തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തിലെ മൂലംതിരുനാള്‍ രാമവര്‍മ്മയുടെ തിരുമുടി കലശം ഇന്നലെ രാവിലെ 7ന് നടന്നു.
ശ്രീപത്മനാഭസ്വാമിയുടെ തൃപ്പാദത്തില്‍ കൊണ്ടുവച്ച ഉടവാള് അവിടെ നിന്ന് കൊട്ടാരത്തിലെ അകത്തെപ്രവര്ത്തകര് നവരാത്രി മണ്ഡപത്തില്‍ കൊണ്ടുവന്നു. ശ്രീമൂലം തിരുനാള്‍ രാമവര്‍മ്മ ഉടവാള് ഏറ്റുവാങ്ങി കിഴക്കോട്ട് തിരിഞ്ഞ് ആവണിപ്പലകയില് ഇരുന്നു. അഭിമുഖ്യമായി ഇരുന്ന ക്ഷേത്രതന്ത്രി നെടുമ്പള്ളി തരണനല്ലൂര്‍ പരമേശ്വരന് നമ്പൂരിതി സ്വര്‍ണ കുടത്തില്‍ തയ്യാറാക്കി വച്ചിരുന്ന നാല്പാമര കക്ഷായം എടുത്ത് അഭിഷേകംനടത്തി. തുടര്‍ന്ന് പതിവുവേഷം ധരിച്ചുവന്ന രാമവര്‍മ്മ ക്ഷേത്രദര്‍ശനത്തിനായി ചെമ്പകത്തുമൂട്ടുവാതില് കടന്ന് കലശേഖര മണ്ഡപത്തില്‍ എത്തി. യോഗത്തിന് പോറ്റിമാരും സഭാദ്ധ്യക്ഷനായിരുന്ന പടിഞ്ഞാറെ മഠം പുഷ്പാജ്ഞലി സ്വാമിയാര് നഠുവില്മഠം നീലകണ്ഠഭാരതികളെ വച്ച് നമസ്കരിച്ചശേഷം സ്വാമികള്‍ ഔപചാരികമായി നീട്ട് കൈമാറി. നീട്ട് വാങ്ങിയ ക്ഷേത്രം ശ്രീകാര്യക്കാര്‍ എസ്.നാരായണ അയ്യര്‍ ഉറക്കെ വായിച്ചു. സ്വാമികള്‍ കീഴ്പേരൂര്‍ തൃപ്പാപ്പൂര്‍ സ്വാരൂപസ്ഥാനവും ചിറവായിമൂപ്പന് സ്ഥാനവും നല്കി ക്ഷേത്രകാര്യങ്ങള്‍ നോക്കുന്നതിനായി ശ്രീപത്മനാഭസ്വാമി മൂലംതിരുനാള്‍ രാമവര്‍മ്മയെ അധികാരപ്പെടുത്തി. തുടര്‍ന്ന് ഒറ്റക്കല്‍ മണ്ഡപത്തില്എത്തിയ ശ്രീമൂലം തിരുനാളിന് പെരിയ നമ്പി മരുതാംപടാടി നാരായണന് പത്മനാഭന് ശ്രീലകത്തുനിന്ന് ഉടവാള് എടുത്ത് കൈമാറി. ദര്‍ശനം നടത്തിയ വലിയതമ്പുരാനെ ഔപചാരികമായി സ്വീകരിച്ച് സ്വര്‍ണ്ണ തളികയില്‍ പ്രസാദവും നിവേദ്യങ്ങളും നല്കി. ശ്രീനരസിംഹസ്വാമിയെയും തിരുവാമ്പാടി ശ്രീകൃഷ്ണസ്വാമിയെയും ദര്‍ശനം നടത്തി തിരികെ കൊട്ടാരത്തില്‍ എഴുന്നള്ളുകയും ചെയ്തു.
ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍ എട്ടരയോഗം പ്രതിനിധികളായ സഭാമൂപ്പ് ശങ്കരനാരായണരു അത്തിയറമഠം എന്നിവരും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസര്‍ എസ്.ആര്.ഭുവനേന്ദ്രന് നായര്‍, ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ആഫീസര്‍ ജയശേഖരന്‍നായര്‍, പാലസ് സെക്രട്ടറി രാജരാജവര്‍മ്മ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: