മരട്: ‘സീറോ ലാന്റ്ലെസ്’ പദ്ധതി പ്രകാരം ഭൂമിക്കായി അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് സര്‍ക്കാരിന്റെ ഇരുട്ടടി. ജില്ലയിലെ മരട്, കുമ്പളം, വില്ലേജുകളിലെ ഭൂരഹിതരാണ് സര്‍ക്കാരിന്റെ ചതിയില്‍പ്പെട്ടത്. മൂന്നു സെന്റും പട്ടയവും ലഭിക്കുന്നവരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രദേശവാസികള്‍ക്ക് ഭൂമി അനുവദിച്ചു നല്‍കിയിരിക്കുന്നത് കാസര്‍ഗോഡ് ജില്ലയിലെ മൊട്ടക്കുന്നുകളില്‍ ഇതു സംബന്ധിച്ച അറിയിപ്പുകള് കഴിഞ്ഞ ദിവസം മരട്, കുമ്പളം ഓഫീസുകള്‍ വഴിയാണ് അര്‍ഹതപ്പെട്ടവരെ അറിയിച്ചിരിക്കുന്നത്.
കാസര്‍ഗോഡ് തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ഭൂമി അന്വേഷിച്ച് ബന്തടുക്ക വില്ലേജിലെത്തിയപ്പോഴാണ് പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളാണ് തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്നതെന്ന് അറിഞ്ഞത്. ജനവാസമില്ലാത്ത ഇവിടങ്ങളില്‍ 300 ഏക്കറോളം ഭൂമിയാണ് ഭൂരഹിതര്‍ക്കായി നീക്കിവെച്ചിരിക്കുന്നത്. കുമ്പള, ഉപ്പള, മോഗ്രാല്‍ വില്ലേജുകളില്‍പ്പെടുന്ന സ്ഥലമാണിത്. കര്‍ണാടകവുമായി അതിര്‍ത്തിതര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്തും ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ഭൂരഹിതര്‍ക്ക് മൂന്ന് സെന്റും പട്ടയവും നല്‍കിയിട്ടുണ്ട്. മംഗലാപുരം ജില്ലയുടെ ഭാഗമാണെന്നും തങ്ങളുടെ അധീനതയിലാണെന്നും കര്‍ണാടക റവന്യൂ വകുപ്പ് 2010 ല്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ ഇവിടെ കാണാമെന്നാണ് സ്ഥലം കണ്ടുമടങ്ങിയെത്തിയവര് പറയുന്നത്.
മരടിലെ വളന്തക്കാട് തുരുത്തില് 45 ഏക്കര്‍ മിച്ചഭൂമി സര്‍ക്കാരിന്റേതായുണ്ട്. ഇതില്‍ പ്രദേശത്തുകാര്‍ മാത്രം എടുത്താല്‍ പ്രദേശത്തെ മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്കാമെന്നിരിക്കെയാണ് ഈ ജനവഞ്ചനയെന്നാണ് ഭൂരഹിതര്‍ പറയുന്നത്.
മരടിലും കുമ്പളത്തും മറ്റും മിച്ചഭൂമിയായും സര്‍ക്കാര്‍ പുറമ്പോക്കും ആയ ഏക്കര്‍ കണക്കിന് ഭൂമി ലഭ്യമാണ്. എന്നാല്‍ ഇതില്‍ ഒരു തുണ്ടുപോലും ഭൂരഹിതരായ പ്രദേശവാസികള്‍ക്കായി കണ്ടെത്തി നല്കാന് അധികൃതര്‍ തയ്യാറാവുന്നില്ലെന്നാണ് ആക്ഷേപം. പുറമ്പോക്കും മറ്റും സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തി അനധികൃത നിര്‍മാണം നടത്തിവരികയാണ്. റിയല്‍ എസ്റ്റേറ്റ് ലോബി റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടത്തുന്ന കയ്യേറ്റങ്ങളാണ് ഏറേയും. സര്‍ക്കാര്‍ പദ്ധതിയുടെ പേരില്‍ പ്രദേശവാസികളെ നാനൂറ് കിലോമീറ്ററിനപ്പുറത്തേക്ക് നാടുകടത്താനുള്ള ശ്രമത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: