസക നയംകൊണ്ട് പുരോഗതി നേടാനാവില്ല. ഹിമാലയവിശുദ്ധിയും രാഷ്ട്രത്തിന്റെ അസ്മിതയും നന്നായറിയുന്ന വിഷ്ണുസാറിന്റെ കാഴ്ചപ്പാട് ബഹുഭൂരിപക്ഷം പേരിലേക്കും എത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോവുന്നില്ലേ? ഡോ. എം. കൃഷ്ണന് നമ്പൂതിരി നടത്തുന്ന കാലവൈരുധ്യങ്ങളില് മാനുഷികതയുടെ കാവ്യസ്പര്‍ശം, രാജ്മോഹന്‍ കൂവളശ്ശേരിയുടെ കാവ്യതീര്‍ത്ഥാടകന്‍ എന്നീ സഫല രചനകളും ഹിന്ദുവിശ്വയില് കാണാം.
“ചങ്ങാതീ, മോക്ഷം തഴയ്ക്കാന്‍ മനസ്സിലെ
ചണ്ടിയും മുള്ളും അറുത്തു ഹോമിക്കുക!
ചങ്ങാതീ, മണ്ണിലെ സ്വര്ഗരാജ്യത്തിന്ന്
തന്നയല്പക്കം സമൃദ്ധമാക്കീടുക!”
എന്നു പാടിയ കവിയുടെ പാദത്തില്‍ കാലികവട്ടത്തിന്റെ സാംഷ്ടാംഗ നമസ്കാരം! അതിന് അവസരമൊരുക്കിയ ഹിന്ദുവിശ്വയ്ക്ക് കൂപ്പുകൈ.
രാജ്യം രക്ഷപ്പെടാന്‍ ധീരതയുള്ള ഭരണം വേണമെന്ന കാഴ്ചപ്പാട് തന്നെയാണ് മലയാണ്മയുടെ പ്രിയപ്പെട്ട കഥാകാരി പി. വത്സലയ്ക്കുമുള്ളത്. പവിത്രഭൂമി മാസിക (ജനു)യില്‍ എഴുത്തും ജീവിതവും: കോംപ്രമൈസില്ലാതെ പി. വത്സല എന്ന അഭിമുഖത്തില്‍ അത് അനുഭവിക്കാം. പാര്‍ട്ടിയുടെ ഠാ വട്ടത്തില്‍ മാത്രം സ്വാതന്ത്ര്യം അനുവദിക്കുന്നതിനെക്കുറിച്ചും വത്സലയ്ക്ക് ചിലത് പറയാനുണ്ട്. നോക്കുക: എഴുത്തുകാര്‍ എഴുത്തുകാരാണ്. അവര്‍ പാര്ട്ടിക്കാരാവേണ്ട കാര്യമില്ല. പാര്‍ട്ടി സാഹിത്യത്തില്‍ താല്‍പ്പര്യമില്ല. എന്നാല്‍ എഴുത്തുകാര്‍ക്ക് രാഷ്ട്രീയ-ജീവിതബോധം വേണം. പാര്‍ട്ടികള്‍ എല്ലാം മനുഷ്യനന്മയ്ക്കായി ഉണ്ടായതാണ്. ഈ ബോധം ഇല്ലാത്തതുകൊണ്ടാണ് ചില നേതാക്കള്‍ ശിവഗിരിയിലെ പവിത്രവേദിയില്‍ വെച്ചുപോലും കാളകൂടം തുപ്പുന്നത്. പുതുവര്‍ഷത്തിലെ ആദ്യദിനം തന്നെ സമ്പന്നമായതില്‍ സന്തോഷിക്കുക. അതിന് ഇതാ കേരള കൗമുദി (ജനു.01)യില്‍ പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണ്‍.
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: