തിരുവനന്തപുരം: ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ കള്ളക്കളികള്‍ ഒന്നൊന്നായി പുറത്തുവരുമ്പോള്‍ മുന്‍ സര്‍ക്കാരിന്റെ മേല്‍കുറ്റം ചാരി രക്ഷപ്പെടാന്‍ വീണ്ടും ശ്രമം. ആറന്മുളപ്രശ്നത്തില് സുപ്രധാനമായ അനേകം തീരുമാനങ്ങള്‍ എടുത്തിരുന്നത് ഇടതുസര്‍ക്കാര്‍ ആണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വിശദീകരണം. ആറന്മുള വിമാനത്താവളം പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചതും കമ്പനി വാങ്ങിയ ഭൂമി രജിസ്റ്റര്‍ ചെയ്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് നല്കിയ കത്തുമാണ് പ്രധാന തീരുമാനമായി ചൂണ്ടികാട്ടുന്നത്.
വിമാനത്താവളത്തിന് വേണ്ടി കെജിഎസ് കമ്പനി കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ സമീപിച്ചത് 2009 ഫെബ്രുവരിയിലാണ്. ഇക്കാര്യത്തില്‍ അഭിപ്രായം അറിയിക്കുവാന്‍ ആവശ്യപ്പെട്ട് മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തു നല്‍കുകയും 15.10.2009ന് എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്‍ഡ്യയുടെ ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ച് വിമാനത്താവളത്തിന് അനുയോജ്യമെന്ന് കണ്ടെത്തുകയും സംസ്ഥാന സര്‍ക്കാരിന്റെ സമ്മതപത്രം ഹാജരാക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
2010 ജൂലൈ 16ന് കമ്പനി പദ്ധതിയുടെ പ്രോജക്റ്റ് റിപ്പോര്‍ട്ട് തയ്യാറാക്കി സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിന്റെ വിവിധ ഏജന്‍സികള്‍ക്കും നല്കി. പദ്ധതിയെക്കുറിച്ച് ഒക്ടോബര്‍ 8ന് നടന്ന മന്ത്രിസഭാ യോഗം വിശദമായി ചര്‍ച്ച ചെയ്യുകയും പദ്ധതിക്ക് സമ്മതിപത്രം നല്കാന് തീരുമാനിക്കുകയും ചെയ്തു.
സര്‍ക്കാരിന്റെ അനുകൂല സമീപനത്തെ തുടര്‍ന്ന് കമ്പനി പദ്ധതി പ്രദേശത്ത് ഭൂമി വാങ്ങിത്തുടങ്ങുകയും ഭൂമി രജിസ്റ്റര്‍ ചെയ്യുന്നതിന് സാങ്കേതിക കാരണങ്ങളാല്‍ ജില്ലാ കളക്ടര്‍ തടസ്സമുന്നയിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് 2010 നവംബര്‍ 12ന് അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കത്തക്കവിധം ഭൂമി കൈമാറ്റം ചെയ്യുന്നതിനാവശ്യമായ സത്വര നടപടികള്‍ സ്വീകരിച്ച് വിവരം അറിയിക്കുവാന്‍ കളക്ടറോട് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് കമ്പനി വാങ്ങിയ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്നതിന് നവംബര്‍ 18ന് കളക്ടര്‍ സബ് രജിസ്ട്രാര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന്, ഭൂമി പോക്കുവരവിന് കമ്പനി അപേക്ഷ നല്കി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം, ഈ അപേക്ഷയില്‍ തീരുമാനം എടുക്കണമെങ്കില്‍ പ്രതിരോധ മന്ത്രാലയത്തിന്റെയും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെയും അനുമതി ആവശ്യമാണെന്ന് അറിയിച്ചു. കമ്പനി അത് ഹാജരാക്കിയ ശേഷം വീണ്ടും അനുമതി തേടി.
2011 ഫെബ്രുവരി 22ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പൊതുജനാഭിപ്രായം ആരാഞ്ഞ് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. രണ്ടു ദിവസത്തിനു ശേഷം പദ്ധതിപ്രദേശമായ ആറന്മുള, കിടങ്ങന്നൂര്‍, മലപ്പുഴശ്ശേരി എന്നീ പഞ്ചായത്തുകളെ ചേര്‍ത്ത് വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയും വിമാനത്താവള നിര്‍മാണത്തിന് വിവിധ വകുപ്പുകളുടെ ഏകോപനത്തിന് ഏകജാലക സംവിധാനം ഏര്‍പ്പെടുത്തിക്കൊണ്ട് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇടതുപക്ഷ സര്‍ക്കാര്‍ ഇറക്കിയ ഈ വിജ്ഞാപനത്തില്‍ പദ്ധതി പ്രദേശത്തിനു പുറത്തുള്ള സ്ഥലങ്ങളും ഉള്‍പ്പെട്ടിരുന്നു. പിന്നീട് യുഡിഎഫ് സര്‍ക്കാരാണ് പദ്ധതിക്കാവശ്യമായത് ഒഴികെയുള്ള ഭൂമി പുനര്‍വിജ്ഞാപനം ചെയ്യാന്‍ തീരുമാനിച്ചത്. നിയമസഭയുടെ പരിസ്ഥിതി കമ്മിറ്റി നല്കിയ റിപ്പോര്‍ട്ടിലും പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയിലും പുനര്‍വിജ്ഞാപനം നടത്തണമെന്ന് നിര്‍ദ്ദേശമുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: