ന്യൂദല്‍ഹി: ദല്‍ഹിയില്‍ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നിയമസഭയില്‍ വിശ്വാസ വോട്ട് നേടി. 32 നെതിരെ 38 വോട്ടുകള്‍ക്കാണ് സര്‍ക്കാര്‍ സഭയില്‍ വിശ്വാസം നേടിയത്. ശബ്ദവോട്ടോടെയായിരുന്നു വിശ്വാസവോട്ടെടുപ്പ് നടന്നത്. 28 അംഗ ആംആദ്മി പാര്‍ട്ടി എംഎല്‍എമാരുടേയും എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടേയും ഒരു ജെഡിയു അംഗത്തിന്റേയും ഒരു സ്വതന്ത്ര അംഗത്തിന്റേയും പിന്തുണ കേജ്രിവാളിന് ലഭിച്ചു. 31 അംഗങ്ങളുള്ള ബിജെപിയും ഒരു അംഗമുള്ള ശിരോമണി അകാലിദളും സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്തു.
കോണ്‍ഗ്രസിനെതിരായി വോട്ടുചെയ്ത ദല്‍ഹിയിലെ ജനങ്ങളെ വഞ്ചിച്ചുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ കോണ്‍ഗ്രസിന്റെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നതെന്ന് നിയമസഭയിലെ ബിജെപി പ്രതിപക്ഷ നേതാവ് ഡോ.ഹര്ഷവര്ദ്ധന് പറഞ്ഞു. വിഐപി സുരക്ഷ വേണ്ടെന്നു വെച്ചും പൊതുഗതാഗത സംവിധാനത്തിലൂടെ സഞ്ചരിച്ചും നടത്തുന്ന പ്രകടനങ്ങളിലൂടെ ജനങ്ങളെ തെറ്റായ ദിശയിലേക്ക് ആംആദ്മി പാര്‍ട്ടി നയിക്കുകയാണ്. സുരക്ഷവേണ്ടെന്നു പറഞ്ഞ ആംആദ്മി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് 4000 പോലീസിനെയാണ് രാംലീല മൈതാനിയില്‍ വിന്യസിച്ചിരുന്നത്. അഴിമതി നടത്തിയ ഷീലാദീക്ഷിത് സര്‍ക്കാരിനെതിരെ അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ച കേജ്രിവാള് വിശ്വാസ വോട്ടെടുപ്പ് വേളയില്‍ നടത്തിയ പ്രസംഗത്തില്‍ ഇതേപ്പറ്റി പരാമര്ശിച്ചുപോലുമില്ലെന്നും ബിജെപി കുറ്റപ്പെടുത്തി. അതിനിടെ ജനലോക്പാല്‍ ബില്ല് പാസാക്കുന്നതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: