സമൂഹത്തില്‍ സ്ത്രീ ചെലുത്തുന്ന സ്വാധീനം ഏറ്റവും മഹത്വപൂര്‍ണമാണ്. ഭാരതീയ സംസ്ക്കാരത്തില്‍ ‘അമ്മ’ എന്ന പുണ്യമായ വിശേഷണത്തില്‍ നിന്നുതന്നെ അത് വ്യക്തമാണ്. നാം മാതൃഭൂമിയെ അമ്മയായി സങ്കല്‍പ്പിച്ച് മനസ്സില്‍ നമിക്കുന്നതും അതുകൊണ്ടുതന്നെയാണ്.
പിറന്ന് വീഴുന്ന നിമിഷം മുതല്‍ പെണ്‍കുഞ്ഞിനും ആണ്‍കുഞ്ഞിനും നല്‍കുന്ന സ്ഥാനം തുല്യമെങ്കിലും പെണ്‍കുഞ്ഞ് വളര്‍ന്നുവരുമ്പോള്‍ നാം അവളില്‍ അടുത്ത തലമുറയെ സൃഷ്ടിക്കാന്‍ പ്രാപ്തമായ അമ്മയെ ദര്‍ശിക്കാന്‍ തുടങ്ങുന്നു. കുടുംബിനിയായി മാറുന്നതിന് മുമ്പ് അവള്‍ ആര്‍ജ്ജിക്കപ്പെടേണ്ടതായ ഗുണങ്ങള്‍ക്ക് പരിധിയില്ല. അമ്മയിലൂടെയും അച്ഛനിലൂടെയും മറ്റു പലരിലൂടെയും ജീവിതത്തെ അവള്‍ ചിട്ടപ്പെടുത്തുന്നു. അമ്മ, അച്ഛന്‍, സഹോദരങ്ങള്‍ തുടങ്ങി എല്ലാ അംഗങ്ങള്‍ക്കും സ്നേഹം നല്‍കി അവള്‍ ക്ഷമയും സഹനവും കാരുണ്യവും ശീലിച്ചുതുടങ്ങുന്നു. അവള്‍ക്ക് പ്രായപൂര്‍ത്തിയാവുന്നതോടെ, ഭൂമിയില്‍ ഒരു മാതാവു കൂടി സൃഷ്ടിക്കപ്പെട്ടു എന്ന യാഥാര്‍ത്ഥ്യത്തില്‍ നമ്മള്‍ കൂടുതല്‍ ആഹ്ലാദിക്കുന്നു.
അവള്‍ വിവാഹിതയാവുന്നതോടെ പുതിയ സാഹചര്യങ്ങളുമായും പൊരുത്തപ്പെടേണ്ടത് അനിവാര്യമായിത്തീരുന്നു. വ്യത്യസ്ത ചുറ്റുപാടുകളും കാഴ്ചപ്പാടുകളുമായി ഇടപഴകേണ്ടിവരുമ്പോഴും ഒരിക്കലും പതറാത്ത കുടുംബത്തെ നല്ല രീതിയില്‍ മുന്നോട്ട് നയിക്കാന്‍ താന്‍ കണ്ടും കേട്ടും പഠിച്ച കാര്യങ്ങള്‍ അവള്‍ക്ക് കരുത്തേകുന്നു.
ഒരു വ്യക്തിയെ സ്വാധീനിക്കുന്ന എല്ലാ സദ്ഗുണങ്ങളും സ്ത്രീയില്‍ കാണാനാകും. സ്നേഹപരിചരണത്തിലും കാര്യവിചാരത്തിലും സ്ത്രീയുടെ ബോധമണ്ഡലം അതിവിശാലമാണ്. ഇത് എത്ര ഉയര്‍ന്നുനില്‍ക്കുന്നുവോ അത്രത്തോളം ഉടലെടുക്കുന്ന ഒരു ഊര്‍ജ്ജമുണ്ട്. അതാണ് സ്ത്രീ ശക്തി. ഭാരതീയ സങ്കല്‍പ്പമനുസരിച്ച് നമുക്ക് മഹത്തായ പാരമ്പര്യമാണ് ലഭിച്ചിട്ടുള്ളത്. മറ്റു രാജ്യങ്ങളിലൊന്നും കാണാന്‍ പറ്റാത്ത സംസ്ക്കാരം, ശിവപാര്‍വതീ സങ്കല്‍പ്പം. ഒരു ഉത്തമ കുടുംബത്തില്‍ ഈ ബന്ധം ഇന്നും നിലനില്‍ക്കുന്നു. കുടുംബത്തില്‍ പ്രഥമസ്ഥാനം പുരുഷനിലര്‍പ്പിതമാണെങ്കിലും സ്ത്രീയുടെ വ്യക്തിത്വം കാത്തുസൂക്ഷിക്കപ്പെടേണ്ട പുരുഷന്‍ അവളെ അംഗീകരിക്കുകതന്നെ വേണം, നരനാരീ സങ്കല്‍പ്പം പോലെ.
മകളില്‍നിന്നും സഹോദരിയില്‍നിന്നും സ്ത്രീ ഭാര്യയായും അമ്മയായും മാറുമ്പോഴും സ്വന്തം വീട്ടില്‍നിന്നും ഒഴിഞ്ഞുമാറുന്നില്ല. ഭാര്യയായും മരുമകളായും അമ്മയായും മുത്തശ്ശിയായും പരിണാമം സംഭവിക്കുമ്പോള്‍ കര്‍മമണ്ഡലം ത്യാഗരൂപിതമായതിനാല്‍ വളരെയധികം പരീക്ഷണങ്ങള്‍ നേരിടേണ്ടതായി വരുന്നു. കുടുംബത്തിനും സമൂഹത്തിനും വേണ്ടി അര്‍പ്പിക്കുന്ന അവളുടെ ജീവിതം ആത്മസമര്‍പ്പണമാണ്.
കൗമാരം വരെ തീര്‍ച്ചയായും അമ്മയും അച്ഛനും തന്നെയാവും കൂടുതല്‍ സ്വാധീനിച്ച ശക്തികള്‍. ജീവിതത്തില്‍ അടിസ്ഥാന മൂല്യങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഒരു വ്യക്തിയെ നന്മനിറഞ്ഞ ജീവിത വിജയത്തിലെത്തിക്കാന്‍ സഹായിക്കും. കാരണം വളര്‍ന്ന സാഹചര്യം ഒരു പരിധിവരെ ഏതു വ്യക്തിയേയും സ്വാധീനിക്കുന്നു.
കുടുംബത്തിലെ ഓരോ വ്യക്തിക്കും ബലവും താങ്ങും സാന്ത്വനവും നല്‍കാന്‍ ഓരോ സ്ത്രീക്കും കഴിയണം. അതില്‍ വിജയിച്ചാല്‍ അവള്‍ക്ക് സമൂഹത്തിലും നല്ല രീതിയില്‍ ഇടപഴകാന്‍ കഴിയും. ഒരുപാട് വെന്താന്‍ മാത്രമേ തീക്കട്ടപോലും തിളക്കമാര്‍ന്നതാവൂ. ഒരു സമൂഹ ജീവിയാണെന്ന ബോധമുണ്ടെങ്കില്‍ അവള്‍ക്ക് നല്ല നിലയില്‍ ഇറങ്ങി പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നതില്‍ തര്‍ക്കമില്ല.
സ്ത്രീയും പുരുഷനും പരസ്പ്പരം ഇഷ്ടങ്ങളും കഴിവുകളും അംഗീകരിക്കാന്‍ മടിക്കരുത്. സ്നേഹവും ആത്മബന്ധവും പരസ്പ്പരധാരണയും ആശയവിനിമയത്തിന്റെ പിശുക്കും കൊണ്ട് കൈമോശം വരാതെ നോക്കണം. ഇടുങ്ങിയ ചിന്താഗതിയും മോശം സൗഹൃദങ്ങളും ആര്‍ക്കും നല്ലതല്ല. അത് എത്രനല്ല വ്യക്തിത്വത്തേയും അവഗണിക്കാന്‍ കാരണമാകും. സ്ത്രീയായാലും പുരുഷനായാലും ആ വ്യക്തിത്വത്തെ അംഗീകരിക്കുകയും ആദരിക്കപ്പെടുകയും വേണം. ഒരു സ്ത്രീയുടെ ത്യാഗമനോഭാവം ക്ഷമ എന്നിവയിലൂടെ സാധ്യമാവുന്നത് ഒരു കുടുംബത്തിന്റെ ശാന്തിയും സമാധാനവുമാണ്. മറ്റുള്ളവര്‍ നല്ല ചിന്താഗതിക്കാരല്ലെങ്കിലും കഷ്ടപ്പെട്ടാണെങ്കിലും കാലം കൊണ്ട് തെളിയിക്കാനാവും അവളിലെ നന്മ.
സ്വാതന്ത്ര്യത്തിന് മുറവിളി കൂട്ടുന്ന സ്ത്രീകള്‍ മനസ്സിലാക്കേണ്ട വസ്തുതയുണ്ട്. ഉദാത്തമയ സ്വാതന്ത്ര്യം ആത്യന്തികമായ അച്ചടക്കവും വിനയവും ഉള്‍ച്ചേര്‍ന്നതാണെന്ന സത്യം. വ്യക്തിത്വത്തെ പൂര്‍ണമായി പ്രകാശിപ്പിക്കുവാന്‍ വേണ്ട സ്വാതന്ത്ര്യം സ്ത്രീക്ക് ലഭിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ഒരു വ്യക്തിയില്‍ ഒതുങ്ങാത്ത സമൂഹത്തിന് മൊത്തം ആ തേജസ്സ് ദര്‍ശിക്കാനാവും. അങ്ങനെ സ്ത്രീയുടെ അവതാരങ്ങള്‍ എവിടെയും എപ്പോഴും പ്രകാശം ചൊരിഞ്ഞുകൊണ്ടേയിരിക്കുന്നു.
മകള്‍, സഹോദരി, ഭാര്യ, മരുമകള്‍, അമ്മ, അമ്മൂമ്മ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നതോടൊപ്പം നല്ലൊരു അയല്‍ക്കാരിയും നാട്ടുകാരിയും ആവണം. ഏതു മേഖലയിലും പ്രവര്‍ത്തിച്ചു തിളങ്ങുവാന്‍ സ്ത്രീകള്‍ക്ക് കഴിയും. ആത്മധൈര്യത്തോടെ ആത്മസമര്‍പ്പണത്തിലൂടെ കര്‍ത്തവ്യനിരതയാവുന്നതിനാല്‍ ഒരു വ്യക്തിയില്‍ മാത്രമല്ല മറ്റുള്ളവരിലൊക്കെ അതിന്റേതായ പ്രഭാവം ഉള്‍ച്ചേരുന്നതായിരിക്കും.
നിഷ്ക്കളങ്കത മുഖമുദ്രയായ ഒരു കുലീന വനിത ഒരിക്കലും അന്യരില്‍ അനാവശ്യമായി ഒരു ദോഷവും കണ്ടെത്താന്‍ ശ്രമിക്കില്ല. സ്വാര്‍ത്ഥത വെടിഞ്ഞുള്ള സ്ത്രീയുടെ പെരുമാറ്റം ഓരോ വ്യക്തിയിലും പ്രകൃതിയിലും സൗഖ്യമേകും. ഉചിതമായ പ്രവൃത്തി വാക്കിനേക്കാള്‍ വാചാലമാണെന്ന സത്യം ഉദ്ഘോഷിച്ചുകൊണ്ടുള്ള മനസുതന്നെയാണ് ഏറ്റവും വലിയ ശക്തി ദുര്‍ഗം. ഈ വിചാരത്താല്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏതു സ്ത്രീക്കും അന്യന്റെ ഭാരം ലഘൂകരിക്കാന്‍ സാധിക്കും.
ലോകത്തിലെവിടെയും ശക്തിയുക്തം സ്ത്രീ മുന്നേറ്റം തുടരുന്നതിനും കാരണം ഇതുതന്നെ. നിശ്ചയദാര്‍ഢ്യം ആര്‍ക്കും നല്ലതുതന്നെ. നിര്‍മലത, ക്ഷമ, സ്ഥിരോത്സാഹം എന്നിവയാണ് വിജയം കൈവരിക്കുന്നതിന് അത്യാവശ്യം. ഇവക്കെല്ലാംമീതെ സ്നേഹവും. സ്വാമി വിവേകാനന്ദന്റെ ഈ മഹദ് വചനങ്ങള്‍ എത്ര പ്രസക്തമാണ്. ഓരോ സ്ത്രീയും ഇത് മാതൃകയാക്കിയാല്‍ പുരോഗതിയിലേക്ക് കുതിച്ചു കയറും. ഇതിലൂടെ നമ്മുടെ കുടുംബവും സമൂഹവും രാഷ്‌ട്രവും ഉത്കൃഷ്ടമായ ഒരു ലക്ഷ്യത്തിലെത്തി ചേര്‍ന്ന് സ്ത്രീയെ നമിക്കുമെന്നതില്‍ എതിരഭിപ്രായമുണ്ടാവാന്‍ സാധ്യതയില്ല.
സാംസ്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും മറ്റേതു രംഗത്തും ബാഹ്യമായും ആന്തരികമായും വളരെയധികം സ്വാധീനം സ്ത്രീ സമൂഹത്തില്‍ ചെലുത്തികൊണ്ടേയിരിക്കുന്നു. ഏത് വ്യക്തിയുടേയും രാഷ്‌ട്രത്തിന്റേയും വിജയത്തിനുപിന്നില്‍ ഒരു സ്ത്രീയുണ്ടാവുമെന്ന് പറയുന്നത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്, സത്യമാണ്.
സുത പാടഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക