ഭൂമി ദേവിയാണെന്നാണ് സങ്കല്‍പ്പം. ഭൂമിക്കു വേണ്ടി ഒരു പെണ്‍സമരം നടത്തുമ്പോള്‍ അതുകൊണ്ടുതന്നെ അതിനു പ്രസക്തിയേറെയാണ്. ഭൂമിയെ സംരക്ഷിക്കാനും ഭൂമിയില്‍ സംരക്ഷണം കിട്ടാനുമുള്ള ഈ പോരാട്ടത്തിന് അതുകൊണ്ടുതന്നെ ഒരു പാരസ്പര്യമുണ്ട്. രക്ഷന്തിസ്മ പരസ്പരം എന്ന തത്വം പോലെ.
വയനാടന്‍ ആദിവാസി മേഖലയില്‍ ഭൂമിക്കുവേണ്ടിയുള്ള സമരത്തിന് ചുക്കാന്‍ പിടിച്ച വനിത. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്ത അവര്‍ പിന്നീട് കേരളത്തിന്റെ ആദിവാസി പെണ്‍ശബ്ദമായി മാറി. കേരളത്തിന്റെ സമര മുഖത്തേക്ക് കടന്നുവന്ന അപൂര്‍വ്വം ചില പെണ്മുഖങ്ങളില് ഒരാളാണ് സി.കെ.ജാനു.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്തുണയില്ലാതെ, ലോകശ്രദ്ധയാര്‍ജ്ജിച്ച സമരത്തെ മുന്നില്‍ നിന്ന് നയിച്ചു. ഇന്ന് കേരളത്തിന്റെ മുഖ്യധാരയില്‍ ജാനുവിന് പ്രത്യേക സ്ഥാനമുണ്ട്. ഒരുതുണ്ട് ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ പോരാട്ടം തുടരുമ്പോഴും വോട്ട് ബാങ്കായി മാത്രം രാഷ്ട്രീയപാര്‍ട്ടികള്‍ കരുതുന്ന ആദിവാസി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന ശക്തയായ വനിത. സമരം നയിച്ചതിന്റെ പേരില്‍ ഇത്രയേറെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ഒരു സ്ത്രീ കേരളത്തില്‍ ഉണ്ടാകില്ല. ആദിവാസി ഗോത്രമഹാസഭയുടെ ചെയര്‍പേഴ്സണ്‍ സ്ഥാനത്ത് തുടരുമ്പോഴും സമരമുഖത്തുതന്നെ നിലനില്ക്കുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ കടലാസിലൊതുങ്ങിയപ്പോള്‍ നിയമപോരാട്ടത്തിലൂടെ അത് നേടിയെടുക്കാനുള്ള ശ്രമത്തിലാണ് സി.കെ. ജാനു.
കേരളത്തിലെ ഭൂസമരത്തെ മാറ്റിമറിച്ച് ചരിത്രമെഴുതിയ സി.കെ ജാനു ജന്മഭൂമിയോടു മനസുതുറക്കുന്നു. ഭൂമിയുടെ നിലനില്‍പ്പിനു വേണ്ടിയുള്ള പശ്ചിമഘട്ട സംരക്ഷണത്തിനു ജാനുവിനു പറയാനുള്ളത് മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടു വേഗം നടപ്പാക്കാനെന്നാണ്….
കേരളത്തിലെ ആദിവാസികള്‍ക്കുവേണ്ടി ഭൂസമരങ്ങള്‍ നടത്തിയതിലൂടെ നേട്ടങ്ങളേക്കാള്‍ ഒരുപാട് നഷ്ടമാണ് സി.കെ ജാനുവിന് ഉണ്ടായത്. വ്യക്തിപരമായി ഈ നഷ്ടങ്ങള്‍ ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ആദിവാസി സമൂഹത്തിനുവേണ്ടിയാണ് പോരാടിയതെന്ന തിരിച്ചറിവ് അതിനെയൊന്നും നഷ്ടത്തിന്റെ ഗണത്തില്‍പ്പെടുത്താന്‍ ജാനുവിന് സാധിക്കുന്നില്ല. “പത്ത് പതിനായിരം പേര്‍ക്ക് ഭൂമി ലഭിച്ചത് ചെറിയ കാര്യമല്ല. ഒരാള്‍ക്ക് ഒരു തുണ്ടു ഭൂമി കിട്ടിയത് തന്നെ വലുത്. ഭൂമിക്കായുള്ള പോരാട്ടം ഇന്നും തുടരുകയാണ്. ലക്ഷ്യം പൂര്‍ത്തിയാകുന്നതുവരെ പിറകോട്ടില്ല. സമരമുഖത്ത് നിന്ന് മാറിയോ എന്ന് പലരും ചോദിക്കുന്നുണ്ട്. അത് ശരിയല്ല. സമരം നടക്കുന്നുണ്ട്, മുന്‍ കാലങ്ങളെപോലെയല്ല പല കേസുകളും നടക്കുകയാണ്, കോടതി ഉത്തരവനുസരിച്ചാണ് സമരം മുന്നോട്ടു പോകുന്നത്. കരാറുകള്‍ നടന്നുകൊണ്ടിരിക്കുന്നു.
ഭൂപ്രശ്നത്തില്‍ സര്‍ക്കാരാണ് നിലപാട് സ്വീകരിക്കേണ്ടത്. സര്‍ക്കാര്‍ ഇടപെടലുകള്‍ ശരിയല്ല. ശരിയായ നിലപാട് അവര്‍ക്കില്ല. ഭൂസമരത്തിന്റെ പേരില്‍ സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളൊന്നും പ്രയോജനപ്രദമല,” ജാനു തുറന്നുപറയുന്നു.
ഭൂസമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും സജീവമായി മുന്നോട്ടുപോകുകയാണ്. വിചാരണയും സാക്ഷിവിസ്താരവും നടക്കുന്നു. എല്ലാത്തിനും ജാനുവിനെ സഹായിക്കുന്നത് ഗോത്രമഹാസഭയാണ്.
മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലും ജാനുവിന് വ്യക്തമായ നിലപാട് ഉണ്ട്. “പരിസ്ഥിതി ലോലപ്രദേശവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്ന വാദങ്ങള്‍ പ്രാധാന്യമര്‍ഹിക്കുന്നതാണ്. എന്നാല്‍ മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നാണ് ഗോത്രമഹാസഭയുടെ ആവശ്യം. മണ്ണും പ്രകൃതിയും ജലവും സംരക്ഷിക്കണം. ജനങ്ങള്‍ക്ക് വാസയോഗ്യമായ സ്ഥലം ചില തല്‍പ്പര കക്ഷികള്‍ കൊള്ളയടിക്കുകയാണ്. അവരാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. ജനങ്ങള്‍ക്ക് അനുകൂലമായി പരിസ്ഥിതിയെ മാറ്റണമെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്ന കമ്പനികള്‍ക്ക് ജനങ്ങളെ കുടിയിറക്കുന്ന നിലപാടാണ് ഉള്ളത്.എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതോടെ ആ പ്രദേശം ജനങ്ങള്‍ക്ക് പ്രയോജനപ്രദമായി മാറും. ജനങ്ങളുടെ അധിക ചെലവ് ഇല്ലാതാകും. സാമ്പത്തികമായി നേട്ടം ഉണ്ടാകും. അസുഖങ്ങള്‍ കുറയും, നഷ്ടപ്പെട്ട നീരുറവ തിരിച്ചുവരും. കൃഷിചെയ്യാനുള്ള സാധ്യത ഉണ്ടാകും. കാടുകളില്‍ അന്യം നിന്ന് പോകുന്ന ആരോഗ്യ-ഔഷധച്ചെടികള്‍ പുനഃസ്ഥാപിക്കാന്‍ സാധിക്കും. നിര്‍മ്മാണ ഖാനന മാഫിയകളാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. അവര്‍ അംഗീകരിക്കുന്ന റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന്റെ ഗുണം എല്ലാവര്ക്കും ലഭിക്കില്ല. വിഭവങ്ങള്‍ കൊള്ളയടിക്കുകയാണ്. അതുകൊണ്ടു തന്നെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം.”
മുത്തങ്ങ സമരത്തിന്റെ യഥാര്‍ത്ഥ നേട്ടം കേരളത്തിലെ ആദിവാസികളുടെ 100 ശതമാനം വിജയം തന്നെയാണെന്ന് ജാനു വെളിപ്പെടുത്തുന്നു. “ആദിവാസികള്‍ക്ക് അവകാശങ്ങളുണ്ടെന്ന് ലോകത്തെ ധരിപ്പിക്കാന്‍ സാധിച്ച ഭൂസമരമായിരുന്നു മുത്തങ്ങയിലേത്. ഭൂമിക്കുവേണ്ടിയുള്ള അവകാശ നിയമം വന്നത് സമരത്തിന്റെ യഥാര്‍ത്ഥ വിജയമാണ്. കേരളത്തിലിത് പരിവര്‍ത്തനം ചെയ്തെങ്കിലും അത് വലിയൊരു നേട്ടമാണ്. ഇടത്- വലത് പാര്‍ട്ടികള്‍ വോട്ടിനുവേണ്ടി മുത്തങ്ങയിലെ മുദ്രാവാക്യം ഏറ്റെടുത്തു. സമരരംഗത്തേക്ക് ആദിവാസികളേയും അവര്‍ കൊണ്ടുപോയി. ആദിവാസികളെ തള്ളിക്കളയാന്‍ അവര്‍ക്ക് പറ്റിയില്ല. മുത്തങ്ങാ സമരത്തെ ചുവടുപിടിച്ചാണ് മറ്റ് സമരങ്ങള്‍ ആരംഭിച്ചത്. ഭൂമിയെപ്പറ്റി മനസിലാക്കാന്‍ മുത്തങ്ങ കാരണമായി. മുത്തങ്ങ സമരത്തേക്കുറിച്ച് സജീവമായ ചര്‍ച്ചകള്‍ ആരംഭിച്ചു. രാജ്യവ്യാപകമായി വോട്ട് ബാങ്കായി മുത്തങ്ങ സമരം മാറിയ കാഴ്ച നാം കണ്ടതാണ്.”
പരിസ്ഥിതി വിഷയത്തില്‍ ഗോത്രമഹാസഭയുടെ ഇടപെടലുകള്‍ ശ്രദ്ധേയമാണെന്ന് ജാനു പറയുന്നു. ഗാഡ്ഗില്‍ വിഷയത്തില്‍ ഗോത്രമഹാസഭയാണ് ആദ്യം ഇടപെട്ടത്. കേരളത്തിന്റെ ഭരണാധികാരികള്‍ നടത്തിയ ഒരിടപെടലുകളും ജനങ്ങള്‍ക്ക് പ്രയോജനപ്രദമല്ല. അവര്‍ വെറും ബ്യൂറോക്രാറ്റുകളായി മാറുകയാണെന്നും ജാനു നിരീക്ഷിക്കുന്നു. ആദിവാസി ഗോത്രമഹാസഭ പ്രവര്‍ത്തനരംഗത്തുണ്ടെങ്കിലും വനവാസി പ്രസ്ഥാനത്തെക്കുറിച്ച് ജാനുവിന് യാതൊന്നും അറിയില്ല. പ്രസ്ഥാനത്തെക്കുറിച്ച് ഒന്നും അന്വേഷിക്കാറില്ല ഇവര്‍.
“ആദിവാസി സമൂഹത്തിന്റെ വംശഹത്യയാണ് ഇപ്പോള്‍ നടക്കുന്നത്. ഭൂപ്രശ്നമാണ് ഈ സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്നം. പട്ടിണി മരണവും മറ്റ് പ്രശ്നങ്ങളും വര്‍ധിച്ചുവരികയാണ്.”
സര്‍ക്കാര്‍ ഇടപെടലുകള്‍ നടത്തേണ്ടതല്ലേ…ജയലക്ഷ്മിയെപ്പോലെ സ്വന്തമായി ഒരു മന്ത്രിയുണ്ടായിട്ടും ഇതിലൊന്നും മാറ്റം ഉണ്ടായിട്ടില്ലെന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യത്തിന് ജയലക്ഷ്മിയൊന്നുമല്ലല്ലോ ഇത് ചെയ്യേണ്ടത് എന്നായിരുന്നു മറുപടി. ആദിവാസികളുടെ പ്രശ്നത്തില്‍ നേരത്തെ വികസനം നടന്നിരുന്നു. ഒരു പ്രശ്നവുമായി ചെല്ലുമ്പോള്‍ അത് മുന്നോട്ടുപോകുമായിരുന്നു. എന്നാല്‍ ഇന്നത് നടക്കുന്നില്ല. വികസനം ഇല്ല. എല്ലാം നിര്ജ്ജീവമായിരിക്കുകയാണെന്നും ജാനു വ്യക്തമാക്കി.
“ഭൂസമരവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കരാറുകളുടെ നടപ്പാക്കല്‍ എങ്ങുമെത്തിയിട്ടില്ല. ആദ്യമൊക്കെ തുടങ്ങിവെച്ച കരാര്‍ നടപടികള്‍ പാതിവഴിയില്‍ നിലച്ചു. സീറോ ലാന്റ്ലെസ് പദ്ധതിയില്‍ ആദിവാസികളെ ഉള്‍പ്പെടുത്തരുത്. അഞ്ചേക്കര്‍ ഭൂമി നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ആദിവാസികളെ വഞ്ചിക്കുകയാണ് ചെയ്തത്.
ആദിവാസികള്‍ക്കിടയില്‍ മദ്യോപയോഗം വര്‍ധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ തന്നെയാണ് ഇതിന് വളം വെക്കുന്നത്. രാഷ്ട്രീയക്കാരും ഭരണാധികാരികളും ചേര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷനുകള്‍ ആരംഭിച്ചത് ജനങ്ങളെ നശിപ്പിക്കാനല്ലേ.”
ആദിവാസികള്‍ക്കിടയില്‍ അവിവാഹിത അമ്മമാര്‍ ഉണ്ടാകുന്നുവെന്ന വാര്‍ത്തകള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലെന്ന് ജാനു പറയുന്നു. മുമ്പ് ഇത്തരം സംഭവങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഇതില്‍ മാറ്റം വന്നിട്ടുണ്ട്. പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കുന്നുണ്ട്. എന്നാല്‍ ഇവര്‍ക്ക് അടിസ്ഥാന വിദ്യാഭ്യാസം ലഭിക്കുന്നില്ല എന്നത് വസ്തുതയാണെന്ന് ഇവര്‍ സമ്മതിക്കുന്നു.
മാവോയിസ്റ്റ് സാന്നിധ്യം കേരളത്തിലുണ്ടെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും ജാനു പറയുന്നു. “അഞ്ചാറ് മാസങ്ങളായില്ലേ ഇത് പറയാന്‍ തു ടങ്ങിയിട്ട്. സൈന്യത്തെ ഉള്‍പ്പെടെ ഇറക്കിയിട്ട് എന്തുകൊണ്ട് മാവോയിസ്റ്റുകളെ പിടികൂടിയില്ല, ഇതൊക്കെ സര്‍ക്കാരിന്റെ അടവ് നയമാണ്.
അഹാര്‍ഡ്സ് പദ്ധതി വാസ്തവത്തില്‍ സര്‍ക്കാരിന്റെ പൂര്‍ണ പരാജയമാണ്. അട്ടപ്പാടിയില്‍ ഈ പദ്ധതി ഉപകരിച്ചില്ല. ചിലര്‍ക്ക് വീട് ഉണ്ടാക്കി നല്‍കിയത് ശരിയാണ്. എന്നാല്‍ അട്ടപ്പാടിയില്‍ നടത്താന്‍ പറ്റിയ പദ്ധതിയല്ല ഇത്. കോടികള്‍ മുടക്കിയിട്ടും ശിശുമരണം സംഭവിച്ചില്ലേ. അഞ്ച് മാസം നടപ്പാക്കിയ പദ്ധതി നിര്‍ത്തിവെച്ച് രണ്ട്മാസങ്ങള്‍ക്കുശേഷം 80 ലധികം കുട്ടികളാണ് അവിടെ കൊല്ലപ്പെട്ടത്. വികസനത്തിനുവേണ്ടി വിനിയോഗിക്കേണ്ട തുക സര്‍ക്കാര്‍ കൊള്ളയടിക്കുകയാണ്.
അട്ടപ്പാടിക്ക് വേണ്ടത് ഇത്തരമൊരു പദ്ധതിയല്ല. ആദിവാസി പാക്കേജാണ് വേണ്ടത്. ജാതി വ്യവസ്ഥയിലുള്ള പാക്കേജ് നടപ്പിലാക്കണം. അപ്പോള്‍ പദ്ധതിയുടെ ഗുണം അവിടുത്തെ സമൂഹത്തിന് തന്നെ ലഭിക്കും.”
ഭൂമിക്കുവേണ്ടിയുള്ള സമരത്തിന് മുന്നിട്ടിറങ്ങുന്നതിന് മുമ്പ് രാഷ്ട്രീയത്തിലും ജാനു ഒരു കൈ നോക്കിയിരുന്നു. രാഷ്ട്രീയം വിട്ട് സമരമുഖത്തേക്ക് കടന്നുവന്നതുകൊണ്ടാണ് ചിലര്‍ക്കെങ്കിലും ഭൂമി സ്വന്തമായതെന്ന് ജാനു പറയുന്നു.
“ആദിവാസി സമൂഹത്തിന്റെ പ്രശ്നങ്ങളില്‍ അനുകൂല നിലപാട് സ്വീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ കടന്നുവരികയാണെങ്കില്‍ അപ്പോള്‍ രാഷ്ട്രീയത്തിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ആലോചിക്കും. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കില്ല.”
2000-ത്തിലാണ് ജാനു ആദിവാസികളുടെ നിലനില്‍പ്പിനായി സമരം ആരംഭിച്ചത്. ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി വിതരണം ആവശ്യപ്പെട്ട് മാര്‍ച്ചും ധര്‍ണ്ണയും സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തി. 2003-ല്‍ മുത്തങ്ങ സമരം ആരംഭിച്ചു. മുത്തങ്ങയിലെ സര്‍ക്കാര്‍ ഭൂമി ആദിവാസികള്‍ കയ്യേറി. സമരം പോലീസ് അടിച്ചൊതുക്കിയെങ്കിലും ആദിവാസികളുടെ സമരങ്ങള്‍ മുത്തങ്ങയില്‍ തുടങ്ങുകയായിരുന്നു. അത് പിന്നീട് ആറളം ഫാം സമരമായും മറ്റും വളര്‍ന്നു. ഇന്ന് മൂന്ന് ഘട്ടങ്ങളായി നടപ്പിലാക്കിയ പദ്ധതിയിലൂടെ നിരവധി പേര്‍ക്ക് ഭൂമി സ്വന്തമായി. അടുത്ത ഘട്ടം നടക്കാനിരിക്കുന്നു. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ കരാറിലൊതുങ്ങിക്കിടക്കുമ്പോള് നിയമ വഴിയില്‍ ഭൂമി സ്വന്തമാക്കാനുള്ള ജാനുവിന്റെ യാത്ര പോരാട്ട വീര്യത്തോടെ തുടരുകയാണ്. ഭൂമിക്കുവേണ്ടി, ഭൂമിയോടൊപ്പം, ഭൂമിയില്നിന്നുകൊണ്ടാണ് ആ പോരാട്ടം…
ശ്യാമ ഉഷ
പ്രതികരിക്കാൻ ഇവിടെ എഴുതുക: