ന്യൂദല്‍ഹി: രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐക്ക് മൂക്കുകയറിടാനുള്ള രാഷ്ട്രീയ നേതൃത്വത്തിന്റെ നീക്കങ്ങള്‍ കൂടുതല്‍ വ്യക്തമാകുന്നു. ഗസറ്റഡ് റാങ്കില്ലാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റപത്രവുമായി മുന്നോട്ടുപോകാന്‍ പോലും ഇനി സിബിഐക്ക് സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്റെ അനുമതി വേണ്ടിവരും. 1973ലെ ക്രിമിനല്‍ നടപടി ചട്ടത്തിലെ (സിആര്‍പിസി) സെക്ഷന്‍ 173 പ്രകാരം ഗ്രൂപ്പ് സി, ഡി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസുകളിലെ കുറ്റപത്രം ഇതുവരെ അധികാരപ്പെട്ട മജിസ്ട്രേറ്റിനു നേരിട്ടു സമര്‍പ്പിച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ലോക്പാല്‍ നിയമമായതോടെ സിബിഐക്കുള്ള ഈ അധികാരം എടുത്തുമാറ്റപ്പെട്ടു. ലോക്പാലിന് അനുസൃതമായി സിവിസി ആക്റ്റില്‍ വന്ന ഭേദഗതിയാണ് ഇതിനു കാരണം. അതിനാല്‍ത്തന്നെ കുറ്റപത്രം ഇനിമുതല്‍ സിവിസിക്കു സമര്‍പ്പിക്കേണ്ടിവരും. സിവിസി ആക്റ്റിലെ സബ് സെക്ഷന്‍ (2) പ്രകാരം ഏതൊരു അന്വേഷണ ഏജന്‍സിയുടെയും റിപ്പോര്‍ട്ടില്‍ അന്തിമ തീരുമാനമെടുക്കാന്‍ സിവിസിക്കായിരിക്കും അധികാരം. ഉദ്യോഗസ്ഥനെതിരെ കുറ്റപത്രവുമായി മുന്നോട്ടു പോകണോ അതോ കേസ് അവസാനിപ്പിക്കണമോ അതല്ലെങ്കില്‍ വകുപ്പ് തല നടപടിക്കു നിര്ദേശിക്കണമോ എന്നതടക്കമുള്ള കാര്യങ്ങള്‍ സിവിസിക്കു തീരുമാനിക്കാം. അതേസമയം, വിഷയം സംബന്ധിച്ച് കൂടുതല്‍ വ്യക്തതയ്ക്കായി നിയമമന്ത്രാലയത്തിന് കത്തയയ്ക്കുമെന്നും ആവശ്യമെങ്കില്‍ ലോക്പാല്‍, സിവിസി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ അപേക്ഷിക്കുമെന്നും സിബിഐ വൃത്തങ്ങള്‍ സൂചിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: