കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്ത്തകന് തളിപ്പറമ്പ് അരിയിലിലെ ഷുക്കൂറിനെ വധിച്ച കേസ് സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചതോടെ സിപിഎം വീണ്ടും പ്രതിരോധത്തിലായി. ടി.പി.ചന്ദ്രശേഖരന്, തലശ്ശേരിയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്നിവരുടെ വധക്കേസില്‍ പാര്‍ട്ടിയുടെ ഉന്നത നേതാക്കളുള്‍പ്പെടെ കുടുങ്ങുകയും ചന്ദ്രശേഖരന് വധക്കേസ്സിന്റെ വിധി ഏതാനും ദിവസങ്ങള്‍ക്കുളളില്‍ വരാനിരിക്കേയുമാണ് ഷൂക്കൂര്‍ വധവുമായി ബന്ധപ്പെട്ട പുതിയ സംഭവവികാസങ്ങള്‍ ഉണ്ടായിരിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രാലയം അന്വേഷണ ആവശ്യം സംബന്ധിച്ച കത്ത് ചെന്നൈ സിബിഐ ഡയറക്ടര്‍ക്ക് കൈമാറി.
2012 ഫെബ്രുവരി 20 ന് രാവിലെ ലീഗ് അക്രമികള്‍ അഴിഞ്ഞാടിയ അരിയില്‍ പ്രദേശത്ത് സിപിഎം ജില്ലാസെക്രട്ടറി പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും ഉള്‍പ്പെടെയുളളവര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇവരെ ലീഗ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന് പ്രതികാരമെന്ന നിലയിലാണ് ഉച്ചയോടെ കീഴറയില്‍ വീട് വളഞ്ഞ് ലീഗ് പ്രവര്‍ത്തകനായ ഷുക്കൂറിനെ (22)കൊലപ്പെടുത്തിയത്. സിപിഎം പാര്‍ട്ടിക്കോടതി വിചാരണ ചെയ്ത് കൊല നടപ്പിലാക്കുകയായിരുന്നുവെന്ന ആരോപണം കൊലപാതകവുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരുന്നു. ലീഗ് അക്രമത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും ചേര്‍ന്ന് ഗൂഢാലോചന നടത്തിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് ആരോപണം ഉയരുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ജയരാജന് 28 ദിവസം ജയിലില്‍ കിടക്കേണ്ടി വരികയും ചെയ്തിരുന്നു.
പി.ജയരാജനും ടി.വി.രാജേഷ് എംഎല്‍എയും ചേര്‍ന്ന് ആശുപത്രിയില്‍ വെച്ച് ഗൂഢാലോചന നടത്തുന്നത് കണ്ടുവെന്ന് എഫ്ഐആറില്‍ മൊഴികൊടുത്ത മുഖ്യസാക്ഷികള് മൊഴിമാറ്റി പറഞ്ഞത് ഏറെ വിവാദമായിരുന്നു. കൊലപാതകം നടന്ന് ഒരുവര്‍ഷം പിന്നിട്ടപ്പോള്‍ത്തന്നെ കേസിന്റെ വിചാരണ തലശ്ശേരി കോടതിയില്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ടി.വി.രാജേഷ് എംഎല്‍എയും പി.ജയരാജനും നിരപരാധികളായ തങ്ങളെ കളളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി നല്കിയ ഹരജിയില്‍ വിചാരണ താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിടുകയായിരുന്നു.
ഷുക്കൂര്‍ വധക്കേസില്‍ സിബിഐ അന്വേഷണം ഏതാണ്ട് ഉറപ്പായ സാഹചര്യത്തില്‍ സിപിഎം നേതൃത്വം വെട്ടിലായിരിക്കുകയാണ്. മൊഴി മാറ്റത്തിലൂടെ കേസില്‍ നിന്ന് രക്ഷപ്പെടാമെന്ന് കണക്കു കൂട്ടിയ സിപിഎം നേതൃത്വം സിബിഐ ഏറ്റെടുക്കുന്നതോടെ കേസില്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയും എംഎല്‍എയും ഉള്‍പ്പെടെയുളളവര്‍ കുടുങ്ങുമെന്ന ആശങ്കയിലാണ്.
മൊഴിമാറ്റം വിവാദമായതോടെ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന് ഷുക്കൂറിന്റെ മാതാവും മുസ്ലിംലീഗ് നേതൃത്വവും മുഖ്യമന്ത്രിയേയും ആഭ്യന്തര മന്ത്രിയേയും കണ്ട് ആവശ്യപ്പെട്ടിരുന്നു. കേസ് സിബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാവ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിന്റെ പശ്ചാത്തലത്തിലും കൂടുതല്‍ സാക്ഷികള്‍ കൂറുമാറാന്‍ സാധ്യതയുണ്ടെന്നും കേസിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നുളളതു കൊണ്ടുമാണ് കേസ് അന്വേഷണം സിബിഐക്കു വിടാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആദ്യഘട്ടത്തില്‍ കേസ് അന്വേഷിച്ച അന്നത്തെ വളപട്ടണം സിഐ: യു.പ്രേമന് സിപിഎം നേതൃത്വവുമായി ഒത്തുകളിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായും കുറ്റപത്രം തയ്യാറാക്കുന്നതില്‍ വേണ്ടത്ര ശ്രദ്ധചെലുത്തിയിരുന്നില്ലെന്നും ആരോപണം ഉണ്ടായിരുന്നു. തുടര്‍ന്ന് കേസ് കണ്ണൂര്‍ ഡിവൈഎസ്പി പി.സുകുമാരനായിരുന്നു അന്വേഷിച്ചിരുന്നത്. കേസില്‍ പി.ജയരാജനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഡിവൈഎസ്പിയുമായി സിപിഎം നേതൃത്വം പരസ്യമായി ഏറ്റുമുട്ടന്ന ഘട്ടം വരെയെത്തിയിരുന്നു.
ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന് വധക്കേസുമായി പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആദ്യ ഘട്ടത്തില്‍ പ്രഖ്യാപിച്ച സിപിഎം നേതൃത്വത്തിന് പാര്‍ട്ടിനേതാക്കള്‍ ഉള്‍പ്പെടെ ഒന്നൊന്നായി പിടിക്കപ്പെടുകയും കേസിലെ ഗൂഢാലോചന പുറത്തുവരികയും ചെയ്തതോടെ കടുത്ത പ്രതിരോധത്തിലായിരുന്നു. തലശ്ശേരിയിലെ ഫസല്‍ വധക്കേസ് ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാന്‍ നടത്തിയ ശ്രമം. കേസ് സിബിഐ അന്വേഷിച്ചതോടെ പൊളിയുകയായിരുന്നു. കേസില്‍ സിപിഎം ഏരിയാ നേതാക്കളായ കാരായി രാജനുള്പ്പെടെയുളള നേതാക്കള്‍ ജയിലില്‍ ആവുകയും ചെയ്തിരുന്നു.
മാത്രമല്ല ഫസലിനെ വധിച്ചത് തലശ്ശേരി മേഖലയില്‍ ആസൂത്രിതമായി വര്‍ഗ്ഗീയ കലാപം സൃഷ്ടിക്കാനുളള ശ്രമത്തിന്റെ ഭാഗമാണെന്ന് സിബിഐ കണ്ടെത്തുകയും ചെയ്തത് പാര്‍ട്ടിക്ക് ഏറെ നാണക്കേടുണ്ടാക്കിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: