വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്വന്തം വീട് നിര്‍മ്മിക്കുമ്പോള്‍ വാസ്തു ശാസ്ത്രത്തില്‍ ഒരു വിശ്വാസവുമില്ലാതിരുന്ന ആള് ഇപ്പോള്‍ വാസ്തു വിദ്യയെക്കുറിച്ച് ബ്ലോഗെഴുതുന്നു. കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ബ്ലോഗ് സന്ദര്‍ശിച്ചവര്‍ 30,000 കവിഞ്ഞു. ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നു ചോദിച്ചാല്‍ പ്രകൃതിക്ക് അങ്ങനെ ഒരു നിശ്ചയം ഉണ്ടായിരുന്നു എന്നു മാത്രമാണ് കണ്ണൂരിലെ മണക്കടവില്‍ താമസക്കാരനായ രാജശേഖരന് പറയുക. മനുഷ്യജന്മം ലഭിക്കുന്നതുപോലെ ഒരു മഹാഭാഗ്യമാണ് നല്ല സ്ഥലത്ത് നല്ല പ്രമാണങ്ങളില്‍ ഒരു വീടു വച്ച് ജീവിക്കാന്‍ കഴിയുക എന്നത് എന്നു വിശ്വസിക്കുന്ന രാജശേഖരന് ബ്ലോഗ് എഴുതുന്നത് വെറുതെയല്ല. ഭാരതീയര്‍ക്കും ഒരു നിര്‍മ്മാണ ശാസ്ത്രമുണ്ടായിരുന്നു, അത് കാലാതീതമാണെന്നും ലോകത്തെ അറിയിക്കാനാണ്. ഒഴിവു സമയങ്ങളില്‍ വാസ്തു വിദ്യയില്‍ ആഴ്ന്നിറങ്ങി അതിലെ രത്നങ്ങളും മുത്തുകളും കണ്ടെത്തുന്നതാണ് അദ്ദേഹത്തിന്റെ ഹോബി. വാസ്തു വിദ്യാ തത്വങ്ങളെ ആധുനിക ഭൗതിക ശാസ്ത്ര തത്വങ്ങളുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് രാജശേഖരന്. ഒരു ജ്യോത്സ്യനില്‍ നിന്നും മനുഷ്യാലയ ചന്ദ്രിക എന്ന വാസ്തു വിദ്യ ഗ്രന്ഥം കാണാനും അത് വായിക്കാനും ഇടയായതുമാണ് രാജശേഖരനെ ഈ വിദ്യയിലേക്ക് വഴിതിരിച്ച് വിട്ടത്. വാസ്തു വിദ്യയുടെ അടിസ്ഥാന തത്വങ്ങള്‍ ആറന്മുളയിലെ വാസ്തു വിദ്യാ ഗുരുകുലത്തില്‍ നിന്നും പഠിച്ചു.
വാസ്തു വിദ്യ ഒരു അന്ധവിശ്വാസമാണോ എന്നു ചോദിച്ചാല്‍ ശരിയാണ് എന്നാണ് രാജശേഖരന്റെ മറുപടി. വ്യക്തമായി അറിയാത്ത പല വിഷയങ്ങളും വിശ്വസിക്കേണ്ടി വരാറുണ്ട്. ആ നിലയ്ക്ക് വാസ്തു വിദ്യ പഠിക്കാത്ത ഒരാള്‍ക്ക് ഇതൊരു അന്ധവിശ്വാസമാണ്. ഒരാള്‍ക്കും ഈ ലോകത്തുള്ള മുഴുവന്‍ കാര്യവും പഠിച്ച് അന്ധവിശ്വാസി അല്ലാതാകാന്‍ സാധിക്കില്ല. വാസ്തു വിദ്യ രൂപപ്പെട്ട കാലവും ഇപ്പോഴത്തെ കാലഘട്ടവും തമ്മില്‍ വലിയ അകലം ഉള്ളതിനാല്‍ ആചാര്യന്മാര് ഒരു കാര്യത്തെ കാര്യകാരണ സഹിതംഎങ്ങനെ സമീപിച്ചു എന്ന് നമുക്ക് പറയാന്‍ സാധിക്കില്ല. രാജശേഖരന് പറയുന്നു. കന്നിമൂലയും കക്കൂസ് നിര്‍മ്മാണവുമാണ് ഗൃഹനിര്‍മ്മാണത്തില്‍ പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. പണ്ടു കാലത്ത് വീടിനുള്ളില്‍ കക്കൂസിന് സ്ഥാനം നല്‍കിയിരുന്നില്ല. മയമതം എന്ന ഗ്രന്ഥത്തില്‍ ഈ ദിക്കില്‍ മലമൂത്ര വിസര്‍ജ്ജന സൗകര്യവും ശ്മശാനവും ആകാം എന്നു പറയുന്നുണ്ട്. വാസ്തു വിദ്യയില്‍ കന്നി മൂലയിലാണ് സൂതികാഗൃഹ(പ്രസവമുറി)ത്തിന്റെ സ്ഥാനം. അവിടെ മാലിന്യം അത്ര പ്രശ്നമില്ല എന്നാണ് സൂചന. എന്നാല്‍ എല്ലാ മൂലകളിലും സൂത്രസഞ്ചാരം ഉള്ളതിനാല്‍ കക്കൂസ് അവിടെ വേണ്ട എന്നേ പറയാന്‍ കഴിയൂ എന്ന് ബ്ലോഗില്‍ കുറിച്ചിരിക്കുന്നു.
ഉറങ്ങുമ്പോള്‍ തല വയ്ക്കേണ്ട ദിക്കിനെക്കുറിച്ച് ബൃഹദ് സംഹിതയിലെ വാസ്തുവിദ്യ എന്നതില്‍ പറയുന്നു. അതു പ്രകാരം കിഴക്കും തെക്കും തല വയ്ക്കുന്നത് ഉത്തമവും പടിഞ്ഞാറും വടക്കും തല വയ്ക്കുന്നത് നിഷിദ്ധവുമാണ്. മനുഷ്യ ശരീരത്തിലെ പ്രഭാവലയത്തിന്റെ ഒഴുക്ക് പരിഗണിച്ചാണ് നിഷിദ്ധ ദിശകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. യോഗ ചെയ്യുമ്പോള്‍ വലത്തോട്ട് തിരിയണമെന്നും, രാവിലെ ഉണര്‍ന്നെഴുനേല്‍ക്കുമ്പോള്‍ വലത്തോട്ട് എഴുനേല്‍ക്കണമെന്നും പ്രദക്ഷിണമായി ഒഴുകുന്ന നദിക്കരയില്‍ വീടു വയ്ക്കണമെന്നും പറയാന്‍ കാരണം മനുഷ്യ ശരീരത്തിലെ പ്രഭാവലയത്തെ പരിഗണിച്ചാണ്. കാന്തിക ഊര്‍ജ്ജത്തിന്റെ ഒഴുക്കും, പ്രഭാവലയ ഊര്‍ജ്ജവും തമ്മില്‍ പരസ്പരം കൂട്ടിയിടിക്കാനുള്ള സാഹചര്യം ഒഴിവാക്കാനാണ് ഉത്തമ, നിഷിദ്ധ ദിശകള്‍ കണക്കാക്കിയിരിക്കുന്നത് എന്നും രാജശേഖരന് പറയുന്നു.
വിദിക്കായ വീടുകള്‍ക്ക് പലവിധ ദോഷങ്ങളാണ് ആചാര്യന്മാര് പറയുന്നത്. വിദിക്കായി നിര്‍മ്മിക്കുന്ന വീട്ടില്‍ രണ്ടുവശങ്ങളില്ക്കൂടിയും കൂടുതല്‍ സമയവും സൂര്യപ്രകാശംലഭിക്കും. സൂര്യപ്രകാശം നേരിട്ട് പതിക്കുന്നതിനാല്‍ ചൂട് കൂടാന്‍ കാരണമാകുന്നു. കൂടിയ ചൂട് നമുക്ക് മാനസിക ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും. അതുകൊണ്ടാണ് വിദിക്ക് ഒരു പ്രശ്നമായി മാറുന്നത്.
ഭാരതീയ ആചാര്യന്മാരുടെ അത്ഭുതപ്പെടുത്തുന്ന സംഭാവനകളില്‍ ഒന്നാണ് ക്ഷേത്രം എന്ന് ബ്ലോഗിന്റെ എഴുത്തുകാരന് പറയുന്നു. പ്രകൃതിയില്‍ നിലനില്ക്കുന്നതും മനുഷ്യന് നേരിട്ട് അറിയാന്‍ കഴിയുന്നതും കഴിയാത്തതുമായ കോടിക്കണക്കിന് ചൈതന്യങ്ങളില്‍ അവന് അനുകൂലമായ ചൈതന്യങ്ങളെ ആവാഹിച്ച് അവന്റെ തലത്തിലേക്ക് കൊണ്ടുവന്ന് തന്റെ അത്മീയ വളര്‍ച്ചയ്ക്ക് ഉപയുക്തമാകുന്ന സംവിധാനമാണ് ക്ഷേത്രം. രാജശേഖരന്റെ ബ്ലോഗ് വിലാസം ഇതാണ്-
www.vasthuvicharam.blogspot.com
എം.ആര്.എം.ബാബു
പ്രതികരിക്കാൻ ഇവിടെ എഴുതുക: