ഗുജറാത്ത് കലാപത്തെക്കുറിച്ചും നരേന്ദ്ര മോദിയെക്കുറിച്ചും പ്രധാനമന്ത്രി നടത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പരാമര്‍ശം വിവാദമാകുകയാണ്. സ്വന്തം പാര്‍ട്ടിക്കാരില്‍നിന്നു പോലും അനവസരത്തിലുള്ള അനാവശ്യ പരാമര്‍ശം എന്നു വിമര്‍ശനം വന്ന പ്രസ്താവന 1984-ലെ ദല്‍ഹി സിഖ് കൂട്ടക്കൊലയുടെ ചരിത്രം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.
ഒക്ടോബര്‍ 31, 1984: കാലത്ത് 9.20: പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം സുരക്ഷാ ഭടന്മാരില്‍ രണ്ടുപേരുടെ വെടിയേറ്റ് ഔദ്യോഗിക വസതിയായ നമ്പര്‍ വണ്‍ സഫ്ദര്‍ ജംഗ് റോഡില്‍ വീണു. പ്രധാനമന്ത്രിയെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) -ല്‍ പ്രവേശിപ്പിച്ചു.
11 മണി: കേന്ദ്ര സര്‍ക്കാരിന്റെ സമ്പൂര്‍ണ നിയന്ത്രണത്തിലായിരുന്ന ആകാശവാണി ആ പ്രഖ്യാപനം നടത്തി, ഇന്ദിരാഗാന്ധിയെ വെടിവെച്ചത് രണ്ട് സിഖുകാര്‍. വെടിയേറ്റ ഇന്ദിരാഗാന്ധിയെ പ്രവേശിപ്പിച്ചിരുന്ന ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പരിസരത്ത് വന്‍ ജനാവലി കൂടി.
രണ്ടു മണി: ഇന്ദിരയുടെ മരണം ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നില്ലെങ്കിലും ബിബിസി വാര്‍ത്തകളിലും പത്രങ്ങളുടെ പ്രത്യേക പതിപ്പുകളിലൂടെയും മരണം സംഭവിച്ചുവെന്ന് ജനങ്ങള്‍ക്ക് ബോധ്യമായിരുന്നു.
നാലു മണി: രാജീവ്ഗാന്ധി പശ്ചിമബംഗാളില്‍നിന്ന് തിരിച്ചെത്തി എയിംസില്‍. പരിസരപ്രദേശങ്ങളില്‍ സിഖുകാര്‍ ആക്രമിക്കപ്പെട്ട സംഭവങ്ങള്‍ ഉണ്ടായി.
5.30 മണി: വിദേശയാത്ര കഴിഞ്ഞു മടങ്ങിവന്ന് എയിംസിലേക്ക് വന്നുകൊണ്ടിരുന്ന രാഷ്‌ട്രപതി സെയില്‍സിംഗിന്റെ അകമ്പടി വാഹനങ്ങള്‍ക്ക് കല്ലേറുണ്ടായി.
അന്നത്തെ സന്ധ്യയും രാത്രിയും: എയിംസില്‍നിന്ന് ജനക്കൂട്ടം പലവഴിക്ക് തിരിഞ്ഞു. സിഖുകാര്‍ പരക്കെ ആക്രമിക്കപ്പെട്ടു. കോണ്‍ഗ്രസ് കൗണ്‍സിലര്‍ അര്‍ജുന്‍ദാസിന്റെ മണ്ഡലത്തിലാണ് തുടങ്ങിയത്. സിഖുകാരുടെ സ്വത്തുക്കള്‍ നശിപ്പിക്കപ്പെട്ടു. വാഹനങ്ങള്‍ തീയിട്ടു. വിഐപി ഏരിയകളായ പൃഥ്വിരാജ് റോഡിലും മറ്റും സിഖുകാര്‍ ആക്രമിക്കപ്പെട്ടു.
രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തശേഷം മുതിര്‍ന്ന അഭിഭാഷകനും അന്നത്തെ പ്രതിപക്ഷനേതാവുമായിരുന്ന രാംജെദ്മലാനി അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി.വി.നരസിംഹറാവുവിനെ കണ്ട് രാജ്യത്തെ സിഖ് സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു. ചില അക്രമബാധിത പ്രദേശങ്ങള്‍ ഗവര്‍ണര്‍ പി.ജി.ഗവായിയും പോലീസ് കമ്മീഷണര്‍ എസ്.സി.ടാണ്ടനും സന്ദര്‍ശച്ചു. ഇത്തരം ചില പ്രവര്‍ത്തനങ്ങള്‍ ഒഴിച്ചാല്‍ ഒക്ടോബര്‍ 31 നും നവംബര്‍ ഒന്നിനുമിടയിലുമുള്ള രാത്രിയില്‍ സിഖ് സമൂഹത്തെ ആക്രമിക്കാതിരിക്കാനുള്ള ഒന്നും സര്‍ക്കാര്‍ ചെയ്തില്ല.
നവംബര്‍ 1, 1984: ഒക്ടോബര്‍ രാത്രിക്കും നവംബര്‍ ഒന്നിനും പല പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും യോഗം ചേര്‍ന്നു. അവര്‍ ആസൂത്രണം ചെയ്ത പദ്ധതി സിഖ് സമൂഹത്തെ കൂട്ടമായി ആക്രമിക്കുകയെന്നതായിരുന്നു. നവംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് ആദ്യമായി ഒരു സിഖുകാരന്‍ കൊല്ലപ്പെട്ടത്, ഈസ്റ്റ് ദല്‍ഹിയില്‍. കാലത്ത് ഒമ്പതുമണിയോടെ ആയുധധാരികളായ ജനക്കൂട്ടം ദല്‍ഹിത്തെരുവുകളില്‍ സിഖ് വേട്ട് തുടങ്ങി. ആദ്യം അവര്‍ ഗുരുദ്വാരകള്‍ ആക്രമിച്ചു. അതിന്റെ ഉദ്ദേശ്യം സിഖുകാര്‍ സംഘടിക്കുന്നത് തടയുകയായിരുന്നു. ആള്‍ക്കൂട്ടത്തിന്റെ ഒരേ വലുപ്പമുള്ള ഇരുമ്പു ദണ്ഡുകളാണുണ്ടായിരുന്നത്.
ആക്ടിവിസ്റ്റിന്റെ എഡിറ്റര്‍ മധു കിഷോര്‍ എഴുതിയിട്ടുണ്ട് ഇരുമ്പുദണ്ഡുകള്‍ വിതരണം ചെയ്യുന്നത് കണ്ടുവെന്ന്. ആള്‍ക്കൂട്ടം പെട്രോളും മണ്ണെണ്ണയും ധാരാളം കരുതിയിരുന്നു. അത് വിതരണം ചെയ്തത് കോണ്‍ഗ്രസ് പാര്‍ട്ടിക്കാരുടെ കച്ചവട കേന്ദ്രങ്ങളില്‍നിന്നായിരുന്നു. പില്‍ക്കാലത്ത് ഇരകള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് ബ്രഹ്മാനന്ദ് ഗുപ്തയെപ്പോലുള്ളവര്‍ക്കെതിരെയാണ്. ഓരോ പോലീസ് സ്റ്റേഷനിലും നൂറോളം പോലീസുകാരും 50-60 തോക്കുകളും ഉണ്ടായിരുന്നു. പക്ഷേ അക്രമികള്‍ക്കെതിരെ പോലീസ് ഒരു നടപടിയും എടുത്തിട്ടില്ല. ചില പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളില്‍ ജനക്കൂട്ടത്തിനെതിരെ കര്‍ശന നടപടിയെടുത്തു. അവിടെ കൊലപാതകങ്ങള്‍ നടന്നില്ല. എന്നാല്‍ അന്നത്തെ എസ്പി നാനാവതി കമ്മീഷന് നല്‍കിയ മൊഴി പ്രകാരം പോലീസ് പലേടത്തും നടപടി എടുത്ത് അക്രമത്തെ ചെറുത്ത സിഖുകാര്‍ക്കെതിരെയായിരുന്നു. സ്വരക്ഷയ്‌ക്ക് വെടിവച്ച സിഖുകാരെ അറസ്റ്റ് ചെയ്യുകയാണുണ്ടായത്.
ആള്‍ക്കൂട്ടം പ്രത്യേക പദ്ധതിയാണ് നടപ്പാക്കിയത്. ആദ്യം പോകുന്നവര്‍ ആളെക്കൊന്നും ആട്ടിപ്പായിച്ചും വഴിയൊരുക്കി. പിന്നാലെ വന്നവര്‍ കടയും വീടുകളും തല്ലിപ്പൊളിച്ചു. മൂന്നാം സംഘമാണ് കൊള്ളയടി നടത്തിയത്. നാലാം സംഘം തീവപ്പു നടത്തി.
മിക്ക ജനക്കൂട്ടത്തേയും നയിച്ചത് കോണ്‍ഗ്രസ് നേതാക്കളായിരുന്നു. എംപിമാരായ എച്ച്.കെ.എല്‍.ഭഗത്ത്, സജ്ജന്‍കുമാര്‍, ധര്‍മദാസ് ശാസ്ത്രി, കൗണ്‍സലര്‍മാരായ പത്ത് പേര്‍, അര്‍ജ്ജുന്‍ദാസ്, അശോക് കുമാര്‍, ദീപ് ചന്ദ്, സുഖന്‍ ലാല്‍സൂദ്, രാം നാരായണ വര്‍മ്മ, ഛബ്ര തുടങ്ങിയവരാണ് നേരിട്ട് നേതൃത്വം നല്‍കിയത്.
നവംബര്‍ 2, 1984: ദല്‍ഹിയിലും കര്‍ഫ്യൂ പ്രഖ്യാപിച്ചു. എല്ലായിടത്തും സൈന്യത്തെ വിന്യസിച്ചു. പക്ഷേ പോലീസ് അവരോട് സഹകരിച്ചില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെയോ മജിസ്ട്രേറ്റിന്റേയോ അനുമതിയില്ലാതെ വെടിവക്കാന്‍ പാടില്ലെന്നായിരുന്നു ചട്ടം. അതുകൊണ്ടുതന്നെ ഈ സുരക്ഷക്കെല്ലാമിടയിലും ആള്‍ക്കൂട്ടം കൊള്ള തുടര്‍ന്നു.
നവംബര്‍ 3, 1984: നവംബരം മൂന്നിന് വൈകിട്ടോടെ മാത്രമാണ് പോലീസ് സക്രിയമായത്. അതോടെ അക്രമങ്ങളും നിന്നു. രണ്ടുദിവസം കൂടി അതിക്രമങ്ങള്‍ തുടര്‍ന്നു, പക്ഷേ തോത് കുറവായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: