കാസര്‍കോട്: വിവേകാനന്ദ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ആരോഗ്യമുള്ള ജനത രാഷ്ട്രത്തിന്റെ കരുത്തെന്ന സന്ദേശവുമായി കേരള കായികവേദി കാസര്‍കോട് നിന്നും കന്യാകുമാരിയിലേക്ക് സംഘടിപ്പിക്കുന്ന സൈക്കിള്‍ യാത്ര പ്രയാണം ആരംഭിച്ചു. 11ന് കന്യാകുമാരിയില്‍ സമാപിക്കുന്ന യാത്ര കേരളത്തിലെ ഒന്‍പത് ജില്ലകളിലൂടെ വിവേകാനന്ദ സന്ദേശവുമായി പര്യടനം നടത്തും.
കരുത്തുറ്റ ശരീരവും മനക്കരുത്തും സ്വാഭിമാനവുമുള്ള തലമുറയാണ് രാജ്യത്തിനാവശ്യമെന്നും രാജ്യത്തിന്റെ പൗരുഷം വീണ്ടെടുക്കാന്‍ ഇവര്‍ക്ക് മാത്രമേ സാധിക്കുകയുള്ളുവെന്നും രാഷ്ട്രീയ സ്വയം സേവക സംഘം സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് പറഞ്ഞു. വിവേകാനന്ദ സന്ദേശവുമായി കേരള കായികവേദിയുടെ നേതൃത്വത്തില്‍ കാസര്‍കോട്ടുനിന്നും കന്യാകുമാരി വരെ നടത്തുന്ന സൈക്കിള്‍ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് ലോകത്തെ വെല്ലുന്ന സൈനീക ശക്തിയുണ്ട്. എന്നാല്‍ ഇച്ഛാശക്തിയില്ലാത്ത ദുര്‍ബല മനസ്സുള്ള ഭരണകൂടമാണ് നമുക്കുള്ളത്.
അതിനാലാണ് രാജ്യത്തിന്റെ അതിര്‍ത്തി ചുരുങ്ങി വരുന്നത്. ഏതൊരു രാഷ്ട്രത്തിന്റേയും ഭാവി യുവതലമുറയാണ്. സ്വാമി വിവേകാനന്ദന് ഉദ്ഘോഷിച്ചതുപോലെ കരുത്തുറ്റ മനസ്സും ശരീരവുമുള്ള യുവതലമുറയാണ് രാജ്യത്തിനാവശ്യം. കായിക പരിശീലനത്തിലൂടെ മാത്രമേ കരുത്തുള്ള വ്യക്തികളെ വാര്‍ത്തെടുക്കാന്‍ കഴിയുകയുള്ളു. സാഹസിക മനോഭാവമുള്ള യുവതലമുറകളെ വാര്‍ത്തെടുക്കാന്‍ സര്‍ക്കാര്‍തലത്തില്‍ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുന്നില്ല. അതിനുവേണ്ടി പരിശ്രമിക്കുന്ന സംഘടനകളെ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നത്. രാഷ്ട്രത്തിന്റെ അതിര്‍ത്തികള്‍ മാതാവിന്റെ വസ്ത്രം പോലെയാണ്. അതിനുപോറലേല്ക്കാതെ സംരക്ഷിക്കേണ്ട കടമ മക്കളുടേതാണ്. അതിനുള്ള ശക്തിയാര്‍ജിക്കാന്‍ നിത്യേന പരിശീലനം ആവശ്യമാണ്. ആത്മ വിശ്വാസത്തിലൂടെ മാത്രമേ ലക്ഷ്യത്തിലെത്താന്‍ സാധിക്കുകയുള്ളുവെന്നും കെ.സി.കണ്ണന് പറഞ്ഞു.
ഇന്നലെ രാവിലെ കാസര്‍കോട് മല്ലികാര്‍ജ്ജുന ക്ഷേത്ര പരിസരത്ത് നടന്ന ചടങ്ങില്‍ രാഷ്ട്രീയ സ്വയംസേവക സംഘം സഹസര്‍കാര്യവാഹ് കെ.സി.കണ്ണന് ഉദ്ഘാടനം ചെയ്തു. കബഡി മുന്‍ ദേശീയതാരം ജഗദീഷ് കുമ്പള ഫ്ലാഗ് ഓഫ് ചെയ്തു. കേരള കായികവേദി സംസ്ഥാന പ്രസിഡണ്ട് അനില്‍ലാല്‍ അധ്യക്ഷത വഹിച്ചു. ക്രീഡഭാരതി അഖിലേന്ത്യാ സംഘടനാ സെക്രട്ടറി എം.പി.മുരളി, കേരള കായികവേദി സംസ്ഥാന സംഘടനാ സെക്രട്ടറി പി.കെ.സജീവന് എന്നിവര്‍ സംസാരിച്ചു. അശോക് ബാഡൂര്‍ സ്വാഗതവും കെ.ശിവ നന്ദിയും പറഞ്ഞു. കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കന്യാകുമാരി എന്നിവിടങ്ങളില്‍ യാത്ര പര്യടനം നടത്തും. 11ന് വൈകിട്ട് 6ന് കന്യാകുമാരിയില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ രാഷ്ട്രീയ സ്വയം സേവക സംഘം ദക്ഷിണ തമിഴ്നാട് പ്രാന്തപ്രചാരക് കേശവ വിനായക് സംസാരിക്കും. 12ന് വിവേകാനന്ദ പൂജയും പ്രതിജ്ഞയും നടക്കും. യാത്രയില്‍ 50 സ്ഥിരം അംഗങ്ങളാണുള്ളത്. സംഘജില്ലകള്‍ കേന്ദ്രീകരിച്ച് മറ്റുള്ളവരും പ്രയാണത്തില്‍ അണിചേരും.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: